മുംബൈ: ഉണങ്ങാത്ത മുറിവുകളെ അതിജീവിച്ച് ബേബി മോഷെ ഇവിടെയുണ്ട്; പിതാവിന്റെ പാത പിന്തുടർന്ന് പുതിയ ലക്ഷ്യങ്ങളുമായി.
2008ലെ മുംബൈ ഭീകരാക്രമണത്തിൽ മാതാപിതാക്കളെ നഷ്ടപ്പെടുകയും ആക്രമണത്തെ അദ്ഭുതകരമായി അതിജീവിക്കുകയും ചെയ്ത ബേബി മോഷെ എന്ന ഇസ്രേലി ബാലൻ മോഷെ ഹോൾട്ട്സ്ബെർഗാണ് പിതാവിന്റെ പാത പിന്തുടർന്ന് റബ്ബിയാകാനുള്ള പഠനം നടത്തുന്നത്. നിലവിൽ ന്യൂയോർക്കിലാണ് മോഷെ മതപഠനം നടത്തുന്നത്.
2008 നവംബർ 26ന് പാക്കിസ്ഥാൻ ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബ ആക്രമണം നടത്തിയ മുംബൈയിലെ ജൂതസമൂഹത്തിന്റെ താവളമായ നരിമാൻ ഹൗസിന്റെ നിലവിലെ ചുമതലക്കാരനായ റബ്ബി ഇസ്രയേൽ കോസ്ലോവ്സ്കിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാഴ്ച മുമ്പ് ന്യൂയോർക്കിൽ നടന്ന റബ്ബിമാരുടെ സമ്മേളനത്തിൽവച്ച് താൻ മോഷെയെ കണ്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജൂതമതത്തിലെ ആത്മീയനേതാവും മതാധ്യാപകനും നിയമപണ്ഡിതനുമാണ് റബ്ബി.
ഭീകരാക്രമണത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട്, രണ്ടു വയസുകാരൻ ബേബി മോഷെയുടെ ദൃശ്യങ്ങൾ അന്ന് ലോകമെമ്പാടുമുള്ളവരെ അഗാധ ദുഃഖത്തിലാഴ്ത്തിയിരുന്നു. ഇന്ന് 20 വയസുള്ള യുവാവായാണ് മോഷെ ചിത്രത്തിലുള്ളത്. മോഷെ ഇന്ത്യയിലേക്കു തിരികെ വരുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും കോസ്ലോവ്സ്കി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
2008 നവംബർ 26ന് ലഷ്കർ ഇ തൊയ്ബ ഭീകരർ നടത്തിയ ആക്രമണത്തിലാണ് മോഷെയുടെ മാതാപിതാക്കളായ റബ്ബി ഗവ്രിയേൽ ഹോൾട്ട്സ്ബെർഗും റിവ്ക ഹോൾട്ട്സ്ബെർഗും കൊല്ലപ്പെട്ടത്. മോഷെയുടെ ആയയായിരുന്ന സാന്ദ്ര സാമുവലാണ് ആക്രമണം നടന്ന കെട്ടിടത്തിൽനിന്നു കുട്ടിയെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്.
പിന്നീട് മുത്തശ്ശനൊപ്പം ഇസ്രയേലിലേക്കു പോയ മോഷെ, 2018ൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പമാണ് അവസാനമായി നരിമാൻ ഹൗസ് സന്ദർശിച്ചത്.
2008 നവംബർ വരെ ഇന്ത്യയിലെയും വിദേശത്തെയും ജൂതസമൂഹത്തിന്റെ പ്രധാന കേന്ദ്രമായാണ് നരിമാൻ ഹൗസ് പ്രവർത്തിച്ചിരുന്നത്. നിലവിൽ ഇവിടെ നവീകരണ പ്രവൃത്തികൾ നടന്നുവരികയാണ്.