ന്യൂഡൽഹി: പായ്ക്ക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളിലെ പഞ്ചസാര, ഉപ്പ്, പൂരിത കൊഴുപ്പ് എന്നിവയുടെ അളവ് വ്യക്തമാക്കുന്ന മുന്നറിയിപ്പ് പ്രത്യേകം നൽകണമെന്നു സുപ്രീംകോടതി നിർദേശം. ആകെ പഞ്ചസാരയുടെയും പൂരിത കൊഴുപ്പിന്റെയും അളവ് കണക്കാക്കി വേണം മുന്നറിയിപ്പ് നൽകാനെന്നു കോടതി വ്യക്തമാക്കി.
വാങ്ങുന്ന ഭക്ഷണത്തിലെ പോഷകാംശങ്ങളെക്കുറിച്ച് പൂർണമായ സത്യം അറിയാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ടെന്നും പായ്ക്കറ്റ് തിരിച്ചു ചെറിയ അക്ഷരങ്ങൾ വായിക്കാൻ അവരെ നിർബന്ധിക്കരുതെന്നും കോടതി വ്യക്തമാക്കി.
ഉയർന്ന അളവിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയടങ്ങിയ ഉത്പന്നങ്ങൾക്കു പ്രത്യേകം ഷഡ്ഭുജാകൃതിയിലുള്ള മുന്നറിയിപ്പ് ലേബലുകൾ നൽകണം. ഇവയ്ക്കൊപ്പം അനുയോജ്യമായ ചിത്രങ്ങളും പായ്ക്കറ്റിന്റെ മുൻവശത്ത് വലുപ്പത്തിൽ രേഖപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.