ന്യൂഡൽഹി: ഇന്ധന വിതരണത്തിൽ പുതിയ മാനദണ്ഡത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകേണ്ടതില്ലെന്നാണ് പുതിയ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ തീരുമാനം. പദ്ധതിയുടെ ആദ്യഘട്ടം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും അഞ്ച് പമ്പുകളിൽ നടപ്പാക്കാനാണ് ആലോചന.
ഗതാഗത നിയമലംഘനം ആവർത്തിച്ചാൽ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കുന്നതിനും കേന്ദ്ര റോഡ് ഗതാഗത, പെട്രോളിയം മന്ത്രാലയങ്ങളുടെ തീരുമാനം. ഒക്ടോബർ നാലിന് സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശമനുസരിച്ചാണ് പുതിയ നീക്കം.
വാഹനങ്ങൾക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലെങ്കിൽ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ല. ഇതിനുള്ള പൈലറ്റ് പദ്ധതി രൂപീകരിക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റിയോടും റോഡ് ഗതാഗത മന്ത്രാലയത്തോടും സുപ്രീം കോടതി നിർദേശിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഇന്ധന പമ്പുകളിൽ ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗ്നീഷൻ കാമറകൾ സ്ഥാപിക്കും. ഈ കാമറുകളുമായി ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോയിലെയും വാഹൻ പോട്ടലിലെയും വിവരങ്ങൾ സംയോജിപ്പിക്കും. ആദ്യഘട്ടമെന്ന നിലയിൽ ഹരിയാനയിലെയും ഉത്തർപ്രദേശിലെയും അഞ്ച് പമ്പുകളിൽ വീതം പദ്ധതി നടപ്പാക്കും.