ഭോപ്പാൽ: നഴ്സിംഗ് രജിസ്ട്രേഷൻ കൗൺസിലിന്റെ ഓൺലൈൻ സംവിധാനത്തിലെ ഗുരുതരമായ സുരക്ഷാ വീഴ്ച പുറത്തുകൊണ്ടുവന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. 'കഴുത'യുടെ പേരിൽ വ്യാജ നഴ്സിംഗ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിച്ച സംഭവത്തിലാണ് ഭോപ്പാലിലെ ടി.ടി. നഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
‘ഡോങ്കി എം.പി.എൻ.ആർ.സി’ എന്ന പേരിലാണ് കൗൺസിലിന്റെ പോർട്ടലിൽ നിന്നും ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിച്ചത്. അപേക്ഷകന്റെ പേര് ‘ഡോങ്കി എം.പി.എൻ.ആർ.സി’ എന്നും പിതാവിന്റെ പേര് ‘ഡോങ്കി ഫാദർ’, മാതാവിന്റെ പേര് ‘ഡോങ്കി മദർ’ എന്നുമാണ് നൽകിയിരുന്നത്. ജാതിയുടെ സ്ഥാനത്ത് ‘മൃഗം’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. യാതൊരുവിധ പ്രാഥമിക പരിശോധനകളും കൂടാതെ പോർട്ടൽ ഈ അപേക്ഷ സ്വീകരിക്കുകയും, 2,050 രൂപ ഫീസ് ഈടാക്കിയ ശേഷം ഔദ്യോഗിക ഡിജിറ്റൽ സർട്ടിഫിക്കറ്റ് അനുവദിക്കുകയുമായിരുന്നു.
സംഭവത്തിൽ പരാതിക്കാരനായ എൻ.എസ്.യു.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് രവി പർമറിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനത്തിലെ സുരക്ഷാ വീഴ്ചകളും കെടുകാര്യസ്ഥതയും തെളിയിക്കുന്നതിനായാണ് ഇത്തരമൊരു പരീക്ഷണം നടത്തിയതെന്ന് പർമർ വ്യക്തമാക്കി. വ്യാജരേഖ ചമയ്ക്കുക എന്ന ലക്ഷ്യത്തോടെയല്ല, മറിച്ച് സംവിധാനത്തിലെ ഗുരുതരമായ പിഴവുകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഇത് ചെയ്തതെന്നും, ഒക്ടോബർ ഒന്നിന് തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.