ബംഗളൂരു: ബംഗളൂരു ദേവനഗോന്തിയിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ സംഭരണകേന്ദ്രത്തിൽ എത്തിച്ച ഇന്ധനത്തിൽ എഥനോളിന്റെ അളവ് സംബന്ധിച്ച് ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇന്ത്യൻ ഓയിൽ കോർപറേഷന് കർണാടക സർക്കാർ കാരണംകാണിക്കൽ നോട്ടീസ് അയച്ചു.
സംസ്ഥാന ലീഗൽ മെട്രോളജി നടത്തിയ പരിശോധനയിലാണ് പെട്രോൾ-എഥനോൾ അനുപാതത്തിൽ വ്യത്യാസം കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ച സംഭരണകേന്ദ്രത്തിലെത്തിച്ച 3,000 ലിറ്റർ ഇന്ധനം പരിശോധിച്ചപ്പോൾ 14 ലിറ്റർ അധികം എഥനോളാണ് കണ്ടെത്തിയത്. പെട്രോളിന്റെ അളവിൽ ആറ് ലിറ്റർവരെ കുറവും കണ്ടെത്തി.
നിർദിഷ്ട ഇ 20 പരിധി മറികടന്ന് എഥനോൾ ചേർക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് പരിശോധന നടത്തിയതെന്ന് ലീഗൽ മെട്രോളജി മന്ത്രി റിസ്വാൻ അർഷാദ് പറഞ്ഞു.