മധുര: തിരുപ്പറങ്കുൻട്രം മലമുകളിലെ 'ദീപത്തൂണിൽ' കാർത്തിക ദീപം തെളിയിക്കാൻ ടിവികെ സർക്കാരിനോട് ആവശ്യപ്പെട്ട സുപ്രീംകോടതി വിധിക്ക് പിന്നാലെ സിആർപിഎഫ് സേനാംഗങ്ങൾ രാത്രിയോടെ മധുരയിലെത്തി. മുൻ ഉത്തരവ് "മനഃപൂർവ്വം ലംഘിച്ചതിന്" തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷവിമർശനമുയർത്തിയ സുപ്രീംകോടതി വെള്ളിയാഴ്ച കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു.
സുപ്രീംകോടതിയുടെ കർശന ഉത്തരവിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉന്നതതല അവലോകന യോഗം വിളിച്ചുചേർത്തു. കോടതി ഉത്തരവിന്മേലുള്ള സംസ്ഥാന സർക്കാരിന്റെ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു യോഗം.
വിഷയത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ സമീപിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതായി അഭ്യൂഹങ്ങളുണ്ടെങ്കിലും സർക്കാർ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. ഉന്നതതല യോഗത്തിലെ തീരുമാനങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ഉദ്യോഗസ്ഥരും വിസമ്മതിച്ചു.
സുപ്രീംകോടതി വിധിയെ ബിജെപിയും വിവിധ ഹിന്ദു സംഘടനകളും സ്വാഗതം ചെയ്തു. വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഹിന്ദു മുന്നണി പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ചു. കോടതി അനുമതി നൽകിയ സാഹചര്യത്തിൽ ഭക്തരും വിവിധ സംഘടനാ പ്രവർത്തകരും ഇന്ന് മലമുകളിൽ ദീപം തെളിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.