കോൽക്കത്ത: സംസ്ഥാനത്തെ ക്രിസ്ത്യൻ മിഷനറി സ്കൂളുകളിൽ മതപരിവർത്തനം നടക്കുന്നുവെന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ ആഗോളതലത്തിൽ സമൂഹമാധ്യമ കാമ്പയിനുമായി 'വെസ്റ്റ് ബംഗാൾ അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ സ്കൂൾസ്'.
ഗ്ലോബൽ അലുമ്നി ടെസ്റ്റിമണി കാമ്പയിൻ എന്നു പേരിട്ടിരിക്കുന്ന ഈ സംരംഭത്തിലൂടെ ഇന്ത്യയിലും വിദേശത്തുമുള്ള പൂർവവിദ്യാർഥികളോട് തങ്ങളുടെ സ്കൂൾകാലഘട്ടത്തിലെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ സംഘടന ആഹ്വാനം ചെയ്തു. പഠനകാലത്തു മതം മാറാൻ ഏതെങ്കിലും തരത്തിലുള്ള സമ്മർദമോ പ്രേരണയോ ഉണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ച് തുറന്നുപറയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മിഷനറി വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരിവർത്തനം നടക്കുന്നുണ്ടെന്ന് പശ്ചിമബംഗാളിലെ ബിജെപി നേതാക്കൾ ആരോപിച്ചതിനു പിന്നാലെ ഉടലെടുത്ത വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും സമുദായത്തിനു ദോഷകരവുമാണെന്ന് വ്യക്തമാക്കി ക്രൈസ്തവസംഘടനകൾ ഇവ ശക്തമായി തള്ളിക്കളഞ്ഞു.
ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയനേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം ആരോപണങ്ങൾ ഗൗരവകരമാണെന്നും ഇതിനുപിന്നിലെ തെളിവുകൾ എന്താണെന്നു വ്യക്തമാക്കണമെന്നും "ബംഗീയ ക്രിസ്ത്യ പരിസേബ' സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ ഹെറോദ് മല്ലിക് പറഞ്ഞു.
തെറ്റായ വിവരങ്ങളുടെയോ ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളുടെയോ അടിസ്ഥാനത്തിലാകാം ഇത്തരം പ്രസ്താവനകൾ ഉണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൂർവവിദ്യാർഥികളെ ക്ഷണിച്ച് സംഘടന
ഏകദേശം 800ഓളം മിഷനറി സ്കൂളുകൾ അംഗങ്ങളായുള്ള വെസ്റ്റ് ബംഗാൾ അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ സ്കൂൾസ്, പൂർവവിദ്യാർഥികളുടെ സാക്ഷ്യങ്ങൾ വിദ്യാഭ്യാസമേഖലയിൽ ഈ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് വ്യക്തമാക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നു.
മിഷനറി സ്കൂളുകളിൽ പഠിച്ച് പൊതുരംഗത്ത് ഉന്നതപദവികളിൽ എത്തിയവരുൾപ്പടെ ലോകമെമ്പാടുമുള്ള പൂർവവിദ്യാർഥികളെ സമീപിക്കാനാണു സംഘടനയുടെ തീരുമാനം. പല ബിജെപി നേതാക്കളും ക്രിസ്ത്യൻ മിഷനറി സ്ഥാപനങ്ങളിലാണു പഠിച്ചതെന്നും അവർക്കും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാമെന്നും മല്ലിക് ചൂണ്ടിക്കാട്ടി.
സർക്കാരിനെയോ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയെയോ ലക്ഷ്യം വച്ചല്ല, മറിച്ച് പൂർവവിദ്യാർഥികളുടെ അനുഭവങ്ങളിലൂടെ ആരോപണങ്ങൾക്ക് മറുപടി നൽകാനാണ് ഈ കാമ്പയിനെന്നും സംഘടന വ്യക്തമാക്കി.
ജനസംഖ്യാ കണക്കുകൾ നിരത്തി മറുപടി
വ്യാപകമായ മതപരിവർത്തനം നടക്കുന്നുവെന്ന വാദങ്ങളെ ജനസംഖ്യാകണക്കുകൾ നിരത്തിയാണ് ക്രൈസ്തവ പ്രതിനിധികൾ ചോദ്യം ചെയ്തത്. 2011ലെ സെൻസസ് പ്രകാരം പശ്ചിമബംഗാളിലെ ജനസംഖ്യയുടെ ഏകദേശം 0.7 ശതമാനം മാത്രമാണു ക്രൈസ്തവർ.
പതിറ്റാണ്ടുകളായി മിഷനറി സ്ഥാപനങ്ങളിൽ വലിയ തോതിൽ മതപരിവർത്തനം നടന്നിരുന്നെങ്കിൽ ക്രൈസ്തവ ജനസംഖ്യ ഗണ്യമായി വർധിക്കുമായിരുന്നുവെന്ന് മല്ലിക് വാദിച്ചു. മതപരിവർത്തനത്തേക്കാൾ ഉപരിയായി വിദ്യാഭ്യാസവും സാമൂഹിക സേവനവും നൽകുന്നതിനാണ് ക്രിസ്ത്യൻ സ്ഥാപനങ്ങൾ എപ്പോഴും മുൻഗണന നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം
പള്ളികളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും നടക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന മതപരിവർത്തനത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും ഗവർണർക്കും നിവേദനം നൽകാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.
ഈ നിവേദനം രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കൈമാറണമെന്നും ആവശ്യപ്പെടും. നിഷ്പക്ഷമായ അന്വേഷണത്തിൽ നിയമവിരുദ്ധമായ മതപരിവർത്തനത്തിനു തെളിവ് ലഭിച്ചാൽ ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്ന് മല്ലിക് പറഞ്ഞു. എന്നാൽ, മതം പ്രചരിപ്പിക്കാനും ആചരിക്കാനുമുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെ നിർബന്ധിത മതപരിവർത്തനത്തിനുള്ള തെളിവായി വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പള്ളികൾക്കുനേരേയുള്ള ആക്രമണങ്ങളിൽ ആശങ്ക
പശ്ചിമബംഗാളിൽ പള്ളികൾക്കും സ്വകാര്യ പ്രാർഥനാകൂട്ടായ്മകൾക്കും നേരേ നടക്കുന്ന ആക്രമണങ്ങളിൽ ക്രൈസ്തവ സമൂഹം കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ ആറു മാസത്തിനിടെ പള്ളികൾക്കും വീടുകളിൽ നടക്കുന്ന പ്രാർഥനാ യോഗങ്ങൾക്കും നേരേ 50ഓളം ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മല്ലിക് അവകാശപ്പെട്ടു. എന്നാൽ ഇതിൽ 16 കേസുകളിൽ മാത്രമാണു പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
നിർബന്ധിത മതപരിവർത്തന ആരോപണങ്ങൾ ക്രൈസ്തവസമൂഹത്തിനും മതസ്ഥാപനങ്ങൾക്കുമെതിരേ വിദ്വേഷം വളർത്താൻ ഉപയോഗിക്കുകയാണെന്നും വരാനിരിക്കുന്ന ക്രിസ്മസ് സീസണിൽ കൂടുതൽ അക്രമങ്ങൾ ഉണ്ടായേക്കാമെന്നും സമുദായം ആശങ്കപ്പെടുന്നു.
മിഷനറി സ്കൂളുകളിൽ മതപരിവർത്തനം നടക്കുന്നുണ്ടെന്നും ഇതിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടിവരുമെന്നുമുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ സമീക് ഭട്ടാചാര്യയുടെ പ്രസ്താവനയോടെയാണു വിവാദം രൂക്ഷമായത്.