ന്യൂഡൽഹി: തിരുപ്പറംകുണ്ഡ്രം മലയിലെ ദീപത്തൂണിൽ കാർത്തികദീപം തെളിക്കാൻ കഴിയാതിരുന്നതിൽ സുപ്രീംകോടതിയിൽ ഖേദം പ്രകടിപ്പിച്ച് മധുര ജില്ലാ കളക്ടർ.
കോടതി ഉത്തരവ് നടപ്പിലാക്കാൻ ജില്ലാ ഭരണകൂടം എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിരുന്നെങ്കിലും, ദീപം തെളിക്കാൻ നിയോഗിക്കപ്പെട്ട സംഘത്തിന് ക്ഷേത്രം ട്രസ്റ്റി ബോർഡ് അനുമതി നൽകാത്തതാണ് തടസമായതെന്ന് ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ സുപ്രീംകോടതിയെ അറിയിച്ചു.
ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ കഴിയാതിരുന്ന സാഹചര്യത്തിൽ പരമ്പരാഗത രീതിയനുസരിച്ച് ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽതന്നെ ദീപം തെളിച്ചതായും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.
അതേസമയം സമയം സുപ്രീംകോടതി ഉത്തരവുകൾ ഉദ്യോഗസ്ഥർ മനഃപൂർവം ലംഘിച്ചുവെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചു. അഭിഭാഷകനായ വി. രാമസുബ്ബുവാണ് ഹർജി നൽകിയത്.