ന്യൂഡൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർത്തിരിക്കുന്നത് മണ്ഡല പുനർനിർണയ ബില്ലുകൾ വീണ്ടും അവതരിപ്പിക്കാനാണെന്നാണു സൂചന. അങ്ങനെയെങ്കിൽ ഭരണഘടനാഭേദഗതി സർക്കാർ ഭൂരിപക്ഷത്തിന്റെ കടന്പ കടക്കേണ്ടതുണ്ട്. നിലവിലെ കണക്കുകൾപ്രകാരം അതത്ര എളുപ്പമല്ല.
വനിതാ സംവരണത്തിന്റെ പേരിൽ ലോക്സഭയിലെ അംഗസംഖ്യ 850 ആയി ഉയർത്താനുള്ള നീക്കം കഴിഞ്ഞ തവണ പാസാക്കാൻ 54 പേരുടെ അധിക പിന്തുണ സർക്കാരിന് ആവശ്യമായിരുന്നു. ഭരണഘടനാഭേദഗതിയായതിനാൽ സഭയിൽ വോട്ട് ചെയ്യുന്ന അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ ബിൽ പാസാകൂ.
നിലവിലെ 539 ലോക്സഭാംഗങ്ങളും വോട്ട് ചെയ്താൽ 360 പേരുടെ പിന്തുണയാണ് സർക്കാരിനു വേണ്ടത്. സ്പീക്കറെ മാറ്റിനിർത്തിയാൽ എൻഡിഎയ്ക്ക് 321 അംഗങ്ങളുടെ പിന്തുണയാണുള്ളത്. അതിനാൽ 39 പേരുടെ അധിക പിന്തുണ കൂടി ലഭിക്കണം.
തൃണമൂൽ കോൺഗ്രസിൽനിന്ന് എത്തിയ 20 പേരും ഉദ്ധവ് താക്കറെയുടെ ശിവസേന വിട്ടെത്തിയ ആറുപേരും എൻഡിഎയുടെ അംഗബലത്തിൽ ഉൾപ്പെടുന്നു. പ്രതിപക്ഷത്തുനിന്ന് കൂടുതൽ അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാതെ ഭരണഘടനാഭേദഗതി പാസാക്കുക സർക്കാരിന് എളുപ്പമാകില്ല.
ഇന്ത്യ സഖ്യം വിട്ട ഡിഎംകെയുടെ 22 അംഗങ്ങൾ പിന്തുണച്ചാലും സർക്കാരിന് 17 പേരുടെ കൂടി പിന്തുണ ആവശ്യമായി വരും. എന്നാൽ ഇക്കാര്യത്തിൽ ഡിഎംകെ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആവശ്യമായ പിന്തുണ മറ്റു കക്ഷികളിൽനിന്ന് എങ്ങനെ ഉറപ്പാക്കുമെന്നതാണ് ഇനി അറിയേണ്ടത്.
ഭരണപക്ഷത്തേക്കു ചേക്കേറിയ എംപിമാരെയും സഖ്യത്തിനു പുറത്തുള്ളവരെയും മാറ്റിനിർത്തിയാൽ 183 പേരുടെ പിന്തുണ പ്രതിപക്ഷത്തിനുണ്ട്. ഈ പിന്തുണയിൽ ചോർച്ചയുണ്ടാകാതെ ഉറപ്പാക്കാനായാൽ ബിൽ വീണ്ടും പരാജയപ്പെടുത്താൻ പ്രതിപക്ഷത്തിനു കഴിയും. 180 പേരുടെ പിന്തുണ ഉറപ്പിച്ചാൽപ്പോലും സർക്കാരിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനാകില്ല. അതേസമയം, സഖ്യത്തിനു പുറത്തുള്ള ഡിഎംകെ ഉൾപ്പടെയുള്ള കക്ഷികൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുന്നത് സർക്കാരിന് അനുകൂലമാകാം.
രാജ്യസഭയിലും സർക്കാരിനു സമാനമായ വെല്ലുവിളിയുണ്ട്. അവിടെ എൻഡിഎയ്ക്ക് 155 അംഗങ്ങളുടെ പിന്തുണയാണുള്ളത്. മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 164 എത്താൻ പുറത്തുനിന്ന് ഒമ്പത് അംഗങ്ങളുടെ കൂടി പിന്തുണ വേണം.
അതിനാൽ പ്രത്യേക സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബില്ലുകൾ വീണ്ടും അവതരിപ്പിച്ചാൽ സർക്കാരിനും പ്രതിപക്ഷത്തിനും മുന്നിലുള്ള പ്രധാന വെല്ലുവിളി അംഗങ്ങളുടെ പിന്തുണ ഉറപ്പിക്കലായിരിക്കും. ബില്ലിലെ നിർദേശങ്ങളിൽ വരുത്തുന്ന മാറ്റങ്ങളും പ്രാദേശിക പാർട്ടികളുടെ നിലപാടുകളും നിർണായകമാകുന്ന രാഷ്ട്രീയ പോരാട്ടത്തിനാണു പാർലമെന്റ് വേദിയാകുന്നത്.