ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള പോസ്റ്റുകൾക്ക് അധികം റീച്ചും എൻഗേജ്മെന്റും ലഭിക്കുന്ന രീതിയിലാണ് മെറ്റയുടെ ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നതെന്ന് സിജെപി നേതാവ് അഭിജിത് ദീപ്കെ.
ബി.ആർ. അംബേദ്കറുടെ ചിത്രമുള്ള പോസ്റ്റിനേക്കാൾ വേഗത്തിൽ മോദിയുടെ ചിത്രമുള്ള പോസ്റ്റുകൾക്ക് കാഴ്ചക്കാരെ ലഭിക്കുന്നുവെന്ന് ദീപ്കെ ആരോപിച്ചു. പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ഉൾപ്പെടുന്ന പോസ്റ്റുകൾക്ക് കൂടുതൽ റീച്ച് ലഭിക്കുമ്പോൾ ഭരണഘടനയെയും അംബേദ്കറെയും കുറിച്ചുള്ള പോസ്റ്റുകളുടെ റീച്ച് മെറ്റ കുറയ്ക്കുകയാണെന്നും സിജെപി നേതാവ് പറഞ്ഞു.
തന്റെ പരീക്ഷണത്തിലൂടെ ഇക്കാര്യം കണ്ടെത്തിയതായും അഭിജിത് വ്യക്തമാക്കി. നവംബർ 26ന് നാഗ്പുരിൽ സംഘടിപ്പിക്കുന്ന ഭരണഘടനാ ദിന പരിപാടിയുടെ പ്രചാരണാർഥം പങ്കുവെച്ച പോസ്റ്റിന് രണ്ടു മണിക്കൂർ കൊണ്ട് ലഭിച്ച റീച്ച്, മോദിയുടെ ചിത്രം ഉൾപ്പെടുത്തി പങ്കുവെച്ച പോസ്റ്റിന് വെറും 20 മിനിറ്റിനുള്ളിൽ ലഭിച്ചതായി എക്സിൽ പങ്കുവെച്ച വീഡിയോയിൽ ദീപ്കെ കൂട്ടിച്ചേർത്തു.