കൊച്ചി: കൊച്ചിയിൽ സിനഗോഗിന് സമീപം തീയിട്ട കേസിലെ പ്രതി എബിൻ പോളിനെ അഞ്ച് ദിവസത്തേക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ തീവ്രവാദ ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് എൻഐഎ ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്.
കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനും സാമ്പത്തിക സഹായത്തിന്റെ ഉറവിടങ്ങൾ കണ്ടെത്തുന്നതിനും പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് എൻഐഎ കോടതിയെ അറിയിച്ചു.
പ്രതി ലക്ഷ്യമിട്ടിരുന്ന മറ്റ് സ്ഥലങ്ങൾ തിരിച്ചറിയുന്നതിനും, കുറ്റകൃത്യത്തിനായി ഉപയോഗിച്ച വസ്തുക്കൾ വീണ്ടെടുക്കുന്നതിനും, ഡിജിറ്റൽ തെളിവുകളും എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയങ്ങളും പരിശോധിക്കുന്നതിനും കസ്റ്റഡിയിലൂടെ സാധിക്കുമെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കി.
പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന വ്യക്തമായ തെളിവുകൾ നേരത്തെ തന്നെ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എബിൻ പോളിനെതിരെ യുഎപിഎ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.