ന്യൂഡൽഹി: ഡ്യൂട്ടിസമയത്തു സമൂഹമാധ്യമ റീലുകളും മറ്റും ചിത്രീകരിക്കുന്നത് ട്രെയിൻ സുരക്ഷയെ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പുമായി നോർത്ത് സെൻട്രൽ റെയിൽവേ (എൻസിആർ). ജോലിക്കിടെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതു ജീവനക്കാരുടെ ശ്രദ്ധ തിരിക്കാനും റെയിൽവേയുടെ സുരക്ഷാസംവിധാനങ്ങളെ ബാധിക്കാനും ഇടയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സുരക്ഷാനിർദേശങ്ങൾ ലംഘിക്കുന്ന ജീവനക്കാർക്കെതിരേ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ചില റെയിൽവേ ജീവനക്കാർ ഡ്യൂട്ടിക്കിടെ റീലുകൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു നടപടി. ഇത്തരം പോസ്റ്റുകളിലൂടെ ജീവനക്കാർ പണം സമ്പാദിക്കുന്നത് അനധികൃത വാണിജ്യ പ്രവർത്തനത്തിനോ പാർശ്വ ബിസിനസിനോ തുല്യമാണെന്നും 1966ലെ റെയിൽവേ സർവീസസ് (പെരുമാറ്റ) ചട്ടങ്ങളിലെ റൂൾ 15ന്റെ നേരിട്ടുള്ള ലംഘനമാണെന്നും എൻസിആറിന്റെ മുന്നറിയിപ്പിൽ പറയുന്നു.
റെയിൽവേയുമായി ബന്ധപ്പെട്ട ഉള്ളടക്കം ചിത്രീകരിക്കുന്നതിന് മുൻകൂർ അനുമതി നിർബന്ധമാണ്. റെയിൽവേയുടെ അനുമതിയോ നിശ്ചിത ഫീസ് അടയ്ക്കാതെയോ ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും വാണിജ്യ ആവശ്യങ്ങൾക്കായി ചിത്രീകരണം നടത്തുന്നത് നിരോധിച്ചിട്ടുണ്ട്. സമൂഹമാധ്യമ പോസ്റ്റുകൾ വാണിജ്യനേട്ടം ലക്ഷ്യമിട്ടുള്ളതാണെന്നു കണ്ടെത്തിയാൽ നിശ്ചിത ഫീസ് ഈടാക്കുന്നതിനൊപ്പം അച്ചടക്കനടപടിയും സ്വീകരിച്ചേക്കാം.
റെയിൽവേയെക്കുറിച്ച് വിദ്യാഭ്യാസപരമോ ബോധവത്കരണപരമോ ആയ ഉള്ളടക്കങ്ങൾ നിർമിക്കുന്ന ജീവനക്കാരും ബന്ധപ്പെട്ട അധികാരികളിൽനിന്ന് മുൻകൂർ അനുമതി നേടണം. ഇത്തരം പ്രവർത്തനങ്ങൾക്കും നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ബാധകമാണെന്ന് എൻസിആർ വ്യക്തമാക്കി.