ന്യൂഡൽഹി: യുട്യൂബിൽനിന്നു വീഡിയോകൾ നീക്കം ചെയ്യുന്നതിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് ഇന്ത്യ. കമ്യൂണിറ്റി മാർഗനിർദേശങ്ങൾ ലംഘിച്ചതിനും കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരവും ഉൾപ്പടെ ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള രണ്ടാം പാദത്തിൽ രാജ്യത്ത് അപ്ലോഡ് ചെയ്ത 34.4 ലക്ഷം വീഡിയോകളാണു യുട്യൂബ് നീക്കം ചെയ്തത്.
ഇക്കാലയളവിൽ ലോകമെമ്പാടുമായി നീക്കം ചെയ്ത 1.1 കോടി വീഡിയോകളിൽ 31 ശതമാനത്തോളം ഇന്ത്യയിൽനിന്നുള്ളവയാണ്. 12.4 ലക്ഷം വീഡിയോകൾ നീക്കം ചെയ്ത അമേരിക്കയാണു രണ്ടാം സ്ഥാനത്ത്. 9.2 ലക്ഷം വീഡിയോകൾ നീക്കം ചെയ്ത ഇന്തോനേഷ്യ മൂന്നാം സ്ഥാനത്തുണ്ട്. വീഡിയോകൾ അപ്ലോഡ് ചെയ്ത പ്ലാറ്റ്ഫോമിന്റെ ഐപി വിലാസം അടിസ്ഥാനമാക്കിയാണ് ഉള്ളടക്കത്തിന്റെ ഉറവിടരാജ്യം യുട്യൂബ് തിരിച്ചറിയുന്നത്.
അപേക്ഷകൾ വർധിക്കുന്നു
ഗൂഗിളിന്റെ ട്രാൻസ്പെരൻസി റിപ്പോർട്ട് പ്രകാരം കമ്പനിയുടെ വിവിധ സേവനങ്ങളിൽനിന്ന് ഉള്ളടക്കം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യയിൽനിന്നുള്ള അപേക്ഷകൾ ആറുമാസത്തിനിടെ 61 ശതമാനം വർധിച്ചു. രാജ്യത്തെ കോടതികൾ, സർക്കാർ ഏജൻസികൾ എന്നിവയിൽനിന്നായി ആകെ 65,091 ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള നിർദേശങ്ങളാണു ഗൂഗിളിന് ലഭിച്ചത്. ഇതിൽ കൂടുതലും യുട്യൂബ് വീഡിയോകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ളവയായിരുന്നു.
ഇന്ത്യൻ അധികൃതരുടെ നിർദേശങ്ങളുടെയും പ്രാദേശിക നിയമലംഘനങ്ങളുടെയും അടിസ്ഥാനത്തിൽ 19,883 ഉള്ളടക്കങ്ങൾ ഗൂഗിൾ നീക്കം ചെയ്തു. കമ്പനിയുടെ നയങ്ങൾ ലംഘിച്ചതിന് 1,415 ഉള്ളടക്കങ്ങൾ കൂടി ഒഴിവാക്കി.
19,402 എണ്ണത്തിൽ നടപടിയൊന്നും സ്വീകരിച്ചില്ല. നടപടിയെടുക്കാൻ ആവശ്യമായ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ 17,473 അപേക്ഷകളും പരിഗണിക്കാനായില്ലെന്ന് ഗൂഗിൾ വ്യക്തമാക്കി. ഉള്ളടക്കം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗിളിന് ഇന്ത്യയേക്കാൾ കൂടുതൽ നിർദേശങ്ങൾ നൽകിയിട്ടുള്ളത് റഷ്യയും ദക്ഷിണ കൊറിയയും മാത്ര മാണ്.