ന്യൂഡൽഹി: രാജ്യത്തെ ക്രൈസ്തവർക്ക് ഭയരഹിതമായും സമാധാനപരമായും ക്രിസ്മസ് ആഘോഷിക്കാൻ സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇതിനായി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആഹ്വാനം ചെയ്യുന്ന പൊതുപ്രസ്താവന പ്രധാനമന്ത്രി പുറപ്പെടുവിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ഈ കാര്യത്തിൽ വി.ഡി. സതീശന്റെ ഇടപെടലുകളെ ഫോറം പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളിലും പ്രാർഥനാ യോഗങ്ങൾ തടസപ്പെടുത്തുന്നതിലും ഫോറം ആശങ്ക രേഖപ്പെടുത്തി. കാരൾ സംഘങ്ങൾക്കു നേരെയുള്ള ഭീഷണികളും മതപരമായ ആഘോഷങ്ങളിൽ അനാവശ്യമായി ഇടപെടുന്നതും ഗൗരവത്തോടെ കാണണമെന്നും കത്തിൽ ആവശ്യപ്പെട്ടു.