ന്യൂഡൽഹി: മണ്ഡല പുനർനിർണയ വിഷയത്തിൽ നാല് പ്രധാന ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കുന്ന നിലപാടാണു കോൺഗ്രസിന്റേതെന്നു എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്. നിലവിലുള്ള 543 ലോക്സഭാസീറ്റുകൾ അതേപടി നിലനിർത്തുക, സംസ്ഥാനങ്ങളിൽ നിലവിലുള്ള സീറ്റുനില തുടരുക, 33 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുക, ഈ മൂന്നു വ്യവസ്ഥകളിലും 25 വർഷത്തേക്കു മാറ്റങ്ങളൊന്നും വരുത്താൻ പാടില്ലെന്ന് നിഷ്കർഷിക്കുക എന്നീ ആവശ്യങ്ങളാണ് പാർട്ടിക്കുള്ളതെന്നും ജയ്റാം രമേശ് പറഞ്ഞു.
മണ്ഡലപുനർനിർണയ ബിൽ പാസാക്കാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഉടനുണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്. ലോക്സഭാ സീറ്റുകൾ എങ്ങനെ പുനർവിഭജിക്കണമെന്നതു സംബന്ധിച്ച് കേന്ദ്രസർക്കാർ ഇതുവരെ പ്രതിപക്ഷവുമായി ചർച്ച നടത്തിയിട്ടില്ലെന്ന് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. എൻഡിഎയിലെ സഖ്യകക്ഷികൾക്കു മുന്നിൽപ്പോലും ബിജെപി ഇതുവരെ വ്യക്തമായ നിർദേശങ്ങൾ വച്ചിട്ടില്ലെന്നാണു തന്റെ അറിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.