കുടക്: കേരളത്തെയും മലയാളികളെയും അവഹേളിക്കുന്ന പ്രസ്താവനയുമായി ബിജെപി നേതാവും മുൻ മൈസൂരു എംപിയുമായ പ്രതാപ് സിംഹ. മലയാളികൾ കർണാടകത്തിലേക്ക് കടന്നുകയറി പ്രാദേശിക സംസ്കാരം തകർക്കുകയാണെന്നും ഗുണ്ടൽപേട്ടിന്റെ പകുതി ഭാഗവും കൈവശപ്പെടുത്തിയെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
കുടകിൽ സംഘടിപ്പിച്ച ഒരു ഹോക്കി ചാമ്പ്യൻഷിപ്പ് വേദിയിൽ സംസാരിക്കുമ്പോഴായിരുന്നു മുൻ എംപിയുടെ വിവാദ പരാമർശം. കേരളത്തിൽ തെങ്ങും കായലും മാത്രമേയുള്ളൂവെന്ന് പരിഹസിച്ച പ്രതാപ് സിംഹ, മലയാളികൾക്ക് ബുദ്ധിയുണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും അന്യനാട്ടിലെത്തുമ്പോൾ അത് കാണാറില്ലെന്നും കുറ്റപ്പെടുത്തി. കുടകിൽ മലയാളികളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ശക്തമായ എതിർപ്പുകളാണ് ഉയരുന്നത്.
അതേസമയം പ്രതാപ് സിംഹയുടെ പരാമർശത്തിനെതിരെ കുടകിലെ മലയാളി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. വാക്കുകൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം കുടകിൽ പ്രതിഷേധ റാലി നടത്തി ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിക്കുമെന്നും മലയാളി കൂട്ടായ്മകൾ മുന്നറിയിപ്പ് നൽകി.
വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളോട് ചേർന്നുകിടക്കുന്ന കുടകിലും ഗുണ്ടൽപേട്ടിലും തലമുറകളായി ഒട്ടേറെ മലയാളികൾ താമസിക്കുന്നുണ്ട്. മലയാളികളുടെ ഉടമസ്ഥതയിലുള്ള നിരവധി കൃഷിയിടങ്ങളും കച്ചവട സ്ഥാപനങ്ങളും ഈ മേഖലയിലുണ്ട്. തദ്ദേശീയരുടെ അവസരങ്ങൾ മലയാളികൾ കവരുകയാണെന്ന തരത്തിലുള്ള ആരോപണങ്ങൾ കർണാടകയിൽ മുൻപും പലപ്പോഴായി ഉയർന്നുവന്നിട്ടുള്ളതാണ്.