ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഡിസംബർ 16ന് ഒപ്പുവച്ചേക്കുമെന്ന് സൂചന. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ചർച്ചകൾക്കൊടുവിൽ ഈ വർഷം ജനുവരി 27നാണ് ഇരുപക്ഷവും ചർച്ചകൾ പൂർത്തിയാക്കിയത്.
ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസൽസ് സന്ദർശിക്കുന്ന വേളയിൽ കരാറിൽ ഒപ്പുവയ്ക്കുമെന്നും അടുത്ത വർഷം പ്രാബല്യത്തിൽ വരുമെന്നും ഇന്ത്യയിലെ ഇയു അംബാസഡർ ജീൻ എറിക് പാക്വെറ്റ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
കരാർ ഒപ്പുവയ്ക്കുന്നതിനും അന്തിമ അനുമതി നൽകുന്നതിനുമുള്ള നിർദേശങ്ങൾ, അന്തിമ നിയമരേഖകൾ, തീരുവ പട്ടിക എന്നിവ യൂറോപ്യൻ കമ്മിഷൻ ഇതിനകം യൂറോപ്യൻ യൂണിയൻ കൗൺസിലിനു സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്നുള്ള 93 ശതമാനം കയറ്റുമതി ഉത്പന്നങ്ങൾക്കും യൂറോപ്യൻ യൂണിയൻ വിപണിയിൽ നികുതിരഹിത പ്രവേശനം ലഭിക്കും.