ന്യൂഡൽഹി: മധുരയിലെ തിരുപ്പറംകുണ്ഡ്രത്ത് ദീപം തെളിക്കലുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ദർഗയ്ക്കു സമീപമുള്ള ദീപത്തൂണിൽ നാളെ കാർത്തിക ദീപം തെളിക്കാൻ അനുമതി നൽകിയ ഉത്തരവിനെതിരേ തമിഴ്നാട് ഹിന്ദു മത ധർമസ്ഥാപന വകുപ്പ് കമ്മിഷണറാണു ഹർജി നൽകിയത്.
കഴിഞ്ഞ 150 വർഷത്തിലേറെയായി കുന്നിനു താഴെയുള്ള ദീപമണ്ഡപത്തിൽ മാത്രമാണു കാർത്തിക ദീപം തെളിക്കുന്നതെന്നും മുകളിലെ തൂണിൽ വിളക്ക് തെളിക്കുന്ന ആചാരം മുന്പ് ഉണ്ടായിരുന്നില്ലെന്നുമാണ് സർക്കാരിന്റെ വാദം. വർഗീയസംഘർഷ ചരിത്രമുള്ള തർക്കസ്ഥലത്തു സമാധാനം തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഹിന്ദു ധർമ പരിഷത്തിന്റെ അവകാശവാദങ്ങളെന്നും വകുപ്പ് ആരോപിക്കുന്നു.
ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധിയിലെ നിരീക്ഷണങ്ങൾ ജസ്റ്റീസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോലി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വെള്ളിയാഴ്ച സ്റ്റേ ചെയ്തിരുന്നു. എന്നാൽ, ഈ വർഷത്തെ കാർത്തിക ദീപം ഉത്സവം നാളെ നടക്കുന്നതിനാൽ പ്രത്യേക ഒറ്റത്തവണ ഇളവെന്ന നിലയിൽ അന്നേദിവസം ദീപത്തൂണിൽ വിളക്ക് തെളിക്കാൻ കോടതി ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകുകയായിരുന്നു. കേസിൽ അടുത്ത ജനുവരി രണ്ടാം വാരം മുതൽ വിശദമായ വാദം കേൾക്കാനും തീരുമാനിച്ചിട്ടുണ്ട്.
തർക്കസ്ഥലത്തു വിളക്ക് തെളിക്കുന്നത് നിലവിലുള്ള ആചാരമാണെന്ന അവകാശവാദത്തിനു കോടതി അംഗീകാരം നൽകിയതായി ഈ ഉത്തരവിനെ വ്യാഖ്യാനിക്കരുതെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഉത്തരവ് പുറപ്പെടുവിച്ച അതേ ബെഞ്ചിനു മുന്നിൽത്തന്നെയാണു സർക്കാരിന്റെ പുനഃപരിശോധനാ ഹർജിയും എത്തുക.