നാരായൺപുർ (ഛത്തീസ്ഗഡ്): ഛത്തീസ്ഗഡിൽ ഗ്രോട്ടോയ്ക്കു തീയിട്ടു. ജഗദൽപുർ രൂപതയുടെ കീഴിലുള്ള നാരായൺപുർ മിഷൻ സ്റ്റേഷനിലെ പരിശുദ്ധ കന്യക മറിയത്തിന്റെ ഗ്രോട്ടോയ്ക്കു നേരേയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ 24ന് രാത്രിയായിരുന്നു സംഭവം.
23ന് രാത്രിയിലെത്തിയ സംഘം തിരുസ്വരൂപം ചവിട്ടി നശിപ്പിക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ, ഫൈബർ നിർമിതമായ തിരുസ്വരൂപം എളുപ്പത്തിൽ തകർക്കാനാകില്ലെന്നു മനസിലാക്കിയ അക്രമികൾ 24ന് രാത്രി വീണ്ടുമെത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പ്രാദേശിക മിഷൻ സ്റ്റേഷൻ അധികൃതർ അറിയിച്ചു.
സംഭവത്തിൽ പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മിഷൻ സ്റ്റേഷൻ ചുമതലയുള്ള ഫാ. ജോമോൻ വ്യക്തമാക്കി.
2023 ജനുവരി രണ്ടിന് നാരായൺപുരിലെ സേക്രഡ് ഹാർട്ട് പള്ളിക്കും വൈദികമന്ദിരത്തിനും നേരേയുണ്ടായ വൻ ആക്രമണത്തിൽ ഇതേ ഗ്രോട്ടോയും തകർക്കപ്പെട്ടിരുന്നു. അന്നു മതപരിവർത്തനം ആരോപിച്ച് വിവിധ ഗോത്രവർഗ സംഘടനകൾ നടത്തിയ പ്രതിഷേധത്തിനൊടുവിലായിരുന്നു വടിയും ഇരുമ്പു ദണ്ഡുകളും കല്ലുകളുമായെത്തിയ ആൾക്കൂട്ടം പള്ളിക്കുള്ളിൽ അതിക്രമിച്ചു കയറി അൾത്താരയും തിരുസ്വരൂപങ്ങളും തകർത്തത്.
ഏകദേശം നാലു വർഷത്തിനുശേഷം അതേ ഗ്രോട്ടോ വീണ്ടും ലക്ഷ്യംവയ്ക്കപ്പെട്ടത് പ്രദേശത്തെ ക്രൈസ്തവസമൂഹത്തിൽ വലിയ ആശങ്കയ്ക്കും വേദനയ്ക്കും ഇടയാക്കിയിട്ടുണ്ട്. ആരാധനാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കുറ്റക്കാരെ ഉടൻ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും രൂപതാ അധികൃതർ ആവശ്യപ്പെട്ടു.