ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ വീട്ടിൽ തയാറാക്കിയ നൂഡിൽസ് കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് ഏഴുവയസുകാരി മരിച്ചു. പീഹു കുമാവത് (ഏഴ്) ആണ് മരിച്ചത്.
കുട്ടിയുടെ മൂത്ത സഹോദരിയെ അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നവംബർ 19നാണ് സംഭവം. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പീഹുവും സഹോദരി ദിവ്യാൻഷിയും ചേർന്ന് നൂഡിൽസ് ഉണ്ടാക്കി കഴിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ഉറങ്ങിപ്പോയി. വൈകുന്നേരം മൂന്ന് മണിയോടെ അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുട്ടികളെ അവശനിലയിൽ കണ്ടെത്തിയത്. ദിവ്യാൻഷി ദേഹാസ്വാസ്ഥ്യത്തോടെ ഉണർന്നെങ്കിലും പീഹു അബോധാവസ്ഥയിൽ തന്നെ തുടരുകയായിരുന്നു.
ഉടൻതന്നെ വീട്ടുകാർ ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പീഹുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ചികിത്സയ്ക്ക് ശേഷം ദിവ്യാൻഷി വെള്ളിയാഴ്ച രാവിലെ ആശുപത്രി വിട്ടു.
പ്രാഥമിക അന്വേഷണത്തിൽ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.
കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത കർധനി പൊലിസ്, കുട്ടികൾ കഴിച്ച നൂഡിൽസിന്റെ സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മരിച്ച കുട്ടിയുടെ സഹോദരൻ ഗോവിന്ദ് അസുഖബാധിതനായി കഴിഞ്ഞ രണ്ട് മാസമായി ആശുപത്രിയിൽ ചികിത്സയിലാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി