ഇന്നു ഭരണഘടനാദിനം. ഇടുക്കി കോവിലൂരിലെ ദളിതർക്ക് പൊതു ജലസ്രോതസിലിറങ്ങാനും വസ്ത്രങ്ങൾ അലക്കാനും അപ്രഖ്യാപിത വിലക്ക്. വട്ടവടയിലെ എസ്സി കോളനി (ഇപ്പോൾ ഉന്നതി)കളിൽ പഞ്ചായത്ത് ഓഫീസിന്റെ വിളിപ്പാടകലെയുള്ളതിലാണ് വെള്ളത്തിലും അയിത്തം കലക്കിയ ജാതിവിവേചനം.
ഉന്നതിയുടെ ഏകദേശം 500 മീറ്റർ മുകളിലായി ചെറിയൊരു തടയണയും അതിലേക്കു വെള്ളമൊഴുക്കുന്ന നാലു പൈപ്പുകളുമുണ്ട്. പക്ഷേ, പകൽ ഒരുതുള്ളി പൈപ്പുവെള്ളത്തിനുപോലും നിവൃത്തിയില്ലാത്ത ചക്ലിയ സമുദായത്തിൽപെട്ടവർ അവിടെ അലക്കാനെത്തിയാൽ ഉന്നതജാതിക്കാരെന്നു സ്വയം കരുതുന്നവർ സമ്മതിക്കില്ല. വീട്ടിൽ വെള്ളമില്ല, നാട്ടിൽ ഊരുവിലക്കും.
സർക്കാർ ഇടപെട്ടില്ലെങ്കിൽ അനീതിയുടെയും അസമത്വത്തിന്റെയും വിഴുപ്പുഭാണ്ഡങ്ങൾ ചുമക്കാൻ വിധിക്കപ്പെട്ട ദളിതരുടെ പീഡാനുഭവയാത്രയ്ക്കു സമാന്തരമായി ഈ ഭരണഘടനാദിനവും കടന്നുപോകും. ഇന്നാണ് സമയം.മൂന്നാറിൽനിന്ന് വട്ടവടയിലേക്ക് 44 കിലോമീറ്റർ. അവിടെനിന്നു രണ്ടു കിലോമീറ്റർ പോയാൽ ഗ്രാമപഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന കോവിലൂരിലെത്താം. അതായത്, ദളിതരുടെ മുടി വെട്ടാൻ ബാർബർഷോപ്പിൽ പ്രവേശനമില്ലാതിരുന്നതിനാൽ പ്രത്യേകം കട തുറക്കേണ്ടിവന്ന കോവിലൂർ. ബസ്-ജീപ്പ്-ഓട്ടോറിക്ഷ സ്റ്റാൻഡിൽനിന്ന് കഷ്ടിച്ച് അര കിലോമീറ്റർ പോലുമില്ല എസ്സി കോളനികളിൽ ഏറ്റവും അടുത്തുള്ളതിലേക്ക്.
ജീർണിച്ചതും ഇടുങ്ങിയതുമായ ഒറ്റയടിപ്പാത. കന്നുകാലിത്തൊഴുത്തിന്റെ വലുപ്പം പോലുമില്ലാത്ത ഒറ്റമുറി വീടുകളുടെ നിര, നൂറ്റാണ്ടു പഴക്കത്താൽ ഉപേക്ഷിക്കപ്പെട്ടൊരു തീവണ്ടിപോലെയുണ്ട്. വീട്ടുസാമാനങ്ങളെല്ലാം ആകെയുള്ള മുറിയിൽ ഒന്നിനു മുകളിൽ ഒന്നായി അട്ടിയിട്ടിരിക്കുന്നു. അതിന്റെ ചാരത്ത് അടുപ്പ്. മിക്ക വീടുകളിലും ഒരു കട്ടിലേയുള്ളൂ. അതുതന്നെയാണ് ഭക്ഷണമേശ. അതുതന്നെയാണ് ഇരിപ്പിടം. അതുതന്നെ കുഞ്ഞുങ്ങളുടെ പഠനമേശ. ചില കലങ്ങളിൽ ചോറുണ്ട്. ചിലതിൽ രാവിലത്തെ ഉപ്പുമാവ് ഉച്ചയ്ക്കത്തേക്ക് സൂക്ഷിച്ചുവച്ചിരിക്കുന്നു. മിക്കയിടത്തും വിറകടുപ്പ്. ഒരു തീപ്പൊരി വീണാൽ ഒരു മണിക്കൂർ പോലും വേണ്ടിവരില്ല, ഒരു മഹാദുരന്തത്തിന്. സമത്വപ്രസംഗങ്ങളുടെ ഈ പുറന്പോക്കിൽ പുഴുക്കളെപ്പോലെ ജീവിക്കുന്നതു കൂടാതെയാണ് ചക്ലിയർക്ക് വെള്ളംപോലും നിഷേധിക്കുന്നത്.
ഉന്നതിയിലെ പൈപ്പുകളിൽ വൈകുന്നേരം അഞ്ചിനും രാത്രി പത്തിനുമിടയിൽ കുറച്ചുനേരം വെള്ളമെത്തും. കുടിക്കാനും അലക്കാനും കുളിക്കാനുമെല്ലാം അതേയുള്ളൂ. പരിമിതമായ പാത്രങ്ങളിൽ ശേഖരിച്ചുവയ്ക്കുന്ന വെള്ളമാണ് അടുത്ത സായാഹ്നം വരെ ആശ്രയം. പൈപ്പിൽ വെള്ളമെത്തുന്ന നേരത്ത് അലക്കാൻ പോയാൽ അത്താഴം പാചകം ചെയ്യുന്നതും പണി കഴിഞ്ഞെത്തുന്നവരുടെ കുളിയും ഉൾപ്പടെയുള്ള കാര്യങ്ങൾ മുടങ്ങും. ഇതു പരിഹരിക്കാനാണ് കയറ്റം കയറി പൊതു ജലസ്രോതസിൽ ചക്ലിയ സ്ത്രീകൾ പകൽ അലക്കാൻ പോയത്. അതിനോടു ചേർന്നുള്ള വാട്ടർ ടാങ്കിൽ ഇങ്ങനെ കുറിച്ചിട്ടുണ്ട്. ‘ദേവികുളം ബ്ലോക്, രാജീവ്ഗാന്ധി നാഷണൽ ഡ്രിങ്കിംഗ് വാട്ടർ മിഷൻ ഇൻ കോവിലൂർ ഏരിയ.’ പക്ഷേ, അവിടെ ഉണ്ടായിരുന്നവർ ഇതു നിങ്ങളെപ്പോലെയുള്ളവർക്ക് അലക്കാനുള്ള സ്ഥലമല്ലെന്നു പറഞ്ഞു. അപമാനിതരായി മടങ്ങിപ്പോന്നവർ പിന്നീടൊരിക്കലും അവിടേക്കു പോയിട്ടില്ല.
തീപ്പെട്ടിവീടുകൾക്കു പുറത്തെ ഇടുങ്ങിയ പാതയിൽ നിന്ന് ഒരു സ്ത്രീ തലേന്നത്തെ വെള്ളത്തിൽനിന്നു കുറച്ചെടുത്ത് അത്യാവശ്യത്തിനുള്ള ഒരു തുണി അലക്കുകയാണ്. ആവശ്യത്തിനില്ലാത്തതുകൊണ്ട്, ഊരിപ്പിഴിഞ്ഞശേഷം മറിച്ച വെള്ളം അഴുക്കുചാലുപോലെ ഒഴുകി. പുരുഷന്മാർ ഏതാണ്ടെല്ലാവരും പണിക്കു പോയിരിക്കുന്നു. ആദ്യം കാര്യങ്ങൾ തുറന്നു പറയാൻ മടിച്ചിരുന്ന ഏതാനും സ്ത്രീകൾ ഒരു മണിക്കൂറിനുശേഷം ഇങ്ങനെ പറഞ്ഞു:
“സാറേ, ഞങ്ങൾക്ക് ഒരു തുല്യതയും വേണ്ട. ഉയർന്ന ജാതിക്കാരുടെ കുളത്തിലെയോ പൈപ്പിലെയോ വെള്ളവും വേണ്ട. പകലും വെള്ളം ലഭിക്കാൻ എന്തെങ്കിലുമൊരു സൗകര്യം ഒരുക്കാൻ ആരോടെങ്കിലും ഒന്നു പറയുമോ? അതു മതി. വലിയ ജാതിക്കാരെ അമ്മാ, മുതലാളി എന്നല്ലാതെ അണ്ണാ, ചേച്ചി, തങ്കച്ചി എന്നുപോലും വിളിക്കാൻ അവകാശമില്ലാത്തിടത്ത് ഒന്നിച്ച് അലക്കുന്നതും കുളിക്കുന്നതുമൊന്നും നടക്കില്ല. ഇവിടത്തെ ജനപ്രതിനിധികൾക്കൊന്നും അറിയാത്തതല്ലല്ലോ ഈ വക തൊട്ടുകൂടായ്മകൾ.’’
സർ, ഈ മനുഷ്യർക്ക് എന്താണ് ആദ്യം ചെയ്തുകൊടുക്കേണ്ടത്? പൊതു ജലസ്രോതസിൽ അലക്കാൻ അനുവദിച്ച് കേരളത്തിലെ അയിത്തത്തിന്റെ കോവിലൂർ പാപം കഴുകണോ? അതോ, നാം ഔന്നത്യമില്ലാതാക്കിയ അവരുടെ ഉന്നതിയിൽ എപ്പോഴും വെള്ളം ലഭിക്കുന്ന കുറച്ചു പൈപ്പുകൾ സ്ഥാപിക്കണോ? അതേ, ഡൽഹി-തിരുവനന്തപുരം നിർമിതമെന്നു പറയാവുന്ന രണ്ടു തോക്കുകളാണ് ദരിദ്ര ദളിതരുടെ ശിരസിനു നേർക്കു ചൂണ്ടിയിരിക്കുന്നത്. ഒന്നിൽ അയിത്തത്തിന്റെയും മറ്റൊന്നിൽ ദാരിദ്ര്യത്തിന്റെയും വെടിമരുന്ന് നിറച്ചിരിക്കുന്നു. ഏതാണ് ആദ്യം നിർവീര്യമാക്കേണ്ടത് എന്നത് സർക്കാരിന്റെ നിശ്ചയമാണ്.
ഇന്നു ഭരണഘടനാദിനമാണെന്നത് ചക്ലിയർ അറിയണമെന്നില്ല. പക്ഷേ, ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്തവർക്ക് അറിയാമല്ലോ, അയിത്താചരണം ശിക്ഷാർഹമാക്കിയ വകുപ്പ് 17നെക്കുറിച്ച്.
(മടങ്ങുംമുന്പ് ഒരു യുവതി അവളുടെ വീട്ടിൽ കയറാൻ സമ്മതിച്ചു. എലികളും ക്ഷുദ്രജീവികളും തങ്ങളുടേതെന്നു കരുതുന്ന ആ ഗുഹയിൽ അവളും മക്കളും നേരം വെളുപ്പിക്കുന്നതിന്റെ കഥ, ഒരൊറ്റ ഉത്തരവിലൂടെ അതിദാരിദ്ര്യത്തിന്റെ പാതാളത്തിൽനിന്നു തെരഞ്ഞെടുപ്പുതലേന്നു കേരളത്തെ വലിച്ചു പുറത്തിട്ടവരും കേൾക്കേണ്ടതാണ്... നാളെ.)