ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലുകൾ വീണ്ടും അവതരിപ്പിക്കാനായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കുമെന്ന അഭ്യൂഹങ്ങൾക്കു വിരാമമിട്ട് കേന്ദ്രസർക്കാർ. അടുത്ത തിങ്കളാഴ്ച ലോക്സഭയും ഡിസംബർ രണ്ടിനു രാജ്യസഭയും ചേരും. ഡിസംബർ മൂന്നിന് ഇരുസഭകളും പിരിയുമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.
ഓഗസ്റ്റ് 13ന് പിരിഞ്ഞ പാർലമെന്റിന്റെ വർഷകാല സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാതെ 105 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും സമ്മേള്ളിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച സമയക്രമമനുസരിച്ച് ലോക്സഭയ്ക്ക് നാലും രാജ്യസഭയ്ക്ക് രണ്ടും സിറ്റിംഗുകളാണുണ്ടാകുക.
വർഷകാല സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാതെ ഈമാസം 30ന് വീണ്ടും ചേരുന്നതോടെ രണ്ടു സമ്മേളനങ്ങൾക്കിടയിലെ ഇടവേള 108 ദിവസമാകും.
2008ൽ രേഖപ്പെടുത്തിയ 87 ദിവസത്തെ ഇടവേളയുടെ റിക്കാർഡും ഇതോടെ മറികടക്കും. സഭ ഔദ്യോഗികമായി പിരിച്ചുവിടാത്തതിനാൽ ഒരാഴ്ചയിൽ താഴെ നോട്ടീസ് നൽകി വീണ്ടും സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാരിനു കഴിയുമെന്നിരിക്കെയാണ് ഈ നടപടി.
പ്രത്യേക സമ്മേളനം വിളിച്ച സാഹചര്യത്തിൽ സാധാരണയായി ഈ സമയത്തു ചേരേണ്ട ശൈത്യകാല സമ്മേളനം ഒഴിവാക്കാനും സർക്കാരിനു സാധിക്കും.