കോൽക്കത്ത: തൃണമൂൽ കോൺഗ്രസിനുള്ളിലെ അധികാരപ്പോരാട്ടത്തിൽ നിർണായക വഴിത്തിരിവ്. വിമത നേതാവായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി നിയമിച്ച സ്പീക്കറുടെ ഉത്തരവ് കോൽക്കത്ത ഹൈക്കോടതി റദ്ദാക്കി. ജസ്റ്റീസ് കൃഷ്ണ റാവു അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്. ഋതബ്രതയുടെ നിയമനം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
വിഷയം പുനഃപരിശോധിച്ച് പത്ത് ദിവസത്തിനകം പുതിയ ഉത്തരവ് പുറപ്പെടുവിക്കാൻ സ്പീക്കർക്ക് നിർദേശവും നൽകി. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ രൂപപ്പെട്ട ഭിന്നതയാണ് പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിലേക്ക് വളർന്നത്. മുതിർന്ന എംഎൽഎ സോവൻദേവ് ചാറ്റോപാധ്യായിയെയാണ് മമത ബാനർജി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് നാമനിർദേശം ചെയ്തത്.
എന്നാൽ വിമത എംഎൽഎമാർ ഋതബ്രത ബാനർജിയെ ആ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറെ സമീപിക്കുകയായിരുന്നു. തുടർന്ന് സ്പീക്കർ ഋതബ്രതയെ പ്രതിപക്ഷ നേതാവായി നിയമിച്ച് ഉത്തരവിറക്കി. ഈ തീരുമാനമാണ് പിന്നീട് നിയമപോരാട്ടത്തിന് വഴിവെച്ചത്. സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് തൃണമൂൽ എംഎൽഎയായ സോവൻദേവ് ചാറ്റോപാധ്യായിയാണ് ഹൈക്കോടതിയെ സമീപിച്ചത്.