കാർത്തിക ദീപത്തിന്റെ വെളിച്ചം തിരുപ്പറങ്കുൻറം കുന്നിൻ മുകളിലെ ദീപത്തൂണിൽ പതിക്കാതെ പോയപ്പോൾ, തമിഴ്നാട് രാഷ്ട്രീയത്തിൽ ഉയരുന്നത് ഒരേയൊരു ചോദ്യമാണ്: സഖ്യകക്ഷികളുടെ പിന്തുണ നിലനിർത്താൻ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവുപോലും മറികടന്ന മുഖ്യമന്ത്രി വിജയിയുടെ രാഷ്ട്രീയ ഭാവിക്ക് ഈ തീരുമാനം എത്രത്തോളം ചൂടുപിടിപ്പിക്കും?
നവംബർ 24-ന് നടന്ന കാർത്തിക ദീപോത്സവത്തിൽ, ദർഗയ്ക്ക് സമീപമുള്ള കൽത്തൂണിൽ (ദീപത്തൂൺ) ഒറ്റത്തവണയായി ദീപം തെളിയിക്കാൻ സുപ്രീംകോടതി നൽകിയ ഇടക്കാല ഉത്തരവ് നടപ്പിലായില്ല. പകരം, എല്ലാ വർഷവും പതിവുള്ളതുപോലെ ഉച്ചി പിള്ളയാർ ക്ഷേത്രത്തിന് സമീപം മാത്രമാണ് ദീപം തെളിയിച്ചത്. ബ്രിട്ടീഷ് ഭരണകാലത്തെ സർവേ കല്ലെന്ന് സർക്കാർ വാദിക്കുന്ന വിളക്ക് സ്തംഭത്തിൽ ഇത്തവണയും വെളിച്ചം വീണില്ല.
*കസേര നിലനിർത്താൻ കടുത്ത ചൂതാട്ടം
തനിച്ച് കേവലഭൂരിപക്ഷമില്ലാത്ത ടിവികെ സർക്കാരിന് നിയമസഭയിലെ ഓരോ വോട്ടും നിർണായകമാണ്. കോൺഗ്രസ്, വിസികെ, മുസ്ലിം ലീഗ്, സിപിഐ, സിപിഎം എന്നീ സഖ്യകക്ഷികളുടെ പിന്തുണയിലാണ് ഭരണം മുന്നോട്ട് പോകുന്നത്. ദർഗയ്ക്ക് സമീപത്തെ കൽത്തൂണിൽ ദീപം തെളിയിക്കുന്നത് മതസൗഹാർദത്തെയും സഖ്യത്തിന്റെ കെട്ടുറപ്പിനെയും ബാധിക്കുമെന്ന നിലപാടാണ് ഈ കക്ഷികൾ സ്വീകരിച്ചത്. സഖ്യകക്ഷികളെ ചേർത്തുനിർത്തി ഭരണം കാത്തുസൂക്ഷിക്കുകയെന്ന തന്ത്രപരമായ നീക്കമായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
*കോടതി നിർദേശങ്ങളും കളക്ടറുടെ മലക്കംമറിച്ചിലും
മതപരമായ ആചാരത്തിന്റെയോ പാരമ്പര്യ അവകാശത്തിന്റെയോ പിൻബലമില്ലെങ്കിലും, പൊലിസും സർക്കാർ ഉദ്യോഗസ്ഥരും ക്ഷേത്രത്തിലെ ഏതാനും പ്രതിനിധികളും മാത്രം ചേർന്ന് ദീപസ്തംഭത്തിൽ വിളക്ക് തെളിയിക്കാമെന്നായിരുന്നു നവംബർ 20-ലെ സുപ്രീംകോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. തൊട്ടടുത്തുള്ള മുസ്ലിം ദർഗ സുരക്ഷിതമായിരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നും, നിരോധനാജ്ഞ മതസ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന രീതിയിൽ ഉപയോഗിക്കരുതെന്നും മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചും ചൊവ്വാഴ്ച കർശന നിർദേശം നൽകിയിരുന്നു. ഉത്തരവ് നടപ്പാക്കുമെന്ന് മധുര ജില്ലാ കളക്ടർ നിശാന്ത് കൃഷ്ണ കോടതിയിൽ അറിയിച്ചിരുന്നെങ്കിലും, വൈകുന്നേരം ദീപം തെളിയിക്കാതെ സർക്കാർ പിന്നോട്ട് പോയി.
പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നതിന് മുൻപ് തന്നെ ഉത്തരവ് ലംഘിക്കപ്പെട്ടത് വിജയ് സർക്കാരിനെയും ഉദ്യോഗസ്ഥരെയും കടുത്ത കോടതിയലക്ഷ്യ നടപടികളിലേക്ക് തള്ളിവിടുകയാണ്.
പ്രതിഷേധവും രാഷ്ട്രീയ പ്രതിച്ഛായയും
ദീപം തെളിയിക്കാത്തതിനെ തുടർന്ന് പ്രദേശത്ത് വൻ പൊലിസ് വിന്യാസത്തിനിടയിലും ബിജെപി, ഹിന്ദു മുന്നണി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ഇരുന്നൂറ്റിയമ്പതിലധികം പ്രവർത്തകരെയും നേതാക്കളെയും പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. വിജയിയുടെ വ്യക്തിപരമായ മതപശ്ചാത്തലം ചൂണ്ടിക്കാണിച്ച് വിമർശനങ്ങൾ ഉയർത്താനും, ഭൂരിപക്ഷ വോട്ടുകളിൽ വിള്ളൽ വീഴ്ത്താനും ബിജെപി ഈ വിഷയം വലിയ ആയുധമാക്കുമെന്ന് ഉറപ്പാണ്.
"പുതിയ രാഷ്ട്രീയ സംസ്കാരം" വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ വിജയ്, ഒടുവിൽ പരമ്പരാഗത ദ്രാവിഡ രാഷ്ട്രീയത്തിന്റെ അതേ സഖ്യ-സമ്മർദ സമവാക്യങ്ങളിലേക്ക് ഒതുങ്ങുന്നുവെന്ന വിമർശനവും ശക്തമാകുന്നുണ്ട്. കുന്നിൻ മുകളിലെ കൽത്തൂണിൽ ദീപം തെളിഞ്ഞില്ലെങ്കിലും, വിജയ്യുടെ രാഷ്ട്രീയ യാത്രയിലെ ഏറ്റവും വലിയ അഗ്നിപരീക്ഷയ്ക്കാണ് തിരുപ്പറങ്കുൻറം തിരികൊളുത്തിയിരിക്കുന്നത്.
മൂന്ന് ദിവസത്തിനകം കളക്ടർ സുപ്രീം കോടതിയിൽ നൽകുന്ന വിശദീകരണവും, 2027 ജനുവരിയിൽ നടക്കാനിരിക്കുന്ന അന്തിമ വാദവും വിജയ്യുടെ രാഷ്ട്രീയ ഭാവി ഏത് ദിശയിലേക്കാണ് നീങ്ങുകയെന്ന് വ്യക്തമാക്കും.