നഗരവാസികളായ പുരുഷന്മാർക്കു ഗ്രാമവാസികളായ പുരുഷന്മാരേക്കാൾ മരണസാധ്യത കൂടുതലാണത്രെ! 15 മുതൽ 59 വരെ പ്രായത്തിനിടയിലുള്ള പുരുഷന്മാരിലാണു മരണസാധ്യത കൂടുതലായി കണ്ടെത്തിയത്. ദേശീയ കുടുംബാരോഗ്യ സർവേയുടെ (എൻഎഫ്എച്ച്എസ്) വിവരങ്ങൾ അടിസ്ഥാനമാക്കിയാണു പഠനം നടത്തിയത്. സാമ്പത്തികനില, സാമൂഹിക പശ്ചാത്തലം, താമസിക്കുന്ന സംസ്ഥാനം എന്നിവയുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്തപ്പോഴാണു നഗരവാസികളായ പുരുഷന്മാരുടെ ഉയർന്ന മരണനിരക്കു വ്യക്തമാകുന്നത്.
2019 - 21 ലെ എൻഎഫ്എച്ച്എസ് ഡാറ്റ പരിശോധിക്കുമ്പോൾ, നഗരങ്ങളിലെ പുരുഷന്മാർക്കു ഗ്രാമീണ പുരുഷന്മാരേക്കാൾ കുറഞ്ഞ മരണസാധ്യതയാണ് (8.5 ശതമാനം) കാണിക്കുന്നത്. എന്നാൽ, ഒരേ സംസ്ഥാനത്തെ സമാന സാമ്പത്തിക, സാമൂഹിക പശ്ചാത്തലങ്ങളുള്ള പുരുഷന്മാരെ താരതമ്യം ചെയ്തപ്പോൾ കണക്കുകൾ അപ്പാടെ മാറി. നഗരവാസികളായ പുരുഷന്മാരുടെ മരണസാധ്യത 26.3 ശതമാനം കൂടുതലാണെന്നു കണ്ടെത്തി. ലളിതമായി പറഞ്ഞാൽ, ഒരേ സംസ്ഥാനത്തെ സമാന സാഹചര്യങ്ങളിൽ ജീവിക്കുന്ന നഗരവാസിയെയും ഗ്രാമവാസിയെയും താരതമ്യം ചെയ്താൽ, ഏതു സമയത്തും മരണം സംഭവിക്കാനുള്ള സാധ്യത നഗരവാസിക്ക് ഏകദേശം 26 ശതമാനം കൂടുതലാണെന്നാണു പഠനം സൂചിപ്പിക്കുന്നത്.
രാജ്യത്തെ മുതിർന്ന പൗരന്മാരുടെ മരണനിരക്കിലെ സാമൂഹിക-സാമ്പത്തിക അസമത്വങ്ങളെക്കുറിച്ചു കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നടന്ന മാറ്റങ്ങളാണു പരിശോധിച്ചത്. 1998–99, 2015–16, 2019–21 എന്നീ മൂന്ന് ഘട്ടങ്ങളിലെ വിവരങ്ങൾ ഇതിനായി ഉപയോഗിച്ചു. സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിലെ വ്യത്യാസം കണക്കിലെടുക്കുമ്പോൾ മൂന്നു ഘട്ടങ്ങളിലും നഗരവാസികളായ പുരുഷന്മാർക്കു മരണസാധ്യത കൂടുതലാണ്. ഇത് അടുത്തിടെ രൂപപ്പെട്ട പ്രതിഭാസമല്ല.
സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ പരിഗണിച്ച ശേഷവും നഗരപുരുഷന്മാർക്ക് എന്തുകൊണ്ടു മരണസാധ്യത കൂടുന്നു എന്നതിന്റെ കൃത്യമായ കാരണം പഠനം വ്യക്തമാക്കുന്നില്ല. മരണപ്പെട്ട വ്യക്തികളെക്കുറിച്ചുള്ള പരിമിതമായ വിവരങ്ങൾ കാരണം മരണസാധ്യതയെ സ്വാധീനിക്കുന്ന പല ഘടകങ്ങളും പഠനത്തിൽ ഉൾപ്പെടുത്താൻ ഗവേഷകർക്കു കഴിഞ്ഞിട്ടില്ല.
കുടുംബാംഗങ്ങൾ നൽകിയ വിവരങ്ങളെ അടിസ്ഥാനമാക്കിയാണു പഠനം നടന്നിട്ടുള്ളത് എന്നതിനാൽ, വിവരങ്ങൾ രേഖപ്പെടുത്തിയതിൽ തെറ്റുകൾ സംഭവിച്ചിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ, നഗരങ്ങളിൽ താമസിക്കുന്നതുകൊണ്ടു മാത്രം മരണസാധ്യത കൂടുമെന്നു കണ്ടെത്തലുകൾ അടിവരയിട്ടു പറയുന്നില്ല.