ചെന്നൈ: പെരമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളണമെന്ന മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ ആവശ്യം മദ്രാസ് ഹൈക്കോടതി നിരസിച്ചു. പെരമ്പൂരിലെ വോട്ടറായ എസ്. ദിനേശ് നൽകിയ ഹർജിയിൽ വിചാരണയ്ക്ക് അർഹമായ കാരണങ്ങളുണ്ടെന്നും ഹർജി നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. വിജയ്ക്കെതിരെ ഹർജിയിൽ ഉന്നയിച്ച ആരോപണങ്ങൾ വിചാരണയിലൂടെ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്നും ചില വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയെന്നുമാണ് ദിനേശിന്റെ പ്രധാന ആരോപണം. 2026 ജനുവരിയിൽ പൻരുട്ടിയിൽ 30 കോടി രൂപയ്ക്ക് മൂന്ന് ഏക്കർ ഭൂമി വാങ്ങിയതും തൊട്ടടുത്ത മാസം പാടിയിലെ വാണിജ്യ വസ്തു 35 കോടി രൂപയ്ക്ക് വിറ്റതും വിജയ് സത്യവാംഗ്മൂലത്തിൽ വെളിപ്പെടുത്തിയില്ലെന്നാണ് ഹർജിയിലെ ആരോപണം.
കൊടൈക്കനാലിൽ കാർഷിക ഭൂമിയായി വിജയ് രേഖപ്പെടുത്തിയ 50 സെന്റ് സ്ഥലം റവന്യൂ രേഖകളിൽ സർക്കാർ ഭൂമിയായാണ് തരംതിരിച്ചിരിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചത് വോട്ടർമാർക്ക് അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്നതാണെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച വിജയ് കേസ് നിലനിൽക്കുന്നതിനാവശ്യമായ വസ്തുതകൾ ഹർജിയിലില്ലെന്ന് ചൂണ്ടിക്കാട്ടി.
2026 ഏപ്രിലിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പെരമ്പൂരിൽ നിന്ന് 1,20,365 വോട്ടുകൾ നേടിയാണ് വിജയ് വിജയിച്ചത്. തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നിന്നും വിജയിച്ചിരുന്ന വിജയ് പെരമ്പൂർ നിലനിർത്തുന്നതിനായി ആ മണ്ഡലം ഒഴിയുകയായിരുന്നു.