മീററ്റ്: സൈനികക്യാന്പിൽ കഴിഞ്ഞവർഷം ചാവേർ ആക്രമണം നടത്താൻ ലക്ഷ്യമിട്ട പാക്കിസ്ഥാൻ ബന്ധമുള്ള 22 കാരൻ യുപിയിലെ മീററ്റിൽ അറസ്റ്റിൽ. പത്തുമാസമായി അന്വേഷണസംഘങ്ങളെ വെട്ടിച്ചുനടന്നിരുന്ന മീററ്റിലെ ബനിയാപാദ സ്വദേശി ഉസൈദിനെയാണ് അറസ്റ്റ്ചെയ്തത്.
ദേശവിരുദ്ധസ്വഭാവമുള്ള വീഡിയോകൾ ഇൻസ്റ്റഗ്രാമിലും യുട്യൂബിലും പിന്തുടർന്നിരുന്ന ഉസൈദ് യുവാക്കളെ ഭീകരവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതിനും ശ്രമിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ജയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ ആശയങ്ങളിൽ ആകൃഷ്ടനായായിരുന്നു ഇയാളുടെ പ്രവർത്തനം. സൈനിക ക്യാന്പ് ആക്രമണത്തിന് ജമ്മു സ്വദേശി സാജിദുമായി ചേർന്ന് കഴിഞ്ഞവർഷമാണ് ഇയാൾ പദ്ധതി തയാറാക്കിയിരുന്നത്.
നിരീക്ഷണചുമതല സാജിദിനും, ആയുധങ്ങളും വാഹനവും സംഘടിപ്പിക്കാനുള്ള ചുമതല ഉസൈദിനുമായിരുന്നു. സാജിദിന്റെ അറസ്റ്റോടെ പദ്ധതി അന്വേഷണസംഘത്തിന്റെ ചെവിയിലെത്തുകയായിരുന്നു.