ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 26 സീറ്റുകൾ നൽകാമെന്ന് സമാജ്വാദി പാർട്ടി (എസ്പി). ആദ്യ ഘട്ട സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിനു മുന്നോടിയായാണ് ചർച്ചകൾക്ക് നേതൃത്വം വഹിച്ച രാം ഗോപാൽ യാദവ് പാർട്ടി നിലപാട് വ്യക്തമാക്കിയത്.
തിങ്കളും ചൊവ്വയുമായി നടന്ന രണ്ട് ദിവസത്തെ ചർച്ചയിൽ 131 സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. ആദ്യഘട്ട ചർച്ചയുടെ അവസാനത്തിൽ ആവശ്യപ്പെട്ട സീറ്റുകളുടെ എണ്ണം 120 ആയി കോൺഗ്രസ് കുറച്ചതായും റിപ്പോർട്ടുകളുണ്ട്.
വാഗ്ദാനം ചെയ്ത 26 സീറ്റുകളുടെ പട്ടിക തിങ്കളാഴ്ച എസ്പി നേതാക്കൾ കോൺഗ്രസിന് കൈമാറി. പാർട്ടിയിലെ മുതിർന്ന നേതാക്കൾ ചർച്ചകൾ തുടരുകയാണെന്നും തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പരസ്പരം വിട്ടുവീഴ്ചകൾ ചെയ്ത് മുന്നോട്ട് പോകുകയാണു വേണ്ടതെന്നുമാണ് അഖിലേഷ് യാദവിന്റെ പ്രതികരണം.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നിലെത്തിയ മുപ്പതോളം സീറ്റുകൾ ഇപ്പോൾ ആവശ്യപ്പെടുമ്പോൾ ബാക്കിയുള്ള 90 സീറ്റുകളുടെ കാര്യത്തിൽ വ്യക്തമായ വിശദീകരണം നല്കാൻ കോൺഗ്രസിനാകുന്നില്ലെന്നും സമാജ്വാദി പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സീറ്റുകൾക്കായി തങ്ങൾ യാചിക്കുകയല്ലെന്നും ഇത്തരമൊരു ധാരണ സഖ്യത്തിന് അനുയോജ്യമല്ലെന്നുമാണ് യുപിയിൽനിന്നുള്ള കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് പ്രതികരിച്ചത്. 2022നെ അപേക്ഷിച്ച് കോൺഗ്രസ് ഇപ്പോൾ കൂടുതൽ ശക്തമാണെന്നും സഖ്യത്തിൽ ആവശ്യപ്പെടലല്ല, സഹകരണമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൽകാമെന്നു പറഞ്ഞ സീറ്റുകളുടെ പട്ടികയെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ഉത്തർപ്രദേശിലെ പിസിസി അധ്യക്ഷൻ ആരാധനാ മിശ്ര മോന സീറ്റ് ചർച്ചകൾക്കുശേഷം പ്രതികരിച്ചത്. അടുത്ത യോഗത്തിൽ സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ കൂടുതൽ ധാരണയിൽ എത്തുമെന്നാണ് കരുതുന്നത്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തിയ നാല് സീറ്റുകളും വിജയിച്ച രണ്ട് സീറ്റുകളും ഉൾപ്പടെയാണ് 26 സീറ്റുകൾ എസ്പി വാഗ്ദാനം ചെയ്തത്.