അമേരിക്കയിൽ വെടിവയ്പ്: മൂന്നുപോലീസുകാർ കൊല്ലപ്പെട്ടു; രണ്ടുപേർക്ക് പരിക്ക്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ തെക്കൻ പെൻസിൽവാനിയയിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ വെടിവച്ചുകൊന്നു. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു.
ഫിലഡൽഫിയയിൽ നിന്ന് ഏകദേശം 185 കിലോമീറ്റർ പടിഞ്ഞാറ്, മേരിലൻഡ് ലൈനിന് സമീപം നോർത്ത് കൊഡോറസ് ടൗൺഷിപ്പ് പ്രദേശത്താണ് വെടിവയ്പ് ഉണ്ടായത്. അക്രമിയെ പോലീസ് വെടിവച്ചു കൊന്നു.
ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗുരുതരാവസ്ഥയിലുള്ള രണ്ട് പേരെ ചികിത്സിക്കുന്നുണ്ടെന്നും സുരക്ഷാ പ്രോട്ടോക്കോളുകൾ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും യോർക്ക് ആശുപത്രി അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും വിശദാംശങ്ങൾ പുറത്തുപറയാറായിട്ടില്ലെന്നും പോലീസ് അറിയിച്ചു.
ഹൂസ്റ്റണിൽ സൈറാകോം ഇന്റർനാഷണൽ അടച്ചുപൂട്ടുന്നു; 355 ജീവനക്കാർക്ക് ജോലി നഷ്ടമാകും
ഹൂസ്റ്റൺ: ഭാഷാ വ്യാഖ്യാന സേവനങ്ങൾ നൽകുന്ന സൈറാകോം ഇന്റർനാഷനലിന്റെ ഹൂസ്റ്റണിലെ കേന്ദ്രം അടച്ചുപൂട്ടാനൊരുങ്ങുന്നു. 355 ജീവനക്കാർക്ക് ജോലി നഷ്ടമാകും.
വിപുലമായ പുന:സംഘടനയെ തുടർന്നാണ് കേന്ദ്രം അടച്ചുപൂട്ടുന്നതും ജീവനക്കാരെ പിരിച്ചുവിടുന്നതുമെന്നാണ് കമ്പനി വ്യക്തമാക്കിയത്. അടുത്തിടെ സൈറാകോമിനെ പ്രോപിയോ എന്ന മറ്റൊരു ഭാഷാ സേവന ദാതാക്കൾ ഏറ്റെടുത്തതാണ് ഈ പുന:സംഘടനയ്ക്ക് കാരണം.
കമ്പനി അടച്ചുപൂട്ടുന്നതോടെ സ്പാനിഷ്, വിയറ്റ്നാമീസ്, പോർച്ചുഗീസ്, അറബിക് ഉൾപ്പെടെ വിവിധ ഭാഷകളിലെ വിവർത്തകരുടെ തൊഴിൽ ഇല്ലാതാകും. ഡിസംബർ ഒന്നു മുതലാണ് പിരിച്ചുവിടൽ ആരംഭിക്കുന്നത്.
ഹൂസ്റ്റണിൽ മാത്രമല്ല, സൈറാകോമിന്റെ അരിസോണ ഓഫിസിലും 500ഓളം തസ്തികകൾ നിർത്തലാക്കുന്നുണ്ട്. മറ്റൊരു വിതരണ കമ്പനിയായ എസ്സെൻഡന്റ് മാനേജ്മെന്റ് സർവീസസ് തങ്ങളുടെ ഹൂസ്റ്റൺ കേന്ദ്രത്തിലെ 92 ജീവനക്കാരെ പിരിച്ചുവിടാനും പദ്ധതിയിടുന്നുണ്ട്.
ബിസിനസിലെ മാറ്റങ്ങളും വലുപ്പം കുറയ്ക്കലുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. നവംബർ ഏഴിന് ശേഷമുള്ള രണ്ടാഴ്ചയ്ക്കുള്ളിൽ ഈ പിരിച്ചുവിടലുകൾ നടക്കും.
ഒക്ലഹോമയിൽ ഇരട്ടക്കൊലപാതകം: പ്രതിയെ കണ്ടെത്താൻ പൊതുജന സഹായമഭ്യർത്തിച്ചു പോലീസ്
ഓക്ലഹോമ: പുഷ്മതഹാ കൗണ്ടിയിലെ ക്ലേടണിന് സമീപം ഇരട്ടക്കൊലപാതകം. പ്രതികൾക്കായി ഓക്ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ തിരച്ചിൽ ഊർജിതമാക്കി.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് സ്റ്റേറ്റ് ഹൈവേ 43ലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രായം ചെന്ന ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകത്തിന്റേതിന് സമാനമായ പരുക്കുകളാണ് ഇരുവരുടെയും ശരീരത്തിൽ ഉണ്ടായിരുന്നത്.
കൊല്ലപ്പെട്ട ദമ്പതികളുടെ മകനായ 35കാരനായ ജെഫ്രി സ്കോട്ട് ബേക്കറിനെയാണ് കേസിൽ പോലീസ് തിരയുന്നത്. ഇയാൾ അപകടകാരിയും ആയുധധാരിയുമാണെന്ന് പോലീസ് വ്യക്തമാക്കി.
ദമ്പതികളുടെ 2013 മോഡൽ ചാര നിറത്തിലുള്ള ഡോഡ്ജ് കാരവൻ വാഹനത്തിലാണ് ഇയാൾ രക്ഷപ്പെട്ടതെന്നാണ് കരുതുന്നത്. ബേക്കറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ
target=_blank>[email protected]
എന്ന ഇമെയിൽ വിലാസത്തിലോ 18005228017 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
മുൻ സെനറ്ററുടെ അധികാരം ദുരുപയോഗപ്പെടുത്തിയ ഭാര്യക്ക് 4.5 വർഷം തടവ് ശിക്ഷ
ന്യൂജേഴ്സി: ഭർത്താവിന്റെ രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തിയ മുൻ സെനറ്റർ ബോബ് മെനെൻഡസിന്റെ (ഡഎൻജെ) ഭാര്യ നദീൻ മെനെൻഡസിന് (58) നാല് വർഷത്തിലധികം തടവ് ശിക്ഷ വിധിച്ചു. പണം, സ്വർണ്ണക്കട്ടികൾ, മെഴ്സിഡസ് ബെൻസ് എന്നിവ കൈക്കൂലിയായി വാങ്ങിയ ശേഷം ഭർത്താവിന്റെ രാഷ്ട്രീയ അധികാരം ദുരുപയോഗം ചെയ്യുന്നതിന് നദീൻ കൂട്ടുനിന്നതായി കോടതി കണ്ടെത്തി.
സെനറ്റർ ബോബ് മെനെൻഡസിനും ഭാര്യയ്ക്കും കൈക്കൂലി നൽകിയ കേസിൽ ന്യൂജഴ്സിക്കാരായ ബിസിനസുകാരായ വെയ്ൽ ഹാന, ഫ്രെഡ് ഡെയ്ബ്സ് എന്നിവർ ശിക്ഷ അനുഭവിക്കുകയാണ്. വിചാരണ നേരിടുന്നതിന് മുൻപ് മൂന്നാമത്തെ ബിസിനസുകാരൻ കുറ്റം സമ്മതിച്ചു, ഇയാളുടെ ശിക്ഷ ഇതുവരെ വിധിച്ചിട്ടില്ല.
ബോബ് മെനെൻഡസിന് ശിക്ഷ വിധിക്കുന്നതിന് മുമ്പ് കോടതിക്ക് അയച്ച കത്തിൽ, ഭാര്യക്ക് പണക്കൊതിയുണ്ടെന്നും അദ്ദേഹം എഴുതിയിരുന്നു.ഭർത്താവിനും ബിസിനസുകാരായ വെയ്ൽ ഹാന, ഫ്രെഡ് ഡെയ്ബ്സ് എന്നിവരോടൊപ്പമാണ് ആദ്യം നദീന്റെ വിചാരണ തീരുമാനിച്ചിരുന്നത്.
സ്തനാർബുദം ബാധിച്ച വിവരം നദീൻ കോടതിയെ അറിയിച്ചതോടെയാണ് ഇവരുടെ കേസ് മറ്റുള്ളവരിൽ നിന്ന് വേർപെടുത്തി പ്രത്യേകമായി പരിഗണിക്കാൻ തീരുമാനിച്ചത്.ദീർഘകാലം ശിക്ഷ വിധിച്ചാൽ ചികിത്സ ലഭിക്കാനുള്ള സാധ്യത ഇല്ലാതാകുമെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു വർഷവും ഒരു ദിവസവും തടവ് ശിക്ഷ നൽകാൻ നദീൻ കഴിഞ്ഞ മാസം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
കോടതിയിൽ ഹാജരാക്കിയ മെഡിക്കൽ രേഖകൾ പരിഗണിച്ച് അടുത്ത വേനൽക്കാലത്ത്, ജൂലൈ 10ന് ജയിലിൽ കീഴടങ്ങാനാണ് നദീൻ മെനെൻഡെസിനോട് ജഡ്ജി ഉത്തരവിട്ടിരിക്കുന്നത്. അങ്ങനെ ജയിൽ ശിക്ഷ ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ ചികിത്സയും ലഭിക്കുമെന്നാണ് കോടതി വിലയിരുത്തിയിരിക്കുന്നത്. പ്രോസിക്യൂട്ടർമാർ ഇതിനെ അനുകൂലിച്ചു.
പ്ലാൻഡ് പാരന്റ്ഹുഡിന്റെ ഫണ്ടിംഗ് അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന് കോടതിയുടെ അനുമതി
ബോസ്റ്റൺ: ട്രംപ് ഭരണകൂടത്തിന് പ്ലാൻഡ് പാരന്റ്ഹുഡിന്റെ മെഡിക്കെയ്ഡ് ഫണ്ടിംഗ് അവസാനിപ്പിക്കാൻ കോടതി അനുമതി നൽകി. ബോസ്റ്റൺ ജഡ്ജി പുറപ്പെടുവിച്ച ഇൻജക്ഷൻ ഫസ്റ്റ് സർക്യൂട്ട് നിർത്തിവച്ചു. വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ടിന്റെ വ്യവസ്ഥയെ പ്ലാൻഡ് പാരന്റ്ഹുഡ് ചോദ്യം ചെയ്തു. നിയമം അതിന്റെ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഭീഷണിയാകുമെന്ന് പ്ലാൻഡ് പാരന്റ്ഹുഡ് മുന്നറിയിപ്പ് നൽകി.
റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള കോൺഗ്രസ് പാസാക്കിയ വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ടിൽ ചില നികുതി ഇളവ് നൽകിയ സംഘടനകൾക്കും അവയുടെ അനുബന്ധ സ്ഥാപനങ്ങൾക്കും ഗർഭഛിദ്രം നൽകുന്നത് തുടർന്നാൽ മെഡിക്കെയ്ഡ് ഫണ്ട് നിഷേധിക്കുമെന്നതാണ് വ്യവസ്ഥ.
ഏകദേശം 600 ആരോഗ്യ കേന്ദ്രങ്ങൾക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും, 24 സംസ്ഥാനങ്ങളിലായി അവയിൽ ഏകദേശം 200 എണ്ണം അടച്ചുപൂട്ടൽ ഭീഷണിയിലാകുമെന്നും പ്ലാൻഡ് പാരന്റ്ഹുഡും അതിന്റെ ചില അനുബന്ധ സ്ഥാപനങ്ങളും വാദിച്ചു. 1.1 ദശലക്ഷത്തിലധികം രോഗികൾക്ക് ഇനി അവരുടെ കേന്ദ്രങ്ങളിൽ അവരുടെ മെഡിക്കെയ്ഡ് ഇൻഷുറൻസ് ഉപയോഗിക്കാൻ കഴിയില്ലെന്ന് പ്ലാൻഡ് പാരന്റ്ഹുഡ് പ്രസ്താവനയിൽ പറഞ്ഞു.
ഡാളസ് മലയാളി അസോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി
ഡാളസ്: വൈവിധ്യമായ ക്ഷേത്രകലാ പാരമ്പര്യ ആചാരങ്ങളോടെ ഡാളസ് മലയാളി അസോസിയേഷന് സംഘടിപ്പിച്ച ഓണാഘോഷം അവിസ്മരണീയമായി. നുറുകണക്കിനു മലയാളികള് സജീവമായി പങ്കെടുത്ത ആഘോഷം കരോള്ട്ടന് സിറ്റി മേയര് സ്റ്റീവ് ബാബിക് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
അസോസിയേഷന് പ്രസിഡന്റ് ജൂഡി ജോസ് സ്വാഗതം പറഞ്ഞു. വിദേശരാജ്യങ്ങളിലെ ആകര്ഷകവും ഹൃദ്യവുമായ വിഭിന്ന സാസ്കാരങ്ങളെ അമേരിക്കന് ജനത എന്നും താല്പര്യപൂര്വ്വം സ്വീകരിക്കുമെന്ന് മേയര് സ്റ്റീവ് അഭിപ്രായപ്പെട്ടു. സുനി ലിന്ഡ ഫിലിപ്പ് മേയറെ സദസിനു പരിചയപ്പെടുത്തി.
നോര്ത്ത് ടെക്സസിലെ മലയാളി കുടുംബങ്ങള്ക്കൊപ്പം കേരളത്തിലെ വിവിധ ജില്ലകളില് പ്രവര്ത്തിക്കുന്ന അഞ്ച് അഗതിമന്ദിരങ്ങളിലെ ആയിരത്തിലഞ്ഞുറിലധികം വരുന്ന അഗതികളോടൊപ്പം ഡാളസ് മലയാളി അസോസിയേഷന് ഓണം ആഘോഷിക്കുമ്പോള് തികഞ്ഞ ചാരിതാര്ഥ്യമുണ്ടെന്ന് ജൂഡി ജോസ് പറഞ്ഞു.
ടെക്സസിലെ പ്രമുഖ സാംസ്കാരിക പ്രവര്ത്തകയും ഇന്ഡോ അമേരിക്കന് നഴ്സസ് അസോസിയേഷന് സ്ഥാപകനേതാവും ജീവകാരുണ്യപ്രവര്ത്തകയുമായ എലിക്കുട്ടി ഫ്രാന്സിസിനെ മേയര് പൊന്നാടയണിച്ച് ഫലകം നല്കിയാദരിച്ചു.

ഫോമ മുന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്, അസോസിയേഷന് ട്രസ്റ്റ് ബോര്ഡ് ചെയര്മാന് ബിനോയി സെബസ്റ്റ്യന്, ഫോമ സതേണ് റീജൻ വൈസ് പ്രസിഡന്റ് ബിജു തോമസ്, മുന് പ്രസിഡന്റ് സാം മത്തായി, സാംസ്കാരിക പ്രവര്ത്തകനായ ജോജോ കോട്ടാക്കല് തുടങ്ങിയവര് പ്രസംഗിച്ചു.

കലാപരിപാടികളുടെ ഭാഗമായി നിയ ചേരിപാറക്കല് അവതരിച്ച മോഹിനിയാട്ടം ഹൃദ്യമായി. പ്രശസ്ത നര്ത്തകിയും അവതാരികയുമായ ജ്യോതിയും സംഘാംഗങ്ങളും അവതരിപ്പിച്ച തിരുവാതിരയും ഫോക് ഡാന്സും ആകര്ഷകമായി.
ഡാളസ് വാദ്യകലാകേന്ദ്രം ഒരുക്കിയ വാദ്യമേളം, ബിജുവും ടിന്റു ഡോറും സംഘാംഗങ്ങളും അവതരിപ്പിച്ച സംഗീതമേള, യുവാക്കള് നിറഞ്ഞാടിയ മാര്ഗംകളി തുടങ്ങിയ കലാപരിപാടികളും ശ്രദ്ധനേടി.
ചടങ്ങില് ഐറിന് കല്ലൂര് അവതാരകയായിരുന്നു. വിനോദ് കോണ്ടണ്ടൂര് നന്ദി പറഞ്ഞു. ഡക്സ്റ്റര് ഫേരേര, രഷ്മ രഞ്ജിത്ത്, സൈജു വര്ഗീസ്, ഷാജി അലപ്പാട്ട്, മനോജ് മഠത്തില്, ശ്രീനാഥ് ഗോപാലകൃഷ്ണന്, അബീഷ്, സുനു ആന്റണി, മധു, ജോഷി, ബിനോ കല്ലങ്കല്, സിന്ജോ തോമസ് പ്രവീണ്, ജോഫിന്, തുടങ്ങിയവര് അമ്പതംഗ ആഘോഷ സംഘാടകസമിതിക്കു നേതൃത്വം നൽകി.
നായർ ബെനവലന്റ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ന്യൂയോർക്ക്: നായർ ബെനവലന്റ് അസോസിയേഷൻ ക്വീൻസിലെ ഗ്ലെൻ ഓക്സിലുള്ള P.S. 115 ഓഡിറ്റോറിയത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. രണ്ട് സെഷനുകളായിട്ടാണ് പരിപാടികൾ നടത്തിയത്. താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് ആനയിച്ചു. വത്സ കൃഷ്ണ, പ്രസിഡന്റ് ക്രിസ് പിള്ള തോപ്പിൽ, കൗൺസിൽമാൻ എഡ് ബ്രോൺസ്റ്റൈൻ, ട്രസ്റ്റി ബോർഡ് ചെയർപഴ്സൻ വനജ നായർ, വനിതാ ഫോറം ചെയർ രാധാമണി നായർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ആദ്യ സെഷൻ ആരംഭിച്ചു.

ശബരീനാഥ് നായർ പ്രാർഥനാഗാനം ആലപിച്ചു.ജോയിന്റ് സെക്രട്ടറി രത്നമ്മ നായർ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ക്രിസ് പിള്ള തോപ്പിൽ ഓണാശംസകൾ നേർന്നു. ഓണാഘോഷത്തിൽ പങ്കെടുക്കാനെത്തിയ സഹോദര സംഘടനകളായ മഹിമ, എസ്എൻഎ, മറ്റു മലയാളി അസോസിയേഷനുകളുടെ ഭാരവാഹികൾക്ക് പ്രസിഡന്റ് നന്ദി പറഞ്ഞു. വിശിഷ്ടാതിഥിയായി ഓൺലൈനിലൂടെ ഓണസന്ദേശം നൽകിയത് എൻബിഎയുടെ മുൻ പ്രസിഡന്റ് ഡോ. ലതാ ചന്ദ്രനാണ്. ചിത്രജാ ചന്ദ്രമോഹൻ വിശിഷ്ടാതിഥിയെ സദസിന് പരിചയപ്പെടുത്തി.

മുഖ്യാതിഥിയായ കൗൺസിൽമാൻ എഡ് ബ്രോൺസ്റ്റൈനെ കോശി ഒ. തോമസ് പരിചയപ്പെടുത്തി. യുവതലമുറയെ പ്രതിനിധാനം ചെയ്ത് രേവതി രാമാനുജൻ ഓണസന്ദേശം നൽകി. അപ്പുക്കുട്ടൻ പിള്ള മഹാബലിയായി വേഷമിട്ടു.
അസോസിയേഷനിലെ പെൺകുട്ടികൾ ഊർമ്മിള റാണി നായരുടെ നേതൃത്വത്തിൽ തിരുവാതിര അവതരിപ്പിച്ചു. സദ്യ ഒരുക്കുന്നതിന് സുശീലാമ്മ പിള്ള നേതൃത്വം നൽകി. സദ്യക്കുശേഷം രണ്ടാം സെഷൻ ആരംഭിച്ചു. കലാപരിപാടികൾ നിയന്ത്രിച്ചത് ഊർമ്മിള റാണി നായർ ആയിരുന്നു. രേവതി രാമാനുജനും വത്സ കൃഷ്ണയും എംസീമാരായിരുന്നു.

നായർ ബനവലന്റ് അസോസിയേഷൻ നടത്തിയ ഓണാഘോഷ പരിപാടിനൂപുര ആർട്സിലെ ലക്ഷ്മി നായരുടെ ശിക്ഷണത്തിൽ പഠിച്ചുവന്ന വിദ്യാർഥികളുടെ അര മണിക്കൂർ നീണ്ടുനിന്ന സംഘനൃത്തനാടകം, ലതിക ഉണ്ണിയുടെ ശിക്ഷണത്തിൽ വന്ന വിദ്യാർഥികളുടെ നൃത്തവും വേദിയിൽ അവതരിപ്പിച്ചു. നൂപുരാ ഡാൻസ് സ്കൂളിലെ ഗുരു രവീന്ദ്രനാഥ് കുറുപ്പ് (പ്രശസ്ത കവി പരേതനായ ഒ.എൻ.വി. കുറുപ്പിന്റെ സഹോദര പുത്രനാണ്), നൃത്താധ്യാപികമാരായ ചന്ദ്രികാ കുറുപ്പ്, ലക്ഷ്മി കുറപ്പ് എന്നിവരെ വേദിയിൽ വച്ച് ആദരിച്ചു.
നായർ ബനവലന്റ് അസോസിയേഷൻ നടത്തിയ ഓണാഘോഷ പരിപാടിശബരീനാഥ് നായർ, രവി നായർ, പ്രേം കൃഷ്ണ, ഹിമാ നായർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. കുന്നപ്പള്ളിൽ രാജഗോപാൽ, രാധാമണി നായർ എന്നിവർ കവിതകൾ ആലപിച്ചു.
രേവതി രാമാനുജനും ഭർത്താവ് മനു രാഘവനും ചേർന്ന് ശാസ്ത്രീയസംഗീതം ആലപിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും മിമിക്രി കലാകാരനുമായ സുനീഷ് വാരനാട് നാടൻ പാട്ടു പാടിയും അനുകരണകലയിലൂടെയും സദസിന്റെ മനം കവർന്നു. വൈസ് പ്രസിഡന്റ് ഡോ. ചന്ദ്രമോഹൻ നന്ദി പറഞ്ഞു.
തുടർന്നു നടന്ന റാഫിൾ നറുക്കെടുപ്പിൽ 58” ടി.വി., ഗായകനായും ഫൊട്ടോഗ്രഫറായും തിളങ്ങിയ പ്രേം കൃഷ്ണനും, രണ്ടാം സമ്മാനം സാംസങ് 11” നോട്ട്ബുക്ക് ഉണ്ണികൃഷ്ണ മേനോനും, മൂന്നാം സമ്മാനം സിറ്റിസൺസ് വാച്ച് ന്യൂജഴ്സിയിൽ നിന്നുള്ള പ്രവീൺ നായർക്കും ലഭിച്ചു. വേദി അണിയിച്ചൊരുക്കിയത് സുധാകരൻ പിള്ളയും മനോഹരമായ പൂക്കളമിട്ടത് രാകേഷ് നായരും കുടുംബാംഗങ്ങളും ചേർന്നായിരുന്നു.
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഓണം ആഘോഷിച്ചു
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഓഗസ്റ്റ് 30ന് ശനിയാഴ്ച വലിയ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മിസോറി സിറ്റിയിലുള്ള സെന്റ് ജോസഫ് ഹാളിൽ വമ്പിച്ച ജനാവലിയാണ് ഓണാഘോഷത്തിൽ പങ്കെടുത്തത്. ജാതിമതഭേദമന്യേ ആയിരക്കണക്കിന് ആളുകൾ ഗൃഹാതുരസ്മരണകളുമായി ഒഴുകിയെത്തി. മലയാളിയുടെ ദേശീയ ഉത്സവം ആണല്ലോ ഓണം. ഏവരും ഒന്നിച്ച് ഒരു മനസോടെ കേരളീയ വസ്ത്രങ്ങളും അണിഞ്ഞ് മഹാബലിത്തമ്പുരാനെ വരവേൽക്കുവാൻ അണിനിരന്നു. ആഘോഷങ്ങൾക്ക് വലിയ സന്നാഹങ്ങളാണ് ’മാഗ്’ ഒരുക്കിയിരുന്നത്.
രാവിലെ 10 മണിക്ക് സാംസ്കാരിക പരിപാടികൾ ആരംഭിച്ചു. 10.45 ന് സാംസ്കാരിക ഘോഷയാത്ര നടത്തപ്പെട്ടു. പ്രസിഡന്റ് ജോസ് കെ ജോൺ, സെക്രട്ടറി രാജേഷ് വർഗീസ്, ട്രഷറർ സുജിത്ത് ചാക്കോ, പ്രോഗ്രാം കോഡിനേറ്റർ രേഷ്മ വിനോദ്, മാഗിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾ, ട്രസ്റ്റീ ബോർഡ് അംഗങ്ങൾ, എന്നിവരും ചേർന്ന് സാംസ്കാരിക ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. തെയ്യവും തിറയും പുലികളിയും താലപ്പൊലിയേന്തി നൂറോളം വനിതകളും ബാലികമാരും അകമ്പടിയായി ചെണ്ടമേളവും അതിഥികളും ജനങ്ങളും ചേർന്ന് മാവേലിമന്നനെ വരവേറ്റു.
തുടർന്ന് സാംസ്കാരിക സമ്മേളനം ആരംഭിച്ചു. കോൺസുൽ ജനറൽ ഓഫ് ഇന്ത്യ ഹൂസ്റ്റൺ ഡി സി മഞ്ജുനാഥ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ജോസ് കെ ജോൺ, സെക്രട്ടറി രാജേഷ് വർഗീസ്, ട്രഷറർ സുജിത്ത് ചാക്കോ, ട്രസ്റ്റി ബോർഡ് ചെയർമാൻ ജിമ്മി കുന്നശ്ശേരി എന്നിവർക്കൊപ്പം ഫോർട്ട്ബൻഡ്കൗണ്ടി ജഡ്ജ് കെ പി ജോർജ്, ജഡ്ജ് ജൂലി മാത്യു, ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഷുഗർ ലാൻഡ് മേയർ കരോൾ കെ മക്കഡ്ചെയോൻ, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ തുടങ്ങിയവരും തിരിതെളിയിച്ചു. പ്രോഗ്രാം കോഡിനേറ്റർ രേഷ്മ വിനോദ്, മറ്റ് ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ബോർഡ് ഓഫ് ട്രസ്റ്റിസ്, ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ശശിധരൻ നായർ, വൈദിക ശ്രേഷ്ഠർ, ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം ശ്രീനാരായണഗുരു മിഷൻ, ഇന്ത്യൻ ക്രിസ്ത്യൻ ഇക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ തുടങ്ങിയവയുടെ പ്രതിനിധികളുംവേദിയിൽ സന്നിഹിതരായിരുന്നു.
സെക്രട്ടറി രാജേഷ് വർഗീസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ജോസ് കെ ജോൺ അധ്യക്ഷ പ്രസംഗം നടത്തി. തുടർന്ന് മുഖ്യാതിഥി കോൺസുൽ ജനറൽ ഓഫ് ഇന്ത്യ ഹൂസ്റ്റൺ ഡി സി മഞ്ജുനാഥ് ഉദ്ഘാടനപ്രസംഗത്തിൽ എല്ലാ കേരളീയർക്കും ഓണാശംസകൾ നേർന്നു.
തുടർന്ന് മികച്ച കലാകാരന്മാർ അണിനിരന്ന കലാവിരുന്ന് അരങ്ങേറി. ഓണത്തോട് അനുബന്ധിച്ചുള്ള സംഘനൃത്തമായ തിരുവാതിരകളിയിൽ രേഷ്മ വിനോദിന്റെ നേതൃത്വത്തിൽ ഇരുപതോളം കലാകാരികൾ പങ്കെടുത്തു. കേരളത്തിന്റെ തനത് കലാരൂപങ്ങളായ കഥകളി, മാർഗംകളി, ഒപ്പന എന്നിവയും അവതരിപ്പിക്കപ്പെട്ടു. ടെക്സാസിന്റെ അതിരുകടന്നെത്തി കഥകളി അവതരിപ്പിച്ച ഡോക്ടർ അർച്ചന നായർ, ക്രിസ്റ്റൽ ടെന്നിസ്സൺ എന്നിവർ പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. ദിയ അനിൽ അവതരിപ്പിച്ച തെയ്യവും മനോഹര മൂർത്തങ്ങൾ ഒരുക്കി.
ഓണച്ചമയം പുത്തൻ അനുഭവമായി. കേരളത്തിന്റെ തനത് നൃത്തരൂപമായ മോഹിനിയാട്ടം മറ്റ് ഭാരതീയ ശാസ്ത്രീയ നൃത്ത രൂപങ്ങളായ ഭരതനാട്യം, കുച്ചുപ്പുടി അർദ്ധ ശാസ്ത്രീയ നൃത്തരൂപങ്ങൾ എന്നിവയും കൊണ്ട് സമ്പന്നമായിരുന്നു വേദി. 42 കലാപരിപാടികളിലായി ഇരുന്നൂറോളം കലാകാരന്മാർ പങ്കെടുത്തു.
ഹൂസ്റ്റണിലെ കായിക മേഖലയിൽ നൽകിയ മികച്ച സംഭാവനകൾക്ക് മാഗ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി റജി ജോണിനെ ആദരിച്ചു. ഒപ്പം മെഡൽ ഓഫ് വാലർ നേടിയ ക്യാപ്റ്റൻ മനോജ് പൂപ്പാറയിലിനെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി. മാഗിന്റെ എല്ലാ പരിപാടികളുടെയും നെടുംതൂണ് സ്പോൺസേർസ് ആണ്. പ്രധാന സ്പോൺസർമാരായ ജെയിംസ് ഓലൂട്ട് നാഷണൽ റിയൽറ്റി, ഉൃ. നവീൻ പതിയിൽ ആർക്കോള ദന്തൽ, ഉൃ. ജോഗി കെ ജോർജ് ടെക്സസ് ഹാർട്ട് ആൻഡ് വാസ്ക്കുലർ, സുരേഷ് അപ്നാ ബസാർ, ഉമ്മൻ തോമസ് റോയൽ ട്രാവൽസ്, സജി വൈസർ സ്കൈ ട്രാവൽസ്, സന്ദീപ് ഈശോ പെറി ഹോംസ്, ജോൺ ബാബു ജെജെബി സിപിഎ ഗ്രൂപ്പ്, സോണി ജോസഫ് സിപിഎ, രാജേഷ് വർഗീസ് ആർ വിഎസ് ഇൻഷുറൻസ് എന്നിവർക്ക് പ്രത്യേക ഉപഹാരങ്ങൾ നൽകി ആദരിച്ചു.
പരിപാടികൾ വിജയകരമായി കോർത്തിണക്കി പ്രോഗ്രാം കോഡിനേറ്റർരേഷ്മ വിനോദ് വിസ്മയകരമായ നേതൃത്വം നൽകി. വിഘ്നേഷ് ശിവൻ മികച്ച പിൻബലം നൽകി. ആൻസി ക്രിസ്, മിഖായേൽ ജോയ് (മിക്കി), സജി പുല്ലാട്, അനിൽ ജനാർദ്ദനൻ എന്നിവരുടെ അവതരണം പരിപാടിയുടെ വിജയത്തിനായി സഹായിച്ചു.
വയനാട് മുണ്ടക്കൈ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട ഷഹീദിനും കുടുംബത്തിനും വയനാട് പുൽപ്പള്ളിയിൽ ഏഴര ലക്ഷം രൂപ ചിലവിൽ വീട് ഒരുങ്ങുന്നതായി ഭാരവാഹികൾ അറിയിച്ചു. വീടുപണി നവംബറിൽ പൂർത്തിയാകും.
നൂപുര സ്കൂൾ ഓഫ് ഡാൻസ്, സ്പാർക്ക്, സിനി മുദ്രാ സ്കൂൾ ഓഫ് ആർട്സ്, റിഥം ഇന്ത്യ എന്നീ ഡാൻസ് സ്കൂളുകളുടെ നൂറുകണക്കിന് കുട്ടികൾ വിവിധ കലാപരിപാടികളിൽ പങ്കെടുത്തു. ഹൂസ്റ്റണിലെ മികച്ച ഗായകരുടെ ഗാനങ്ങളും ആസ്വാദ്യകരമായി. അത്തപ്പൂക്കളവും ഒരുക്കിയിരുന്നു.
അമേരിക്കയിലെ നോർക്ക അഫലിയേറ്റഡ് ആയിട്ടുള്ള രണ്ടാമത്തെ അസോസിയേഷൻ ആയി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ തെരഞ്ഞെടുക്കപ്പെട്ടു. സുബിൻ കുമാരൻ സർട്ടിഫിക്കറ്റ് മാഗ് ഭാരവാഹികൾക്ക് കൈമാറി. മികച്ച കർഷകർക്ക് വേണ്ടി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ആയി ക്യാഷ് അവാർഡുകളും ഫലകങ്ങളും സമ്മാനിച്ചു. പഞ്ചഗുസ്തി മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. ട്രഷറർ സുജിത്ത് ചാക്കോ നന്ദി രേഖപ്പെടുത്തി.
രാവിലെ മുതൽ ഒഴുകിയെത്തിയ ജനങ്ങൾക്കായി പരമ്പരാഗതമായ രീതിയിൽ ഒരുക്കിയ ഓണസദ്യയും വിളമ്പി. ആയിരക്കണക്കിനാളുകളാണ് അതിൽ പങ്കെടുത്തത്. അപ്നാ ബസാർ ആയിരുന്നു ഓണസദ്യ ഒരുക്കിയത്.
മാത്യൂസ് ചാണ്ടപിള്ള, ക്രിസ്റ്റഫർ ജോർജ്, സുനിൽകുമാർ തങ്കപ്പൻ, ജോസഫ് കുന താൻ ( തങ്കച്ചൻ ), വിഘ്നേഷ് ശിവൻ, അലക്സ് മാത്യു, പ്രബിത് മോൻ വെള്ളിയാൻ, റീനു വർഗീസ്, മിഖായേൽ ജോയ് (മിക്കി), ബിജോയ് തോമസ്, ജോൺ ഡബ്ലിയു വർഗീസ്, മോൻസി കുര്യാക്കോസ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
മുപ്പതോളം വരുന്ന സ്പോൺസർസ്, വിശിഷ്ട അതിഥികൾ, വിവിധ ഡാൻസ് സ്കൂളുകൾ, വിവിധ പരിപാടികളിൽ പങ്കെടുത്ത പ്രിയപ്പെട്ട കലാകാരന്മാർ, സദ്യ വിളമ്പിയ സുഹൃത്തുക്കൾ, സെന്റ് ജോസഫ് ഹാളിന്റെ മാനേജർ ജീടോം, ജോർജ്, ഡിജിറ്റൽ മീഡിയ വിംഗ് ജോസഫ് കൂനതാൻ (തങ്കച്ചൻ), വിഘ്നേഷ് ശിവൻ, ക്രിസ് ജോർജ്, മികച്ച വീഡിയോഗ്രാഫിയും ഫോട്ടോഗ്രാഫിയും ചെയ്ത ജോർജ് ഫ്ലവേഴ്സ്, രഞ്ജിത്ത് എന്നിവർക്കും ഓണാഘോഷത്തെ മികവുറ്റതാക്കുവാൻ പ്രവർത്തിക്കുകയും സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി സംഘാടകർ അറിയിച്ചു.
യുഎസിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള സമീപകാല ആക്രമണങ്ങളെ അപലപിച്ചു കോൺഗ്രസ് അംഗം സുഹാസ് സുബ്രഹ്മണ്യൻ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലുടനീളം ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള സമീപകാല ആക്രമണങ്ങളെ കോൺഗ്രസ് അംഗം സുഹാസ് സുബ്രഹ്മണ്യൻ അപലപിച്ചു.
സെപ്റ്റംബർ 10 ന് രാവിലെ യു എസ് പ്രതിനിധിസഭയിൽ സുബ്രഹ്മണ്യൻ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സമൂഹങ്ങളിൽ വെറുപ്പിന് സ്ഥാനമില്ല, അതുകൊണ്ടാണ് ഇന്ത്യാനയിലെ ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിർ മുതൽ ഉട്ടായിലെ ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രം വരെ രാജ്യത്തുടനീളമുള്ള ഹിന്ദു ക്ഷേത്രങ്ങൾക്കും മന്ദിരങ്ങൾക്കും നേരെയുള്ള സമീപകാല വിദ്വേഷ ആക്രമണങ്ങളെ അപലപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളമുള്ള അക്രമത്തിന്റെയും വിഭജനത്തിന്റെയും കുതിച്ചുചാട്ടത്തിന്റെ ഭാഗമാണിതെന്ന് വാദിച്ചുകൊണ്ട്, അത്തരം ആക്രമണങ്ങൾ ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും എല്ലാ ആരാധനാലയങ്ങളെയും ബാധിക്കുന്നുണ്ടെന്നും സുബ്രഹ്മണ്യൻ പറഞ്ഞു.
ക്നാനായ കത്തോലിക്കാ അസോസിയേഷൻ ഓഫ് ഡാളസ്ഫോർത്ത് ഓണാഘോഷം ഗംഭീരമായി
ഡാളസ്: ക്നാനായ കത്തോലിക്കാ അസോസിയേഷൻ ഓഫ് ഡാളസ്ഫോർത്ത്വർത്ത് ഓണം 2025 ആഘോഷിച്ചു. ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ക്നായ് തോമ്മൻ ഹാളിൽ നടന്ന ചടങ്ങ് വൈകുന്നേരം 6.30ന് മഹാബലിയുടെയും താലപ്പൊലിയേന്തിയ സ്ത്രീകളുടെയും ചെണ്ടമേളവും ചുണ്ടൻ വള്ളവും അണിനിരത്തിയ സാംസ്കാരിക ഘോഷയാത്രയോടെ വിശിഷ്ടാതിഥികളെ വരവേറ്റു.
ഇന്ത്യയുടെ ഐക്യരാഷ്ട്രസഭാ സ്ഥിരം മിഷനിലെ കൗൺസിലർ എൽദോസ് മാത്യു പുന്നൂസ്, നടൻ ജോസുകുട്ടി വലിയകല്ലുങ്കൽ, കെസിസിഎൻഎ ട്രഷറർ ജോജോ തറയിൽ, ക്രൈസ്റ്റ് ദി കിംഗ് പാരീഷ് വികാരി റവ. ഫാ. എബ്രഹാം കളരിക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കെസിഎഡിഎഫ്ഡബ്ല്യു പ്രസിഡന്റ് ബൈജു അലാപ്പാട്ട് സ്വാഗത പ്രസംഗം നടത്തി.
ഷിക്കാഗോയിലേക്ക് സ്ഥലം മാറി പോകുന്ന റവ. ഫാ. അബ്രഹാം കളരിക്കലിനും വിശിഷ്ടാതിഥികൾക്കും എക്സിക്യൂട്ടീവ് കമ്മിറ്റി മൊമെന്റോ സമ്മാനിച്ചു. പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു പ്രശസ്ത ഹാസ്യ താരവും സിനിമാ കലാകാരനുമായ ജോബി പാലയുടെ മനോഹരമായ ഹാസ്യപ്രകടനം, ഇത് മുഴുവൻ പ്രേക്ഷകരെയും ആകർഷിച്ചു. സാംസ്കാരിക പരിപാടികൾക്ക് ശേഷം ഓണസദ്യയുണ്ടായിരുന്നു.പ്രധാന പരിപാടികൾക്ക് ശേഷം കെസിഎഡിഎഫ്ഡബ്ല്യു സെക്രട്ടറി ബിനോയ് പുതേൻമാടത്തിൽ നന്ദി പറഞ്ഞു.
റൈന കരക്കാട്ടിലും ആൽബർട്ട് പുഴക്കാരോത്തും എംസിമാരായിരുന്നുബോർഡ് ഡയറക്ടേഴ്സിന്റെ നേതൃത്വത്തിൽ കെസിഎഡിഎഫ്ഡബ്ല്യു എക്സിക്യൂട്ടീവ് കമ്മിറ്റിയും ചേർന്നാണ് ചടങ്ങുകൾ സംഘടിപ്പിച്ചത് .
പ്രസിഡൻറ് ബൈജു പുന്നൂസ് അലാപ്പാട്ട്, വൈസ് പ്രസിഡന്റ് ജോബി പഴുക്കായിൽ, ജോയിന്റ് സെക്രട്ടറി അജീഷ് മുളവിനാൽ, ട്രഷറർ ഷോൺ ഏലൂർ, നാഷണൽ കൗൺസിൽ മെമ്പർമാർ ബിബിൻ വില്ലൂത്തറ, ജിജി കുന്നശേരിയിൽ, സേവ്യർ ചിറയിൽ, ഡോ. സ്റ്റീഫൻ പോട്ടൂർ, സിൽവെസ്റ്റർ കോടുന്നിനാം കുന്നേൽ, ലൂസി തറയിൽ, തങ്കച്ചൻ കിഴക്കെപുറത്തു, സുജിത് വിശാഖംതറ, കെവിൻ പല്ലാട്ടുമഠം വിമെൻസ് ഫോറം പ്രസിഡന്റ് ലിബി എരിക്കാട്ടുപറമ്പിൽ, യുവജനവേദി പ്രസിഡന്റ് റോണി പതിനാറുപറയിൽ, കെസിവൈഎൽ പ്രസിഡന്റ് ജെയിംസ് പറമ്പേട്ട് . കെസിഎഡിഎഫ്ഡബ്ല്യു വിമൻസ് ഫോറം, കെസിവൈഎൽ, കിഡ്സ് ക്ലബ് എന്നീ ഘടകങ്ങളും വൊളിന്റയർമാരും പരിപാടിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി, കെസിഎഡിഎഫ്ഡബ്ല്യു വാർഷിക സാംസ്കാരിക മത്സരങ്ങളും ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ ആറ് വരെ രണ്ട് വാരാന്ത്യങ്ങളിലായി നടന്നു. മത്സരങ്ങൾ ടീന കുഴിപ്പിൽ, മായ അമ്പാട്ട്, ജെയിംസ് കാരിങ്ങണാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സാംസ്കാരിക സമിതി, മുൻ സെക്രട്ടറി ജിസ് കലപുരയിൽയുടെ പിന്തുണയോടെയാണ് സംഘടിപ്പിച്ചത്.
യുഎസിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
ന്യൂയോർക്ക്: യുഎസിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂർ മാതമംഗലം സ്വദേശിയായ വി.വി. ശരത്(42) ആണ് മരിച്ചത്.
ശങ്കരൻകുട്ടി (റിട്ട. സെൻട്രൽ ഡിഫൻസ് അക്കൗണ്ടന്റ്സ്) - വത്സല (റിട്ട. അധ്യാപിക) ദമ്പതികളുടെ മകനാണ്. ഭാര്യ: അഞ്ജലി (യുഎസ്). മക്കൾ: ഇന്ദ്ര, സാറ (ഇരുവരും യുഎസിൽ വിദ്യാർഥികൾ).
"കേളീരവം - 2025': അമേരിക്കയിൽ കലാപര്യടനം ആരംഭിച്ചു
കലിഫോർണിയ: കലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തപസ്യ ആർട്ട്സ് സാൻ ഫ്രാൻസിസ്കോ കേരളത്തിലെ കഥകളി കലാകാരന്മാരെ ഉൾപ്പെടുത്തി "കേളീരവം - 2025' എന്ന പേരിൽ അമേരിക്കയിൽ കലാപര്യടനം ആരംഭിച്ചു.
13ന് വാഷിംഗ്ടൺ ഡിസിയിൽ ആരംഭിച്ച കലാപര്യടനം ഇരുപതോളം വേദികളിൽ അരേങ്ങറും. നവംബർ ഒമ്പതിന് അറ്റ്ലാന്റയിലാണ് പരിപാടി സമാപിക്കുക.
ഹൂസ്റ്റൺ, ഡാളസ്, ന്യൂജഴ്സി, ന്യൂയോർക്ക്, ഫിലഡൽഫിയ, സാൻ ഫ്രാൻസിസ്കോ, മൗണ്ടൻഹൗസ്, സാക്രമെന്റോ, സിയാറ്റിൽ, പോർട്ട്ലാൻഡ്, ഡിട്രോയിറ്റ്, ഷിക്കാഗോ, സെന്റ് ലൂയിസ് തുടങ്ങിയ നഗരങ്ങളിലാണ് മറ്റ് വേദികൾ ഒരുങ്ങുന്നത്.
തപസ്യ അർട്ട്സിനോടൊപ്പം ഈ നഗരങ്ങളിലെ കലാ സാംസ്കാരിക സംഘടനകളും സ്ഥാപനങ്ങളും ചേർന്നാണ് കഥകളി സംഘടിപ്പിക്കുന്നത്.
കലാമണ്ഡലം മനോജ്, പീശപ്പിള്ളി രാജീവ്, കോട്ടക്കൽ മധു, കലാമണ്ഡലം ശിവദാസ്, കോട്ടക്കൽ ഹരികുമാർ, രോഷ്നി പിള്ള, സദനം ജ്യോതിഷ് ബാബു, കലാമണ്ഡലം വേണു, ഏരൂർ മനോജ്, ജിഷ്ണു ഒരുപുലാശേരിൽ, കലാനിലയം ശ്രീജിത് സുന്ദരൻ, സദനം ജിതിൻ എന്നിവർ ഉൾപ്പെടുന്നതാണ് സംഘം.
ദുര്യോധനവധം, ദക്ഷയാഗം, സന്താനഗോപാലം, കുചേലവൃത്തം, കർണശപഥം, കീചകവധം, കിരാതം തുടങ്ങി വ്യത്യസ്തമായ കഥകൾ ഈ സംഘം അവതരിപ്പിക്കും. കഥകളി സംഗീതത്തിലൂടെ പുതിയ തലമുറയെ കഥകളിയിലേക്ക് ആകർഷിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന അനുഗൃഹീത ഗായകനായ കോട്ടക്കൽ മധുവിന്റെ നേതൃത്വത്തിൽ സംഗീതപരിപാടികളും വിവിധ വേദികളിൽ അരങ്ങേറും.
തപസ്യ ആർട്ട്സ് സാൻഫ്രാൻസിസ്കോയുടെ ഭാരവാഹികളായ പ്രസിഡന്റ് മധു മുകുന്ദൻ, സെക്രട്ടറി സജീവ് പിള്ള, ട്രഷറർ അനിൽ നായർ, രക്ഷാധികാരി സജൻ മൂലേപ്ലാക്കൽ എന്നിവർ അടങ്ങുന്ന സംഘമാണ് കേളീരവത്തിന് നേതൃത്വം നൽകുന്നത്.
ഇതോടൊപ്പം കഥകളിയുടെ വിവിധ തലങ്ങളെക്കുറിച്ച് അറിവ് പകരുന്ന ലേഖനങ്ങളും കഥാ സംഗ്രഹങ്ങളും കലാകാരന്മാരുടെ അനുഭവങ്ങളും പങ്കുവയ്ക്കുന്ന കേളീരവം സുവനീർ അണിയറയിൽ തയാറായി വരുന്നു.
ട്രിനിറ്റി മാർത്തോമ്മാ ഇടവക മിഷൻ കൺവൻഷൻ വ്യാഴാഴ്ച മുതൽ
ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവകയിലെ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവൻഷൻ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടക്കും.
ട്രിനിറ്റി ദേവാലയത്തിൽ(5810, Almeda Genoa Rd, Houston, TX 77048) നടക്കുന്ന കൺവൻഷൻ യോഗങ്ങൾ ഇടവക ഗായകസംഘത്തിന്റെ ഗാനശുഷ്രയോടുകൂടി വൈകുന്നേരം ഏഴിന് ആരംഭിക്കും.
പ്രമുഖ ദൈവശാസ്ത്ര ചിന്തകനും കൺവൻഷൻ പ്രസംഗകനും മിഷൻസ് ഇന്ത്യ സ്ഥാപകനും ചെയർമാനുമായ ഡോ. ജോർജ് ചെറിയാൻ(തിരുവല്ല) ദൈവവചന പ്രഘോഷണത്തിനു നേതൃത്വം നൽകും.
കൺവൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സന്തോഷപൂർവം ക്ഷണിക്കുന്നതായി ഇടവക മിഷൻ ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റവ. ജിജു എം. ജേക്കബ് (വികാരി) - 832 898 8699, റവ. ജീവൻ ജോൺ (അസി. വികാരി) - 713 408 7394, ജോൺ കുരുവിള (വൈസ് പ്രസിഡന്റ്) - 281 615 7603, എബ്രഹാം ഇടിക്കുള (സെക്രട്ടറി) - 713 614 9381, ബാബു ടി. ജോർജ് (ട്രഷറർ) - 281 723 1606.
അജയകുമാർ അനുസ്മരണം ശനിയാഴ്ച ഡാളസിൽ
ഡാളസ്: ഡാളസിലെ സാമൂഹിക, സാംസ്കാരിക സംഘടനയായ സൗഹൃദ വേദിയുടെ അമരക്കാരനായിരുന്ന അന്തരിച്ച അജയകുമാറിന്റെ അനുസ്മരണ സമ്മേളനം ഈ മാസം 20ന്. ഡാളസിലെ കാരോൾട്ടണിലെ റോസ്മെഡ് റിക്രിയേഷൻ സെന്ററിലാണ് (1330 E Rosemeade Pkwy, Carrollton,Tx 75007) സമ്മേളനം.
ഡാളസ് സൗഹൃദ വേദിയുടെ അമരക്കാരനും തിരുവല്ല തലവടി ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായിരുന്ന അജയകുമാർ തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും സംഘടനാ പ്രവർത്തനത്തിനും സാമൂഹിക സേവനത്തിനുമായി ഉഴിഞ്ഞുവച്ചു.
അജയകുമാറിന്റെ ഓർമകളെ അനുസ്മരിക്കുന്ന സമ്മേളനത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ജബോയ് തോമസ് (പ്രസിഡന്റ്), ബാബു വർഗീസ് (സെക്രട്ടറി), ബിനോജ് എബ്രഹാം (ട്രഷറർ) എന്നിവർ അറിയിച്ചു.
നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ജന്മദിനാശംസകൾ നേർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന് എക്സിലൂടെ മോദി നന്ദി പറഞ്ഞു.
"75-ാം ജന്മദിനത്തിൽ ആശംസകൾ നേർന്നതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപിന് നന്ദി. നിങ്ങളെപ്പോലെ, ഇന്ത്യ-യുഎസ് പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. യുക്രെയ്ൻ സംഘർഷത്തിൽ സമാധാനപരമായ പരിഹാരം കാണാനുള്ള ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു' - മോദി എക്സിൽ കുറിച്ചു.
മോദിയെ ഫോണിൽ വിളിച്ചതായി സ്ഥിരീകരിച്ച് ട്രംപും ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് പങ്കുവച്ചു. എന്റെ സുഹൃത്ത് നരേന്ദ്ര മോദിയുമായി ഫോൺ സംഭാഷണം നടത്തി. അദ്ദേഹത്തിന് ജന്മദിനാശംസ നേർന്നു. റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പിന്തുണയ്ക്ക് മോദിക്ക് നന്ദി അറിയിക്കുന്നതായും ട്രംപ് അറിയിച്ചു.
ഇന്ത്യൻ വംശജന്റെ കൊലപാതകത്തിനു കാരണം ബൈഡൻ ഭരണകൂടമെന്ന് ഐസിഇ
വാഷിംഗ്ടൺ ഡിസി: യുഎസിലെ ഇന്ത്യൻ വംശജനായ മോട്ടൽ മാനേജർ ചന്ദ്ര നാഗമല്ലയ്യ (50) യുടെ കൊലപാതകത്തിനു കാരണം ജോ ബൈഡൻ ഭരണകൂടത്തിന്റെ തെറ്റായ സമീപനങ്ങളാണെന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ).
“ക്യൂബയിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണ് സ്വന്തം കുടുംബം നോക്കിനിൽക്കേ ഇന്ത്യൻ വംശജനെ കൊലപ്പെടുത്തിയത്. ഈ ക്രിമിനലിനെ ക്യൂബ തിരിച്ചെടുക്കാൻ വിസമ്മതിച്ചപ്പോൾ, ബൈഡൻ ഭരണകൂടം അയാളെ അമേരിക്കയുടെ തെരുവുകളിലേക്കു തുറന്നുവിട്ടു”- ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് എക്സിൽ കുറിച്ചു.
ഡൗൺടൗൺ സ്യൂട്ട്സ് മോട്ടലിൽവച്ച് സഹപ്രവർത്തകനായ യോർഡാനിസ് കോബോസ് മാർട്ടിനേസ് (37) ആണ് ചന്ദ്ര നാഗമല്ലയ്യയെ അദ്ദേഹത്തിന്റെ ഭാര്യയുടെയും കുട്ടിയുടെയും മുന്നിൽ വച്ച് തലയറത്തു കൊന്നത്.
"സ്നേഹ സങ്കീർത്തനം' ക്രിസ്തീയ സംഗീത വിരുന്ന് ന്യൂയോർക്കിൽ ഒക്ടോബർ അഞ്ചിന്
ന്യൂയോർക്ക്: യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ അഞ്ചിന് വൈകുന്നേരം അഞ്ചിന് ന്യൂയോർക്ക് എൽമോന്റ് സീറോമലങ്കര കാത്തലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ "സ്നേഹ സങ്കീർത്തനം' എന്ന പേരിൽ ക്രിസ്തീയ സംഗീത വിരുന്ന് സംഘടിപ്പിക്കും.
പ്രശസ്ത ക്രിസ്തീയ ഭക്തിഗായകൻ റോയി പുത്തൂർ, അനേകം ക്രിസ്തീയ ആൽബങ്ങളിലൂടെ പ്രശസ്തയായ മരിയ കോലാടി എന്നിവരെ കൂടാതെ പിന്നണി ഗായിക മെറിൻ ഗ്രിഗറി, ക്രൈസ്തവ ഗാന രംഗത്ത് നിറസാന്നിധ്യമായ ഇമ്മാനുവൽ ഹെൻറി എന്നീ ഗായകരും ലൈവ് ഓർക്കസ്ട്രയും ചേർന്ന് ഈ സംഗീത വിരുന്നിന് മികവേകും.
ഡിവൈൻ മ്യൂസിക് ആൻഡ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ഈ സംഗീത വിരുന്നിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതും സൗജന്യ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ലാജി തോമസ് - 516 849 0368.
പാസ്റ്റർ സി.ജെ. എബ്രാഹം അന്തരിച്ചു
ഡാളസ്: ഇന്ത്യ പെന്തക്കൊസ്ത് ദൈവസഭാ സീനിയർ ശുശ്രൂഷകനും മലബാർ പെന്തക്കൊസ്ത് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവുമായ പാസ്റ്റർ സി.ജെ. എബ്രഹാം(86) അന്തരിച്ചു.
1968 കാലഘട്ടത്തിൽ തൃശൂരിൽ വന്ന് നെല്ലിക്കുന്ന് ഇന്ത്യ പെന്തക്കൊസ്ത് ദൈവസഭയുടെ ശുശ്രൂഷകനായി പ്രവർത്തിച്ച് സഭയുടെ ആത്മീയ പുരോഗതിയിൽ ശക്തമായ നേതൃത്വം നൽകി.
തുടർന്ന് കുടുംബമായി 1971-ൽ മലബാറിന്റെ മണ്ണിൽ ഐപിസി പ്രസ്ഥാനത്തിന്റെ മുന്നണി പ്രവർത്തകനായി പുതിയ സഭകൾക്ക് തുടക്കം കുറിച്ചു.
ഭാര്യ: പരേതയായ ഏലിക്കുട്ടി(കൊട്ടാരക്കര കുട്ടിയപ്പൻ പാസ്റ്ററുടെ മകൾ). മക്കൾ: മേഴ്സി ജേക്കബ്, ഡാളസ്. ഗ്രേസി മത്തായി, ഡാളസ്. ജെസ്സി പൗലോസ്, ഡാളസ്. ജോയ്സ് വർഗീസ്, ഡാളസ്. ബ്ലെസി മാത്യു, ഡാളസ്.
മരുമക്കൾ: പരേതനായ മൊനായി ടി. ജേക്കബ്, സാം മയിത്തായി, പോൾ പൗലോസ്, ജെസ്റ്റി വർഗീസ്, ബിജോയ് മാത്യു.
കൂടുതൽ വിവരങ്ങൾക്കു: സാം മത്തായി (ഡാളസ്) - 972 689 6554.
"സാമോദം ചിന്തയാമി' കർണാട്ടിക് സംഗീത കച്ചേരി കാൽഗറിയിൽ 21ന്
കാൽഗറി: സ്വാതിതിരുനാൾ രാമവർമ മഹാരാജാവിന്റെ അമൂല്യ കൃതികളിലൂടെ ഒരു സഞ്ചാരവുമായി "സാമോദം ചിന്തയാമി' കർണാട്ടിക് സംഗീത കച്ചേരി ഈ മാസം 21ന് കാൽഗറി റെൻഫ്രൂ കമ്യൂണിറ്റി ഹാളിൽ (811 Radford Rd NE, Calgary) നടക്കും.
സ്വാതിതിരുനാൾ രാമവർമ മഹാരാജാവിന്റെ വിവിധ ഭാഷകളിലുള്ള കൃതികൾ, പദങ്ങൾ, ഭജൻ, തില്ലാന എന്നിവ ചേർത്തിണക്കിക്കൊണ്ട് തനത് രീതിയിൽ നിന്നും വ്യത്യസ്തമായുള്ള സംഗീത സദസാണ് "സാമോദം ചിന്തയാമി'.
ദക്ഷിണ ഭാരതസംഗീതത്തിന്റെ ആഴത്തിലുള്ള പാരമ്പര്യവും സർഗാത്മതയും സംസ്കാരവും ആസ്വാദകർക്ക് പകർന്നുകൊടുക്കുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. മമത നമ്പൂതിരി (വോക്കൽ), ആദിത്യ നാരായണൻ (മൃദംഗം), മുകുന്ദ് കൃഷ്ണൻ (വയലിൽ) എന്നിവർ വേദിയിലെത്തും.
കുറവിലങ്ങാട് ദേവമാത കോളജ് രസതന്ത്ര വിഭാഗം മുൻ മേധാവിയായ ചലച്ചിത്രതാരം ബാബു നമ്പൂതിരിയുടെ മകളാണ് മമത നമ്പൂതിരി. പ്രവേശനം പാസുമൂലം നിയന്ത്രിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
തങ്കമ്മ സ്കറിയ ഡാളസിൽ അന്തരിച്ചു
ഡാളസ്: കൊല്ലം ആയൂർ പെരിങ്ങള്ളൂർ മേലേതിൽ വീട്ടിൽ പരേതനായ എം.സി. സ്കറിയയുടെ ഭാര്യ തങ്കമ്മ സ്കറിയ(98) ഡാളസിൽ അന്തരിച്ചു. മക്കൾ: സൂസി വർഗീസ്, ജേക്കബ് സ്കറിയ, ഗ്രേസമ്മ ജോർജ്, പരേതനായ സാമുവൽ സ്കറിയ, ലിസി തോമസ്, മേഴ്സി ചാൾസ്.
മരുമക്കൾ: മാമൻ വർഗീസ്, വത്സമ്മ ജേക്കബ്, ജോർജ് മാത്യു, സൂസമ്മ സാമുവൽ, പരേതനായ തോമസ് ജോർജ്, ചാൾസ് ജോർജ്.
പൊതുദർശനം ബുധനാഴ്ച വെെകുന്നേരം ആറ് മുതൽ ഒമ്പത് വരെ മെട്രോ ചർച്ച് ഓഫ് ഗോഡിൽ നടക്കും (13930 Distribution Way Farmers Brach TX 75234).
സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് മെട്രോ ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം ഹിൽടോപ് മെമ്മോറിയൽ പാർക്കിൽ (1801 N Perry Road Carrollton Texas 75006).
അന്നക്കുട്ടി ജോസഫ് ഫിലാഡല്ഫിയയിൽ അന്തരിച്ചു
ഫിലാഡല്ഫിയ: അമലഗിരി വരിക്കപ്പളളില് പരേതനായ ജോസഫ് സാറിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് (95) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഫിലാഡല്ഫിയയിലെ സെന്റ് തോമസ് ഫൊറോന പളളിയില്. പരേത കോട്ടാങ്ങല് പനന്തോട്ടം കുടുംബാംഗമാണ്.
മക്കള്: വല്സമ്മ പോള്, ജെ. മാണി (വരിക്കപ്പളളില് ഏജന്സീസ്, അമലഗിരി), പരേതയായ സിസ്റ്റര് കൊച്ചുറാണി എസ്എബിഎസ് (മുന് പ്രിന്സിപ്പൽ, സെന്റ് തെരേസാസ് റ്റിറ്റിഐ വാഴപ്പളളി), ആനിയമ്മ സെബാസ്റ്റ്യന് (യുഎസ്എ), റോസമ്മ ജെയിംസ് (റിട്ട.അധ്യാപിക), ഫാ. ജോസ് വരിക്കപ്പളളി (വികാരി, സെന്റ് മേരീസ് പഴയ പളളി, വായ്പ്പൂര്), ബീനാമോള് സാബു, ജെയിംസ് ജോസഫ് (യുഎസ്എ).
മരുമക്കള്: പരേതനായ പോള് പി. തെങ്ങുംപളളി കുറുപ്പന്തറ, ലില്ലിക്കുട്ടി മാണി ചിറ്റക്കാട്ടിൽ കുറവിലങ്ങാട്, സെബാസ്റ്റ്യന് പഴയമഠം തിടനാട് (യുഎസ്എ), ജെയിംസ് തോട്ടത്തുമാലില് ഒറ്റപ്പാലം, സാബു ചക്കാലയ്ക്കല് പോളപ്പറന്പിൽ കൊച്ചുകടവന്ത്ര (റിയ മെഡിക്കല്സ്, പളളിമുക്ക്), സുനിത ജെയിംസ് പറപ്പള്ളി പെരുന്തല്മണ്ണ് (യുഎസ്എ).
കുമരകം സ്വദേശിക്ക് ന്യൂയോര്ക്ക് സ്റ്റേറ്റ് ടീച്ചര് അവാര്ഡ്
ന്യൂയോര്ക്ക്: കുമരകം സ്വദേശിയായ അധ്യാപകന് ന്യൂയോര്ക്ക് സ്റ്റേറ്റ് ടീച്ചര് ഓഫ് ദ ഇയര് 2026 പുരസ്കാരം ലഭിച്ചു. കുമരകം 12-ാം വാര്ഡില് വാഴവേലിത്തറ പ്രിന്സ് ജോണ്സണിനാണ് അവാര്ഡ് ലഭിച്ചത്.
മന്ഹാട്ടന് ഫുഡ് ആന്ഡ് ഫിനാന്സ് ഹൈസ്കൂള് അധ്യാപകനാണ് പ്രിന്സ്. കമാന്ഡര് മാത്യു ജോണ്സണ് - ഏലിയാമ്മ ദമ്പതികളുടെ മകനാണ്.
ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ട കേസിൽ നീതി ലഭ്യമാക്കും: ട്രംപ്
ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജൻ ചന്ദ്രമൗലി നാഗമല്ലയ്യക്ക് നീതി ലഭ്യമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്. കൊല നടത്തിയ ക്യൂബക്കാരൻ അമേരിക്കയിലെത്താൻ പാടില്ലായിരുന്നു.
കസ്റ്റഡിയിലുള്ള കുറ്റവാളിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭ്യമാക്കുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ഡാളസിൽ ഹോട്ടൽ മാനേജരായിരുന്ന നാഗമല്ലയ്യയെ ജോലിക്കാരനും ക്യൂബക്കാരനുമായ കോബോസ് മാർട്ടിനസ് കഴുത്തറത്ത് കൊല്ലുകയായിരുന്നു.
അറസ്റ്റിലായ പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി. ഇയാളെ അമേരിക്കയിൽനിന്ന് നാടുകടത്താൻ യുഎസ് കുടിയേറ്റവകുപ്പ് ആലോചിക്കുന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.
56 ഇന്റർനാഷണൽ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
സെന്റ് ലൂയിസ്: സെന്റ് ലൂയിസിൽ ഈ മാസം 19, 20, 21 തീയതികളിൽ നടക്കുന്ന 26-ാമത് 56 ഇന്റർനാഷണലും സെന്റ് ലൂയിസ് 56 ക്ലബും ചേർന്ന് നടത്തുന്ന ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ടൂർണമെന്റിന്റെ നാഷണൽ എക്സിക്യൂട്ടീവ് കോഓർഡിനേറ്റർമാർ അറിയിച്ചു.
ഏകദേശം 90ൽ പരം ടീമുകൾ മാറ്റുരയ്ക്കുന്ന ഈ വാശിയേറിയ മത്സരത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. 19ന് രാവിലെ 11ന് രജിസ്ട്രേഷൻ ഓഫീസ് പ്രവർത്തനം ആരംഭിക്കും. ആദ്യം രജിസ്ട്രേഷനും തുടർന്ന് ദേശീയ സമിതി യോഗവും ജനറൽ ബോഡിയും അതിനുശേഷം ഉദ്ഘാടനവും നടക്കും. ആദ്യ മത്സരം വൈകുന്നേരം നാലിന് ആരംഭിക്കും.
18ന് വൈകുന്നേരം പരിശീലന ഗെയിമുകൾ ഉണ്ടായിരിക്കുന്നതാണ്. അന്ന് എത്തിച്ചേരുന്നവർക്ക് ഭക്ഷണ പാനീയങ്ങൾ ഒരുക്കുന്നതാണ്. 200 ഡോളർ വീതമാണ് ഒരാൾക്ക് ടൂർണമെന്റ് രജിസ്ട്രേഷൻ ഫീസ്.
സെന്റ് ലൂയിസ് എയർപോർട്ടിൽ നിന്ന് ഹോട്ടലിന്റെ കോംപ്ലിമെന്ററി ഷട്ടിൽ സർവീസ് ഉണ്ടായിരിക്കുന്നതാണ്. ഹോട്ടലിൽ നിന്നും ഇവന്റ് സെന്ററിലേക്ക് സംഘാടകർ ഒരുക്കുന്ന ഷട്ടിൽ സർവീസും ഉണ്ടായിരിക്കുന്നതാണ്.
വിജയികളാകുന്ന ടീമുകൾക്ക് ഒന്നാം സമ്മാനമായി ജോയ് മുണ്ടപ്ലാക്കിൽ മെമ്മോറിയൽ: മൂവായിരം ഡോളർ, രണ്ടാം സമ്മാനമായി രണ്ടായിരത്തി ഒരുനൂറ് ഡോളർ, മൂന്നാം സമ്മാനമായി ആയിരത്തി അഞ്ഞൂറ് ഡോളർ, നാലാം സമ്മാനമായി ആയിരത്തി ഇരുനൂറ് ഡോളർ എന്നീ ക്രമത്തിൽ കാഷ് അവാർഡുകളും ട്രോഫികളും നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: മാത്യു ചെരുവിൽ (ചെയർമാൻ) - 586 206 6164, എൽദോ ജോൺ (ഇവന്റ് മാനേജർ) - +1 314 324 1051, കുര്യൻ നെല്ലാമറ്റം (വൈസ് ചെയർമാൻ) - 1 630 664 9405, ആൽവിൻ ഷുക്കൂർ (സെക്രട്ടറി) - 630 303 4785, നാഷണൽ കോഓർഡിനേറ്റർമാരായ സാബു സ്കറിയ - 267 980 7923, രാജൻ മാത്യു - 469 855 2733, സാം മാത്യു - 416 893 5862, നിതിൻ ഈപ്പൻ - +1 203 298 8096, ബിനോയ് ശങ്കരാത്ത് (ഐടി കോഓർഡിനേറ്റർ) +1 (703) 981-1268.
കാനഡ ഗ്രാൻഡ് നൈറ്റ് അവാർഡ് ഫ്രാൻസിസ് ജോസഫിന്
ലാക്കോംബ്: കാനഡയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശോഭിക്കുന്നവർക്കായി ലാക്കോംബ് ആൽബെർട്ട നൈറ്റ്സ് ഓഫ് കൊളംബസ് കൗൺസിൽ നൽകുന്ന ഗ്രാൻഡ് നൈറ്റ് അവാർഡ് മണ്ണാർകാട് കാഞ്ഞിരപ്പുഴ സ്വദേശിയും കാനഡ മലയാളിയുമായ ഫ്രാൻസിസ് ജോസഫിന് ലഭിച്ചു.
ലാക്കോംബ് നഗരത്തിലും കാനഡയിലും സമൂഹ്യ സേവനത്തിലും മറ്റ് മേഖലകളിലും ഫ്രാൻസിസ് ജോസഫ് നടത്തിവരുന്ന പ്രവർത്തനങ്ങളെ ആദരിച്ചുകൊണ്ടാണ് പുരസ്കാരം സമ്മാനിച്ചത്.
സഹായമനസ്കതയും സാഹോദര്യവും സാമൂഹ്യ സേവനത്തിനുള്ള പ്രതിബദ്ധതയും ഫ്രാൻസിസ് ജോസഫിനെ മികച്ച മനുഷ്യ സ്നേഹിയാക്കുന്നെന്നും അതുകൊണ്ടാണ് ഇദ്ദേഹം ഈ അവാർഡിന് അർഹനായതെന്ന് അവാർഡ് സമ്മാനിക്കുന്ന ചടങ്ങിൽ ഗ്രാൻഡ് നൈറ്റ് - എമറ്റ് ഹാൻരഹാൻ പറഞ്ഞു.
നൈറ്റ്സ് ഓഫ് കൊളംബസിലെ സംഭാവനകൾക്കു പുറമേ, ഫ്രാൻസിസ്, ലാക്കോംബ് ആക്ഷൻ ഗ്രൂപ്പിലെ സൂപ്പർവൈസർ കൂടിയാണ്. സെൻട്രൽ അൽബെർട്ടയിലെ പ്രമുഖ ഏജൻസികളിലൊന്നായ ഇത്, ഓട്ടിസം, ഡൗൺ സിൻഡ്രോം എന്നിവ ഉൾപ്പെടെയുള്ള വികസന വൈകല്യമുള്ള വ്യക്തികളെ കണ്ടെത്തി അവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്നു.
സഹായത്തിനായി എത്തുന്ന ക്ലയന്റുകളോട് സഹാനുഭൂതി, ക്ഷമ, കരുണ എന്നിവയോടെ പ്രവർത്തിക്കുന്ന ഫ്രാൻസിസിന്റെ സമീപനം സമൂഹത്തെയും ഏജൻസി നേതൃത്ത്വത്തെയും ഒരുപോലെ ആകർഷിച്ചിരിക്കുന്നു.
കാഞ്ഞിരപ്പുഴ പരേതരായ ജോസഫ് കന്നുംകുളമ്പിലിന്റെയും ഏലിക്കുട്ടി ജോസഫിന്റെയും മകനാണ്. ഭാര്യ ജിനു ഫ്രാൻസിസ് ആൽബെർട്ട ഗവൺമെന്റിൽ മെന്റൽ ഹെൽത്ത് തെറാപ്പിസ്റ്റായി സേവനമനുഷ്ഠിക്കുന്നു. മക്കൾ ജുവാൻ, ജേക്ക്, ജാനിസ്, ജിയന്ന എന്നിവർ കാനഡയിൽ പഠിക്കുന്നു.
സഹോദരനായ ഫാ. ജോസ് കുളമ്പിൽ ആണ് ഫ്രാൻസിസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനവും മാർഗദർശകനും.
ഹൂസ്റ്റൺ മലയാളി ഡോ. ജലധര ശോഭനന് ആഗോള അംഗീകാരം
ടെക്സസ്: ഹൂസ്റ്റണിലെ ബെയ്ലര് കോളജ് ഓഫ് മെഡിസിനില് പോസ്റ്റ് ഡോക്ടറല് അസോസിയേറ്റും മലയാളിയുമായ ഡോ. ജലധര ശോഭനന് നാനോ ടെക്നോളജിയില് ആഗോള അംഗീകാരം.
കാന്സറിനു കാരണമായേക്കാവുന്ന കോശങ്ങളെ നശിപ്പിക്കുന്നതിനായി ഫോട്ടോ സെന്സിറ്റൈസറും അള്ട്രാസെന്സിറ്റീവ് ഓക്സിജന് സെന്സറുമായി സംയോജിപ്പിക്കുന്ന നാനോ ഉപകരണം വികസിപ്പിച്ചെടുത്തതിനാണ് ഡോ.ജലധരക്ക് ആഗോള അംഗീകാരം ലഭിച്ചത്.
കാന്സര് ചികിത്സയിലെ പ്രധാന വെല്ലുവിളിയായ കാന്സര് കോശങ്ങളുടെ സമയബന്ധിതമായ തിരിച്ചറിയലിന് ഒരു മില്ലിലിറ്റര് രക്തത്തില് 110 സര്ക്കുലേറ്റിംഗ് ട്യൂമര് സെല്ലുകള് വരെ കണ്ടെത്താന് കഴിവുള്ള ലിക്വിഡ് ബയോപ്സി പ്ലാറ്റ്ഫോം ഡോ. ജലധര വികസിപ്പിച്ചിട്ടുണ്ട്.
ഈ കണ്ടുപിടുത്തത്തിന് ജാപ്പനീസ് ഫോട്ടോകെമിസ്ട്രി അസോസിയേഷന്റെ ജെപിപിഎ രസതന്ത്ര അവതരണ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള 260 ഗവേഷകരില് നിന്നാണ് ഡോ. ജലധാര ശോഭനനെ ഈ അവാര്ഡിനായി തെരഞ്ഞെടുത്തത്.
നാനോടെക്നോളജി രംഗത്തെ സുരക്ഷയ്ക്കും പാരിസ്ഥിതിക നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള സംഭാവനകളും ഡോ. ജലധാര നല്കിയിട്ടുണ്ട്. കേശവദാസപുരം കൊല്ലവിള സ്വദേശിനിയായ ഡോ.ജലധര പട്ടം കേന്ദ്രീയ വിദ്യാലയയില് ആയിരുന്നു സ്കൂള് വിദ്യാഭ്യാസം പുര്ത്തിയാക്കിയത്.
വിമന്സ് കോളജില് നിന്നും ബിരുദവും എംജി യൂണിവേഴ്സിറ്റിയില് നിന്നും ബിരുദാനന്ദര ബിരുദവും നേടി. റിട്ടയേര്ഡ് എയര്ഫോഴ്സ് ഉദ്യോഗസ്ഥന് ശോഭനന്റെയും ബീനയുടെയും മകളാണ് ഡോ.ജലധര.
ഷിക്കാഗോയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
ഷിക്കാഗോ: മലയാളി യുവാവ് ഷിക്കാഗോയിൽ വാഹനാപകടത്തിൽ മരിച്ചു. കുറുമുള്ളൂർ കണിയാംപറന്പിൽ പരേതനായ സിറിയക്കിന്റെയും മോളി ചെമ്മാച്ചേലിന്റെയും മകൻ നവീഷ് ലൂക്ക് സിറിയക്(42) ആണ് മരിച്ചത്.
സംസ്കാരം ചൊവ്വാഴ്ച ഷിക്കാഗോയിൽ. ഭാര്യ ജിനു പിറവം വെള്ളാപ്പള്ളിൽ കുടുംബാംഗം. മക്കൾ: നേതൻ, ജയിംസ്, ജിയാന. സഹോദരങ്ങൾ: നവീൻ, പ്രറ്റി മുടിക്കുന്നേൽ (ഇരുവരും അമേരിക്ക).
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ പരേതന്റെ ആത്മശാന്തിക്കായി കുർബാനയും മറ്റു തിരുക്കർമങ്ങളും ഉണ്ടായിരിക്കും.
അമേരിക്കയിൽ സിഖ് വയോധികയെ ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു, പ്രതിഷേധിച്ച് കുടുംബം
കാലിഫോർണിയ: കാലിഫോർണിയയിൽ സിഖ് വനിതയെ ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവച്ചത് പ്രതിഷേധത്തിനിടയാക്കി. 30 വർഷമായി വടക്കൻ കാലിഫോർണിയയിലെ ഈസ്റ്റ് ബേയിൽ താമസിക്കുന്ന 73 വയസുകാരിയായ ഹർജിത് കൗറിനാണ് ദുരനുഭവം.
സംഭവത്തിന് പിന്നാലെ ഹർജിത് കൗറിന്റെ കുടുംബവും സിഖ് സമൂഹത്തിൽ നിന്നുള്ളവരും പ്രതിഷേധിച്ചു. എന്നാൽ ഹർജിത് കൗറിന് രേഖകളില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 1992ൽ രണ്ട് ആൺമക്കളുമായി ഇന്ത്യയിൽനിന്ന് അമേരിക്കയിലെത്തിയതാണ് ഇവർ. 2012ൽ അഭയാർഥിത്വത്തിനുള്ള ഇവരുടെ അപേക്ഷ നിരസിക്കപ്പെട്ടിരുന്നു.
എന്നാൽ പിന്നീടുള്ള എല്ലാ സമയത്തും അവർ വർഷത്തിൽ രണ്ട് തവണ അവർ ഇമ്മിഗ്രേഷൻ വിഭാഗത്തിൽ നേരിട്ട് ഹാജരായിരുന്നുവെന്നും ഒരിക്കൽ പോലും ഇത് തെറ്റിയിട്ടില്ലെന്നും ഇവരുടെ മരുമകൾ ഇയോ മഞ്ചി കൗർ പറയുന്നു.
വയോധികയും അസുഖബാധിതയുമായ ഹർജിത് കൗറിനെ 30 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കുമോയെന്ന ആശങ്കയിലാണ് കുടുംബം.
ഐപിസിഎൻഎ ഇന്റർനാഷണൽ മീഡിയ കോൺഫറൻസിന്റെ ഒരുക്കങ്ങൾ വിലയിരുത്തി ന്യൂയോർക്ക് ചാപ്റ്റർ
ന്യൂയോർക്ക്: അടുത്ത മാസം ഒൻപതാം തീയതി മുതൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 11ാമത് ഇന്റർനാഷണൽ മീഡിയ കോൺഫറൻസിന്റെ ഒരുക്കങ്ങൾ ന്യൂജേഴ്സിയിലെ ഷെറാട്ടൺ എഡിസൺ ഹോട്ടലിൽ ആതിഥേയരായ ന്യൂയോർക്ക് ചാപ്റ്റർ വിലയിരുത്തി. ഷെറാട്ടൺ എഡിസൺ ഹോട്ടലിൽ ചേർന്ന അവലോകന യോഗത്തിൽ മാധ്യമപ്രവർത്തകർക്ക് പുറമേ ഫൊക്കാന, ഫോമ, വേൾഡ് മലയാളി കൗൺസിൽ കൂടാതെ സാമൂഹിക, രാഷ്ട്രീയ, മാധ്യമ രംഗത്ത് നിന്നുള്ളവരും പങ്കെടുത്തു.
ഐപിസിഎൻഎ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഐപിസിഎൻഎ ദേശീയ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, ജനറൽ സെക്രട്ടറി ഷിജോ പൗലോസ്, കോൺഫറൻസ് ചെയർമാൻ സജി ഏബ്രഹാം, ന്യൂയോർക്ക് ചാപ്റ്റർ സെക്രട്ടറി ജോജോ കൊട്ടാരക്കര, വൈസ് പ്രസിഡന്റ് ജേക്കബ് മാനുവൽ തുടങ്ങിയവർ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന കോൺഫറൻസിനെക്കുറിച്ച് സംസാരിക്കുകയും എല്ലാവരുടെയും സഹകരണം അഭ്യർഥിക്കുകയും ചെയ്തു.
വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് ഒട്ടറെ പേർ ആശംസകളും സഹായ സഹകരണങ്ങളും അറിയിച്ചു. റോക്ലാൻഡ് കൗണ്ടി ലജിസ്ലേറ്റീവ് വൈസ് ചെയർ ഡോ. ആനി പോൾ, ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി, ഫൊക്കാന ജനറൽ സെക്രട്ടറി കുമാർ ഉണ്ണിത്താൻ, ഫോമാ മുൻ പ്രസിഡന്റ് അനിയൻ ജോർജ്, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളി, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ്(അമേരിക്ക റീജൺ) ഡോ.തങ്കമണി അരവിന്ദൻ, ജിനേഷ് തമ്പി, പിന്റോ ചാക്കോ, അനീഷ് ജയിംസ്, ഫോമാ മുൻ ജനറൽ സെക്രട്ടറി ജിബി തോമസ്, മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി പ്രസിഡന്റ് രാജു ജോയ്, സാമൂഹിക സാംസ്കാരിക പ്രവർത്തകനും മുൻ കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ് പ്രസിഡന്റുമായ ജിഷോ, അനിൽ പുത്തൻചിറ, റീന പുത്തൻചിറ, കുഞ്ഞുമോൾ വർഗീസ്, പ്രമുഖ ടെലിവിഷൻ നിർമാതാവ് ജില്ലി സാമുവേൽ, ബോബി സാമുവേൽ, ലത കറുകപ്പിള്ളിൽ, ഷൈബു വർഗീസ്, ജിബി ജേക്കബ് വർഗീസ് കൂടാതെ നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്തു.
ഇന്ത്യ പ്രസ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണക്കുന്ന സംരംഭകരായ ദിലീപ് വെർഗീസ്, ഗ്ലോബൽ കൊളിഷൻ നോഹ ജോർജ്, ജോസഫ് കാഞ്ഞമല സി പി എ, അനിൽ പുത്തൻചിറ, ബിനോയ് തോമസ് എന്നിവരും ഐപിസിഎൻഎ പ്രതിനിധീകരിച്ച് മുൻ പ്രസിഡന്റുമാരായ ജോർജ് ജോസഫ്, മധു കൊട്ടാരക്കര, ചാപ്റ്റർ അംഗങ്ങൾ ബിജു ജോൺ കൊട്ടാരക്കര, ജിനേഷ് തമ്പി, മാത്തുക്കുട്ടി ഈശോ, ജയൻ ജോസഫ് തുടങ്ങിയവരും സംസാരിച്ചു.കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി കോർ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.
കോൺഫറൻസ് ചെയർമാൻ സജി ഏബ്രഹാം, ജനറൽ കൺവീനർ ഷോളി കുമ്പിളുവേലി (ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ്), റിസപ്ഷൻ / രജിസ്ട്രേഷൻ: ബിജു കൊട്ടാരക്കര, കുഞ്ഞുമോൾ വർഗീസ്, ഡോ.തങ്കമണി അരവിന്ദ്. ഗസ്റ്റ് റിലേഷൻസ്: അനിയൻ ജോർജ്, ജിനേഷ് തമ്പി ടൈം മാനേജ്മെന്റ്: റെജി ജോർജ് / ജോർജ് തുമ്പയിൽ പ്രോഗ്രാം: താജ് മാത്യു ഫുഡ് കമ്മിറ്റി: മധു കൊട്ടാരക്കര, സുനിൽ തൈമറ്റം. ട്രാൻസ്പോർട്ടേഷൻ: പിൻറ്റോ ചാക്കോ, അനീഷ് ജെയിംസ്. സേഫ്റ്റി / സെക്യൂരിറ്റി കമ്മിറ്റി: ജിഷോ സുവനീർ: മാത്തുക്കുട്ടി ഈശോ ഓഡിയോ വിഷൻ: ജില്ലി സാമുവേൽ കൂടാതെ ഐപിസിഎൻഎ യുടെ മുൻ പ്രസിഡന്റുമാരായ സുനിൽ തൈമറ്റം (അഡ്വൈസറി ബോർഡ് ചെയർമാൻ), ജോർജ് ജോസഫ്, മാത്യു വർഗീസ്, ബിജു കിഴക്കേക്കുറ്റ്, നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രസിഡന്റ് എലെക്ട് രാജു പള്ളത്ത് എന്നിവരും കോർ കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും.
ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജേഴ്സിയിലെ എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ വച്ച് നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 11ാമത് ഇന്റർനാഷനൽ മീഡിയ കോൺഫറൻസിൽ കേരളത്തിൽ നിന്നും ജനപ്രതിനിധികളും മുതിർന്ന മാധ്യമ പ്രവർത്തകരും പങ്കെടുക്കും.
കോൺഫറൻസിനെക്കുറിച്ച് കൂടുതൽ അറിയാൻ താൽപ്പര്യമുള്ളവർ താഴെ പറയുന്നവരെ ബന്ധപ്പെടുക: സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, സുനിൽ തൈമറ്റം, വിശാഖ് ചെറിയാൻ, അനിൽകുമാർ ആറന്മുള, ആശ മാത്യു, റോയ് മുളകുന്നം, സജി ഏബ്രഹാം, ഷോളി കുമ്പിളുവേലി, രാജു പള്ളത്, മധു കൊട്ടാരക്കര, ബിജു കൊട്ടാരക്കര, ജോജോ കൊട്ടാരക്കര, ബിനു തോമസ് മറ്റു ന്യൂയോർക്ക് ചാപ്റ്റർ ഭാരവാഹികളെയും ബന്ധപ്പെടാവുന്നതാണ്.
എഡ്മിന്റൺ മഞ്ചാടി മലയാളം സ്കൂളിന്റെ പ്രവേശനോത്സവം ഗംഭീരമായി
എഡ്മിന്റൺ : മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന എഡ്മിന്റണിലെ മഞ്ചാടി മലയാളം (ഹൈബ്രിഡ് ) സ്കൂളിന്റെ ഈ വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു . സ്കൂൾ കോർഡിനേറ്റർ അമ്പിളി സാജു , പഠിതാക്കളെയും , മാതാപിതാക്കളേയും സ്വാഗതം ചെയ്തുകൊണ്ട് , ഈവർഷത്തെ പഠ്യപദ്ധതിയെക്കുറിച്ചു വിശദീകരിച്ചു.
മലയാളം മിഷൻ കാനഡ കോർഡിനേറ്റർ ജോസഫ് ജോൺ കാൽഗറി ഇന്നത്തെ കാലത്ത് മലയാളം പഠിച്ചിരിക്കേണ്ടതിനെക്കുറിച്ചു വിശദീകരിച്ചു. സന്ധ്യ ദേവി ടീച്ചർ ആശംസാ പ്രസംഗം നടത്തി. ഡോക്ടർ പി.വി ബൈജു സദസിനു നന്ദി രേഖപ്പെടുത്തി .
കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു
ഡാളസ് : കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസ് (കെഎച്ച്എസ്എൻടി) ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. അത്തം മുതൽ തിരുവോണം വരെ പൂക്കളം തീർത്താണ് ക്ഷേത്രം ഓണാഘോഷത്തിന് ഒരുങ്ങിയത്. തിരുവോണ ദിവസം ചന്ദന മുഖക്കാപ്പ് അണിഞ്ഞ ശ്രീ ഗുരുവായൂരപ്പന് ഭക്തജനങ്ങൾ അൻപൊലിയും, ചുറ്റുവ വിളക്കും പ്രത്യേക പുഷ്പാഞ്ജലിയും അർപ്പിച്ച് അനുഗ്രഹം നേടി. പൂജാരിമാരായ കാരക്കാട്ട് പരമേശ്വരൻ നമ്പൂതിരി, കല്ലൂർ വാസുദേവൻ നമ്പൂതിരിപ്പാട്, സുദേവ് ആലമ്പാടി എന്നിവർ ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്തു.
ഈ മാസം ആറിന് വിപുലമായ ഓണാഘോഷം കെഎച്ച്എസ്എൻടി കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും സംഘടിപ്പിച്ചു. സ്വാമി ബോധാനന്ദ ഭഗവാന് മുൻപിൽ തിരി തെളിയിച്ച ശേഷം ഓണസദ്യ വിളമ്പി. കലവയ്ക്ക് ട്രസ്റ്റി സെക്രട്ടറി ടി. എൻ. നായരും വൈസ് ചെയർ രമണി കുമാറും, ട്രഷറർ രമേശ് കുട്ടാട്ടും നേതൃത്വം നൽകി.
ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ട്രസ്റ്റി ചെയർമാൻ സതീഷ് ചന്ദ്രനും പ്രസിഡന്റ് വിപിൻ പിള്ളയും, സെക്രട്ടറി ജലേഷ് പണിക്കരും, ട്രസ്റ്റി മെമ്പർ രാമചന്ദ്രൻ നായരും ചേർന്ന് നിർവ്വഹിച്ചു. മഹാബലിയെ ചെണ്ടമേളത്തിന്റെയും താലപ്പൊലികളുടെയും അകമ്പടിയോടു കൂടി വേദിയിലേക്ക് സ്വാഗതം ചെയ്തു. സ്റ്റേജിൽ നടന്ന കലാപരിപാടികൾക്ക് കൾച്ചറൽ കമ്മിറ്റി ലീഡ് ബോർഡ് മെമ്പർ ഹെന വിനോദ് നേതൃത്വം നൽകി. സീനിയേഴ്സ് അവതരിപ്പിച്ച സംഘഗാനം എല്ലാവരെയും ഓണക്കാലത്തിന്റെ ഗൃഹാതുരത്വത്തിലേക്കു കൊണ്ടു പോയതായി ജോയിന്റ് സെക്രട്ടറി രവീന്ദ്രൻ നായർ പറഞ്ഞു.
ഈ വർഷത്തെ പ്രധാന ആകർഷണമായ പാർത്ഥസാരഥി വള്ളം ഏവരെയും അതിശയിപ്പിക്കുകയും, വള്ളപ്പാട്ടും വഞ്ചി തുഴയലും കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുകയും ചെയ്തതായി ട്രസ്റ്റി മെമ്പർ കേശവൻ നായർ പറഞ്ഞു.ട്രസ്റ്റി മെമ്പർ വിനോദ് നായർ,ബോർഡ് മെമ്പർ രഞ്ജിത് നായർ, ബോർഡ് മെമ്പർ സുജ ഇന്ദിര എന്നിവരും ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചടങ്ങുകളുടെ ഭാഗമായി വടംവലിയും സംഘടിപ്പിച്ചിരുന്നു.
ആത്മയുടെ ഓണാഘോഷം ശനിയാഴ്ച
ടാമ്പ: അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളി(ആത്മ) വിപുലമായ രീതിയിൽ ഓണം ആഘോഷിക്കുന്നു. ശനിയാഴ്ച ടാമ്പ ഹിന്ദു ടെംപിളിൽ വച്ചാണ് ഓണാഘോഷങ്ങൾ നടത്തപ്പെടുന്നത്.
ഓണസദ്യയോടെ ആരംഭിക്കുന്ന ആഘോഷങ്ങളിൽ കുട്ടികളുടേതുൾപ്പടെ ഇരുപതിൽപരം പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സദ്യക്ക് ശേഷം, ചെണ്ടമേളത്തോടുകൂടെ മാവേലിയുടെ എഴുന്നള്ളത്തും ഉണ്ടായിരിക്കുന്നതാണ്.
കൾച്ചറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആത്മയുടെ യൂത്ത് ഫോറം കുട്ടികളെ പരമാവധി പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്.
ഇതിലൂടെ പുതിയ തലമുറയ്ക്ക് നമ്മുടെ ആഘോഷങ്ങൾ അടുത്തുകാണുവാനുംപങ്കെടുക്കുവാനുമുള്ള അവസരം ലഭിക്കുന്നു.
ഓൺലൈനായിട്ട് നടത്തിയ പരിപാടികളുടെ രജിസ്ട്രേഷന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കൂടുതൽ വിവരങ്ങൾക്ക് ATHMA ഫേസ്ബുക് പേജ് സന്ദർശിക്കുക.
യുഎസിൽ കർണാടക സ്വദേശിയെ കഴുത്തറത്തു കൊന്നു
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിൽ ഇന്ത്യൻ വംശജനെ ഭാര്യയുടെയും മകന്റെയും മുന്നിൽ കഴുത്തറത്ത് കൊന്നു. കർണാടക സ്വദേശിയായ മോട്ടൽ മാനേജർ ചന്ദ്രമൗലി നാഗമല്ലയ്യ (50) ആണ് കൊല്ലപ്പെട്ടത്.
സഹപ്രവർത്തകനും ക്യൂബക്കാരനുമായ യോർദാനിസ് കൊബോസ് മാർട്ടിനസാണ് (37) ചന്ദ്രമൗലിയെ കൊലപ്പെടുത്തിയത്. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാളെ ഡാളസ് പോലീസ് അറസ്റ്റ് ചെയ്തു.
വാഷിംഗ് മെഷീൻ തകർന്നതിനെത്തുടർന്നുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. വടിവാൾ ഉപയോഗിച്ചാണ് യോർദാനിസ് ആക്രമണം നടത്തിയത്.
ചന്ദ്രമൗലിയുടെ ഭാര്യയും പതിനെട്ടുകാരനായ മകനും ഇടപെടാൻ ശ്രമിച്ചെങ്കിലും ഇവരെ തള്ളിമാറ്റി തലയറത്ത് മാറ്റുകയായിരുന്നു.
ഉടലിൽനിന്നു വേർപെടുത്തിയ തല നിലത്തിട്ട് ചവിട്ടിയ ശേഷം മാലിന്യക്കൂനയിൽ തള്ളുകയും ചെയ്തു.
ഗ്രേറ്റർ ഹൂസ്റ്റൺ എൻഎസ്എസ് ഓണാഘോഷം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ എൻഎസ്എസ് ഓണാഘോഷം സംഘടിപ്പിച്ചു. സാംസ്കാരിക കോഓർഡിനേറ്റർമാരായ നിഷ നായർ, പ്രെജി സുരേഷ് നായർ, സുനിത ഹരി, ഗ്രൂപ്പ് ഇവന്റ് ലീഡർമാരായ അംഗിത മേനോൻ, ശ്രീകു നായർ, രാധ നായർ, അർച്ചന നായർ, പ്രെജി നായർ, മനോജ് നായർ രാജേഷ്, വിദ്യ നായർ, ഉണ്ണികൃഷ്ണ പിള്ള, രാജു നായർ, ശ്രീകല വിനോദ്, അജിത് പിള്ള, മുരളി പള്ളിക്കര, അപ്പത്ത് ഉണ്ണികൃഷ്ണൻ, പ്രസിഡന്റ് സുനിൽ രാധമ്മ, സെക്രട്ടറി അഖിലേഷ് നായർ എന്നിവർ നേതൃത്വം നൽകി.
മഹാബലിയായി സുരേഷ് കരുണാകരനും വസ്ത്രാലങ്കാരം ശ്രീകു നായരും നിർവഹിച്ചു. ഒനിയേൽ കുറുപ്പ്, പ്രെജി സുരേഷ് നായർ, സിന്ധു മേനോൻ, നിഷ നായർ, മനോജ് (എസ്ജിടി), ശ്രീകല വിനോദ്, സുരേഷ് കരുണാകരൻ, സുനിത ഹരി, ജയശ്രീ നായർ, ശ്രീകു നായർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
തിരുവാതിര നൃത്തസംവിധാനം ഷിംന നവീൻ നിർവഹിച്ചു. അങ്കിത മേനോൻ, അൻവേഷ് മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള അലങ്കാര കമ്മിറ്റിയും മീനാക്ഷി നായരും ചേർന്നാണ് വേദിയൊരുക്കിയത്.
സുജ ജോർജിന്റെ നിര്യാണത്തിൽ ഐപിസിഎൻഎ അനുശോചിച്ചു
ന്യൂയോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ(ഐപിസിഎൻഎ) മുൻ പ്രസിഡന്റും പ്രഥമ സെക്രട്ടറിയുമായിരുന്ന റെജി ജോർജിന്റെ ഭാര്യ സുജ ജോർജിന്റെ(58) വിയോഗത്തിൽ ഐപിസിഎൻഎ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഐപിസിഎൻഎ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, സെക്രട്ടറി ഷിജോ പൗലോസ്, ട്രഷറർ വിശാഖ് ചെറിയാൻ, നിയുക്ത പ്രസിഡന്റ് രാജു പള്ളത്, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രഷറർ റോയ് മുളകുന്നം, കോൺഫറൻസ് ചെയർമാൻ സജി എബ്രഹാം എന്നിവർ അനുശോചനം അറിയിച്ചു.
മെറിക്ക് ഫാർമസ്യൂട്ടിക്കൽസിൽ അസോസിയേറ്റ് ഡയറക്ടറായിരുന്നു സുജ. മക്കൾ: രോഹിത് ജോർജ്, റോഷ്നി ജോർജ്.
ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡിന്റെ ഓണാഘോഷം ഞായറാഴ്ച
ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡിന്റെ ഓണാഘോഷം ഞായറാഴ്ച ഒന്ന് മുതൽ നാല് വരെ സന്തൂർ ഇന്ത്യൻ റസ്റ്ററന്റിൽ നടക്കുമെന്ന് പ്രസിഡന്റ് ബിജു ചാക്കോ അറിയിച്ചു.
ചെണ്ടമേളം, ശിങ്കാരി മേളം താലപ്പൊലിയുമായി മാവേലിയെ വരവേൽക്കുക, അത്തപ്പൂക്കളം, തിരുവാതിരക്കളി, പുലിക്കളി എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
ഓണാഘോഷത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ബിജു ചാക്കോ, വൈസ് പ്രസിഡന്റ് ഉഷ ജോർജ്, സെക്രട്ടറി ജോജി കുര്യാക്കോസ്, ട്രഷർ ബേബി കുര്യാക്കോസ്, ജോയിന്റ് സെക്രട്ടറി ജെസ്വിൻ ശാമുവേൽ എന്നിവർ അറിയിച്ചു.
കിർക്കിന്റെ ഘാതകൻ പിടിയിൽ
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തനായ യുവ നേതാവ് ചാർലി കിർക്ക് വെടിയേറ്റു മരിച്ച സംഭവത്തിൽ യൂട്ടാ സ്വദേശി ടൈലർ റോബിൻസൺ എന്ന ഇരുപത്തിരണ്ടുകാരൻ കസ്റ്റഡിയിലായി. ഇയാൾ കുറ്റം സമ്മതിച്ചുവെന്ന് യൂട്ടാ ഗവർണർ സ്പെൻസർ കോക്സും കേസ് അന്വേഷിക്കുന്ന എഫ്ബിഐയും പത്രസമ്മേളനത്തിൽ അറിയിച്ചു.
സംഭവം അറിഞ്ഞ പ്രതിയുടെ ബന്ധുക്കളും കുടുംബ സുഹൃത്തും പ്രതിയെ പിടികൂടാൻ സഹായം നല്കിയെന്ന് ഗവർണർ പറഞ്ഞു. കിർക്കിന്റെ ഘാതകൻ പിടിയിലായെന്ന് ട്രംപ് മുന്പ് സൂചന നല്കിയിരുന്നു. പ്രതിയുടെ പിതാവ് ഇതിനു സഹായം നല്കിയെന്നും ട്രംപ് പറഞ്ഞിരുന്നു.
കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് യുവജനങ്ങളുടെ വോട്ട് നേടിക്കൊടുക്കുന്നതിൽ വലിയ പങ്കുവഹിച്ച കിർക്ക് കഴിഞ്ഞ ദിവസം യൂട്ടാവാലി യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളുമായി സംവാദത്തിലേർപ്പെട്ടിരിക്കേ ആക്രമണത്തിനിരയാവുകയായിരുന്നു. 130 മീറ്റർ അകലെയുള്ള കെട്ടിടത്തിൽനിന്നേറ്റ ഒറ്റ വെടിയാണ് മരണകാരണമായത്.
ഈ കെട്ടിടത്തിൽനിന്ന് ഇറങ്ങിപ്പോകുന്ന പ്രതിയുടെ ദൃശ്യങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടിരുന്നു. കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്കിറങ്ങിയ ഇയാൾ യൂണിവേഴ്സിറ്റി കാന്പസിൽനിന്ന് പുറത്തുകടന്ന് മരങ്ങൾ നിറഞ്ഞ സ്ഥലത്ത് തോക്ക് ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.
കിർക്കിനെ വെടിവയ്ക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന തോക്ക് ഇവിടെനിന്ന് കണ്ടെടുത്തു. ഇതിനിടെ, രാഷ്ട്രീയക്കാർക്കു നേരേ അക്രമസംഭവങ്ങൾ വർധിച്ചുവരുന്നത് അമേരിക്കയിൽ വലിയ ചർച്ചാവിഷയമായി. കഴിഞ്ഞവർഷം തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ട്രംപിനും വെടിയേറ്റിരുന്നു.
വീസ നിയമങ്ങൾ കടുപ്പിച്ച് യുഎസ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ പൗരന്മാർക്ക് യുഎസ് വീസ ലഭിക്കുന്നത് ഇനി കൂടുതൽ ബുദ്ധിമുട്ടാകും. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പുതിയ നയം അനുസരിച്ച് ഇനി മുതൽ എല്ലാ നോൺ-ഇമിഗ്രന്റ് വീസ അപേക്ഷകരും അവരുടെ സ്വന്തം രാജ്യത്തോ നിയമപരമായി താമസിക്കുന്ന രാജ്യത്തോ മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കാവൂ.
ഇതുവരെ, പല ഇന്ത്യൻ പൗരന്മാരും സിംഗപ്പുർ, ജർമനി, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ബി1 (ബിസിനസ്), ബി2 (ടൂറിസം) വീസകൾക്ക് വേഗത്തിൽ അപ്പോയിന്റ്മെന്റ് നേടാറുണ്ടായിരുന്നു. പുതിയ നിയമം ഈ രീതിക്ക് തടസമുണ്ടാക്കും.
ഇന്ത്യയിൽ നിലവിൽ വീസ അപ്പോയിന്റ്മെന്റ് ലഭിക്കാൻ 3.5 മാസം മുതൽ ഒമ്പത് മാസം വരെയാണ് കാത്തിരിപ്പ് സമയം. ഈ പുതിയ നയം കാരണം ഇന്ത്യയിലെ വീസ ലഭിക്കാനുള്ള കാലതാമസം ഇനിയും വർധിക്കുമെന്ന് വ്യവസായ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കൂടാതെ, സെപ്റ്റംബർ രണ്ട് മുതൽ നിലവിൽ വന്ന ഇൻ-പേഴ്സൺ ഇന്റർവ്യൂ നിർബന്ധമാക്കിയ മറ്റൊരു നയവും ഈ പ്രശ്നം കൂടുതൽ വഷളാക്കും.
ജോസേട്ടന് ഹീറോ ആണ്; ന്യൂയോര്ക്കില് പയറും പടവലവും വിളയിച്ച് മലയാളി
ഹൂസ്റ്റണ്: നാട്ടില് മലയാളി ഓണം ഉണ്ണാന് പച്ചക്കറിക്ക് അയല് സംസ്ഥാനങ്ങളെ ആശ്രയിക്കുമ്പോള് ന്യൂയോര്ക്കില് ഒരു മലയാളി സ്വന്തമായി കൃഷി ചെയ്തു സായിപ്പന്മാര്ക്ക് വരെ നല്കുകയാണ്.
ന്യൂയോര്ക്ക് റോക്ക്ലാന്ഡ് കൗണ്ടിയിൽ താമസിക്കുന്ന തൊടുപുഴ കരിമണ്ണൂര് സ്വദേശി ജോസ് അക്കക്കാട്ട് ആണ് ഈ നാട്ടിൽ അസാധ്യമെന്നു തോന്നുന്ന കൃഷികള് വിളയിച്ചെടുത്ത് സായിപ്പന്മാരെ അടക്കം അമ്പരപ്പിക്കുന്നത്.
ആള്പ്പൊക്കമുള്ള പയറും പടവലവും മുതല് തക്കാളിയും പാവലും കുക്കുമ്പറും എന്തിന് കഞ്ചാവ് വരെ നീളുന്നതാണ് മറുനാട്ടിലെ ഈ കര്ഷകശ്രീയുടെ പറമ്പിലെ കൃഷികള് എന്നറിയുമ്പോള് ആരുമൊന്ന് ഞെട്ടും.
വിളകളുടെ കൂടത്തില് കഞ്ചാവെന്ന് കണ്ട് ആരും സംശയിക്കേണ്ടെന്ന് ജോസേട്ടന്. ന്യൂയോര്ക്കില് മൂന്ന് മൂട് വരെ കഞ്ചാവ് നിയമവിധേയമാണ്. ഇത് പാകമായി കഴിയുമ്പോള് അടുത്ത തൈകള് നടാന് നിയമം അനുവദിക്കും.
തൊടിയില് കഞ്ചാവ് നട്ടെന്നു കരുതി ഞാന് ഉപയോഗിക്കുകയൊന്നും ഇല്ല കേട്ടോ. ഒരു കൗതുകത്തിന്റെ പുറത്ത് നട്ടതാണെന്ന് ജോസേട്ടന്റെ നിരീക്ഷണം. 37 വര്ഷമായി ജോസേട്ടന് യുഎസില് വന്നിട്ട്.
1987ലെ ആദ്യകാല കുടിയേറ്റക്കാരുടെ കൂട്ടത്തില് എത്തിയതാണ്. നാട്ടില് ഒന്നാന്തരം കര്ഷക കുടുംബമായിരുന്നു. കൃഷിയും കന്നുകാലിയുമെല്ലാം ധാരാളം. ചെറുപ്പത്തിലെ അപ്പന്റെ കൂടെ കൃഷിപ്പണിക്ക് ഇറങ്ങിയത് അതിനോടുള്ള താത്പര്യം കൊണ്ടും കൂടിയായിരുന്നുവെന്ന് സാക്ഷ്യം.
ഞങ്ങളും കൃഷിയിലേക്ക് ധാരാളം വെള്ളം കിട്ടുന്ന തോടുണ്ട് ജോസേട്ടന്റെ റോക്ക്ലാന്ഡിലെ പറമ്പില്. വിത്തുകള് വീട്ടില് വച്ച് മുളപ്പിച്ചതിനു ശേഷമാണ് കൃഷിയിറക്കുന്നത്. നാലു മാസമാണ് കൃഷി ചെയ്യാന് അനുകൂലമായ കാലാവസ്ഥ പുറത്ത് കിട്ടൂ. ആ സമയം കൊണ്ടാണ് കൃഷിയിലെ പരീക്ഷണങ്ങളത്രയും.
"ആദ്യമായി ഫെന്സിംഗ് നടത്തുകയാണ് വേണ്ടത്. നാട്ടില് പന്നിയാണെങ്കില് ഇവിടെ മാനാണ്. വിളയാന് നോക്കി നില്ക്കും ഇവറ്റകള്. വന്നാല് തരിമ്പു പോലും ബാക്കി വയ്ക്കാതെ തിന്നു കളയും. ഞാന് ആദ്യം നല്ല വേലിയാണ് കെട്ടിയത്. എന്നിട്ടാണ് കൃഷി ഇറക്കിയത്' - ജോസേട്ടന്റെ വാക്കുകളില് തഴക്കവും പഴക്കവും ചെന്ന കര്ഷകന്റെ അനുഭവങ്ങള്.
ആരും ഒരിക്കല് പോലും കൃഷിയിറക്കാത്ത സ്ഥലമായിരുന്നു ജോസേട്ടന്റേത്. അതുകൊണ്ടുതന്നെ മണ്ണ് നല്ല കന്നിപ്പെണ്ണിനെപ്പോലെ ഫലഭൂയിഷ്ടവുമായിരുന്നു. ആദ്യമൊക്കെ 200 ഡോളര് ആദ്യം മുടക്കി മെക്സിക്കനെ കൊണ്ട് കിളപ്പിച്ചതിനു ശേഷമാണ് കൃഷിയിറക്കിയിരുന്നത്.
മെക്സിക്കോയില് നിന്നുള്ള പണിക്കാരന് എന്ത് കൃഷി. അവന് പണി കഴിഞ്ഞു പോകുമ്പോള് പറമ്പിലെ കാനയൊക്കെ മണ്ണ് നിറഞ്ഞു മൂടുന്ന അവസ്ഥ. ഇതെല്ലാം വീണ്ടും തെളിയിച്ചെടുക്കാന് പിന്നെയും പണിയണം.
അതോടെ ഒരു ടില്ലര് വാങ്ങി. അതുപയോഗിച്ച് മണ്ണി ഇളക്കിയായി പിന്നീട് കൃഷി. ഫാം ലാന്ഡ് ആയതു കൊണ്ട് ധാരാളം വെള്ളമുണ്ട്. പമ്പ് ഉപയോഗിച്ച് ജലസേചനവും നടത്തും. പണികളെല്ലാം തനിച്ചാണ്. ജോലിയില് നിന്ന് റിട്ടയര് ചെയ്തതോടെ ഭാര്യ ലിസമ്മയും കൈസഹായത്തിനായി എത്തും.
അങ്ങനെ കൃഷി കുടുംബകാര്യമാക്കി മാറ്റുകയായിരുന്നു ഇരുവരും ചേര്ന്ന്. ആളുയരമുള്ള പയറും പടവലവുമൊക്കെ തിളങ്ങി നില്ക്കുമ്പോള് അതിനു പിന്നില് ലിസമ്മയുടെ കൂടി അധ്വാനമുണ്ടെന്ന് ജോസേട്ടന്റെ വെളിപ്പെടുത്തല് കേട്ട് തൊട്ടടുത്ത് നിന്നിരുന്ന ലിസമ്മയ്ക്ക് നാണം.
തൈകള് തെരഞ്ഞെടുക്കുന്നിടത്ത് തുടങ്ങും ജോസേട്ടന്റെ ശ്രദ്ധ. 24 ചുവട് 18 ഡോളറിന് കിട്ടുന്ന തൈകളാണ് വാങ്ങുന്നത്. മുത്ത് പോയ തൈകള് കൊള്ളില്ല. പലരും ഇതൊന്നും മനസിലാക്കാതെ കൃഷിക്ക് ഇറങ്ങുന്നതു കൊണ്ട് വിജയം നേടാന് കഴിയാതെ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
"ഫാം ലാന്ഡില് അഞ്ച് കൂട്ടം പയര്, പാവല്, പടവലം, വെണ്ട, തക്കാളി, കുക്കുമ്പര്, പച്ച മുളക് എന്നിവയെല്ലാം കൃഷി ചെയ്തിട്ടുണ്ട്. ദൈവം സഹായിച്ച് നല്ല വിളവും ലഭിക്കുന്നുണ്ട്. രാസവളം ഒന്നും ഉപയോഗിക്കില്ല. കുഴിച്ചു വയ്ക്കുമ്പോള് വേര് വേഗത്തില് പിടിക്കുന്നതിന് അല്പം വളം ചേര്ക്കും എന്നതൊഴിച്ചാല് മറ്റു വളപ്രയോഗം ഒന്നുമില്ല.
ഇലകള് വീണു ചീഞ്ഞു വളം ആകുന്നതു തന്നെ ധാരാളം. പിന്നെ മഞ്ഞു വീഴ്ച കാരണം ഇവിടെ കീടങ്ങളില്ല. മാന് മാത്രമാണ് ഇവിടുത്തെ വില്ലന്. നല്ല പാകമായാല് ഉടന് വരും അവറ്റകള്. നമ്മുടെ നാട്ടിലെ പന്നികള് ചെയ്യുന്ന ദ്രോഹമാണ് ഇവിടുത്തെ മാനുകള് ചെയ്യുക. നല്ല ഫെന്സിംഗ് ചെയ്യുക മാത്രമാണ് പോംവഴി'- നൂറു മേനിയുടെ പിന്നിലെ ട്രിക്സ് വെളിപ്പെടുത്തി ജോസേട്ടന്.
ന്യൂയോര്ക്കിലെ കാലാവസ്ഥയില് കപ്പയും കാച്ചുലും ചേമ്പുമൊന്നും പറ്റില്ലെന്ന് അദ്ദേഹം പറയുന്നു. മണ്ണിനു മുകളിലുള്ള വിളകള് മാത്രമേ സാധിക്കൂ എന്നത് ചെറിയ വിഷമം ഉണ്ടാക്കുന്നതാണ്. ഇച്ചിരി കപ്പയും കാച്ചിലുമെല്ലാം കൃഷി ചെയ്യാന് പറ്റാത്തതാണ് ജോസേട്ടനിലെ കര്ഷകന്റെ സ്വകാര്യ ദു:ഖം.
എന്നാലും കൃഷി അത്ര എളുപ്പമുള്ള പണിയല്ല. ജോസേട്ടന്റെ കൃഷി കണ്ട് ആവേശം കൊണ്ട അയലത്തെ സായിപ്പിന് കിട്ടിയത് മുട്ടന് പണി. സായിപ്പിന്റെ വിള പാകമായപ്പോള് ദേ വരുന്നു, മാന്. അതു പോയതിനേക്കാള് വേഗത്തില് അയാള് ജോസേട്ടന്റെ വീട്ടിലെത്തി.
നിങ്ങളുടെ കൃഷി മാന് തൊട്ടില്ലല്ലോ? ഫെന്സിംഗിന്റെ ഗുണമേന്മ പറഞ്ഞു കൊടുക്കുക മാത്രമല്ല, അയാളുടെ പറമ്പില് ഫെന്സിംഗ് ചെയ്യാന് ജോസേട്ടന് കൂടി ഇറങ്ങുകയും ചെയ്തു.
കൃഷി മണ്ണില്, ഫലം മനസിന് എന്നും രാവിലെ ജോസേട്ടന് തൊടിയിലേക്ക് ഇറങ്ങും. അവിടെ തന്റെ അരുമ ചെടികളോട് സംസാരിച്ചും തൊട്ടു തലോടിയും ഇടയ്ക്ക് ഇലയില് പിടിച്ച് ഒരു കിഴുക്കുമൊക്കെ കൊടുത്ത് കുറച്ചു നേരം ചെലവഴിക്കും. കായ്കള് പച്ചയ്ക്ക് പറിച്ചു കഴിക്കും.
കൃഷി ചെയ്ത് ഉണ്ടാക്കുന്നതൊക്കെ സുഹൃത്തുക്കള്ക്കും പരിചയക്കാര്ക്കും മറ്റും സൗജന്യമായി കൊടുക്കും. ഇത്രയും നാളായി പച്ചക്കറികള് കൊടുത്ത വകയില് ഒരു രൂപ ആരുടെയും കയ്യില് നിന്ന് വാങ്ങിച്ചിട്ടില്ല.
"ചിലര് വന്നു പച്ചക്കറി ചോദിച്ചു വാങ്ങിയശേഷം പണം നല്കും. ഞാന് നിരസിക്കും. വെളുമ്പന്മാര്ക്ക് എന്റെ കൃഷി കണ്ട് കൗതുകമാണ്. പലരും കാണാനായി വരും. അവര്ക്ക് പടവലങ്ങയൊക്കെ കണ്ട് അന്തം വിടുന്ന സായിപ്പിനെ കാണാന് നല്ല കോമഡിയാണ്.
ഞാന് അവര്ക്ക് പയറും പടവലവുമൊക്കെ പറിച്ചു കൊടുക്കും. എന്നിട്ട് നമ്മള് കറി വയ്ക്കുന്ന രീതിയൊക്കെ പറഞ്ഞു കൊടുക്കും. ചിലരൊക്കെ പരീക്ഷിച്ച് രൂചിയെക്കുറിച്ച് വാചാലരാകാറുണ്ട്. അതൊക്കെ കേള്ക്കുമ്പോള് നമുക്കുണ്ടാകുന്ന സുഖം പറഞ്ഞറിയിക്കാന് കഴിയില്ല.
എറ്റവും നല്ല ഹോബി എന്താണെന്ന് ചോദിച്ചാല് ഞാന് പറയും, കൃഷി എന്ന്.'- ജോസേട്ടന്റെ വാക്കുകളില് കര്ഷകന്റെ ചാരിതാര്ഥ്യം.
മെട്രോപോളിറ്റല് ട്രാന്സിറ്റ് അതോറിറ്റിയില് നിന്ന് റിട്ടയര് ചെയ്ത ശേഷം മുഴുവന് സമയ കൃഷിയുമായി തിരക്കിലാണ് ജോസേട്ടന്. ഭാര്യ ലിസമ്മ ജോസും തൊടുപുഴ സ്വദേശിയാണ്. നഴ്സിംഗ് ഹോമില് നിന്ന് റിട്ടയര് ചെയ്തു.
രണ്ട് മക്കളും അവരുടെ ഭാര്യമാരും ഡോക്ടര്മാരാണ്. ഒരാള് ഫ്ളോറിഡയിലും മറ്റൊരാള് മാന്ഹാട്ടണിലും. അപ്പന്റെയും അമ്മയുടെയും കൃഷി അവര്ക്കും സന്തോഷമാണ്. എല്ലാ വര്ഷവും നേരില് പോയും പാഴ്സലായും ധാരാളം പച്ചക്കറികള് വീട്ടിലെത്തുന്ന സന്തോഷം ഇരുവര്ക്കും.
കൃഷിയിൽ ചില്ലറ പരീക്ഷണങ്ങളും ജോസേട്ടൻ നടത്തുകയും അത്ഭുതങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ സാക്ഷ്യമെന്നോണം വീടിന്റെ മുന്നിൽ നിറയെ കായ്ച്ചു നിൽക്കുന്ന ഏഷ്യൻ പെയറുകളുണ്ട്.
നമ്മുടെ നാട്ടിലെ സബർജലി. വെറും പെയർ അല്ല ഫ്ലവറിംഗ് ട്രീയുമായി ബഡ് ചെയ്ത് സ്വയം ഉണ്ടാക്കിയെടുത്ത മരങ്ങൾ. സാധാരണ പിയറിനേക്കാൾ വലിപ്പവും മധുരവും കൂടുതലാണിതിന്. മാത്രമല്ല ബഡ് ചെയ്ത ചെടിക്ക് ഭ്രാന്ത് പിടിച്ചതു പോലെ കായ്ക്കുകയും ചെയ്യുന്നു. റോഡിലൂടെ പോകുന്നവർ വണ്ടി നിർത്തി ഇത് കാണാൻ വരുന്നത് പതിവാണെന്ന് ജോസേട്ടൻ പറയുന്നു.
ആദ്യമൊക്കെ വിളവ് പള്ളിയില് കൊണ്ടുപോയി കാണുന്നവര്ക്ക് കൊടുത്തിരുന്നു. പക്ഷേ കൊണ്ടു ചെല്ലുന്ന ദിവസം എല്ലാവരും പള്ളിയില് കാണണമെന്നില്ല. കിട്ടാത്തവരില് ചിലര്ക്ക് പരിഭവമായി. അങ്ങനെയാണ് ആ പതിവ് നിര്ത്തിയതെന്ന് ജോസേട്ടൻ പറഞ്ഞു.
കൃഷി മാത്രമല്ല നായാട്ടിലും ചൂണ്ടയിടുന്നതിലുമെല്ലാം പ്രാവീണ്യമുണ്ട് ജോസേട്ടന്. കൂട്ടായി അടുത്തു തന്നെയുള്ള 10-12 മലയാളികളുമുണ്ട്. മുന്പ് രണ്ട് ബീന് ബാഗ് നിറയെ മീന് പിടിച്ചുകൊണ്ടുവന്ന് എല്ലാവര്ക്കും കൊടുത്തിരുന്ന കാലമുണ്ടായിരുന്നു.
നായാട്ടിന് പോയാല് 2-3 മാനിനെ ഒക്കെയായാണ് മടക്കം. തിരിച്ചു വന്നിട്ട് പിന്നെ എല്ലാവരെയും വിളിച്ചു കൂട്ടി ആഘോഷമാണ്.- ജോസേട്ടന്റെ കഥയ്ക്ക് ലിസമ്മ ചേച്ചി വക ടെയില് എന്ഡ്.
ചാർലി കിർക്ക് കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ടു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തൻ ചാർലി കിർക്ക് വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പുറത്തുവിട്ട് എഫ്ബിഐ.
പ്രതിയെ പിടികൂടാൻ ജനങ്ങൾ സഹായിക്കണമെന്നും എഫ്ബിഐയുടെ കുറിപ്പിൽ പറയുന്നു. ടീഷർട്ടും ജീൻസും തൊപ്പിയും കൂളിംഗ് ഗ്ലാസും ധരിച്ച ചെറുപ്പക്കാരന്റെ ചിത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.
‘യൂട്ടവാലി യൂണിവേഴ്സിറ്റിയിൽ ചാർലി കിർക്ക് വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഈ വ്യക്തിയെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടുകയാണ്.’ - എഫ്ബിഐ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഫോൺ നമ്പറും ഒപ്പം നൽകിയിട്ടുണ്ട്.
അതേസമയം, കിർക്കിന് മരണാനന്തര ബഹുമതിയായി പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. യുഎസിൽ സാധാരണക്കാരന് നൽകുന്ന ഏറ്റവും വലിയ പുരസ്കാരമാണിത്.
തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റും ട്രംപ് അനുകൂല മാധ്യമപ്രവർത്തകനുമായിരുന്നു കിർക്ക്. യൂട്ടവാലി സർവകലാശാലയിൽ നടന്ന ചടങ്ങിനിടെയാണ് കിർക്കിന് വെടിയേറ്റത്.
ഡാളസ് കേരള അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ഡാളസ്: ഡാളസ് കേരള അസോസിയേഷൻ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹാളിൽ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ച ഓണാഘോഷ പരിപാടിയിൽ ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ യുക്രെയ്ൻ പ്രസിഡന്റായ ഡോ. യു.പി.ആർ. മേനോൻ ഓണസന്ദേശം നൽകി.
കളരി, മോഹിനിയാട്ടം, കേരള നടനം, മാർഗംകളി, ഒപ്പന, തെയ്യം, കഥകളി, പുലിക്കളി, ഓട്ടൻതുള്ളൽ തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങൾ വേദിയിൽ അവതരിപ്പിച്ചു. വള്ളംകളി, നാടൻനൃത്തം, വർണച്ചുവട് തുടങ്ങിയ മനോഹരമായ നൃത്തപരിപാടികളും സംഘടിപ്പിച്ചു.
ഓണാഘോഷം സംഘടിപ്പിച്ച സുബി ഫിലിപ്പ് (ആർട്ട്സ് ഡയറക്ടർ), മഞ്ജിത് കൈനിക്കര (സെക്രട്ടറി), ദീപക് നായർ, മാത്യു നൈനാൻ, ജയ്സി ജോർജ്, വിനോദ് ജോർജ്, ബേബികൊടുവത്ത്, ദീപു രവീന്ദ്രൻ, അനശ്വർ മാമ്പിള്ളി, ഡിംപിൾ ജോസഫ്, സാബു മാത്യു, ഫ്രാൻസിസ് അംബ്രോസ്, തോമസ് ഈശോ, നെബു കുര്യാക്കോസ്, ടോമി നെല്ലുവേലിൽ, ഷിബു ജെയിംസ്, സിജു വി. ജോർജ്, ഷിജു എബ്രഹാം, എംസി മാരായ സിബി തലക്കുളം, സുധിഷ് നായർ, സുഭി ഫിലിപ്പ്, മീര മാത്യു എന്നിവർ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു.
ഡാളസിൽ സീരിയൽ മോഷണ കേസിൽ പ്രതിയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു
ഡാളസ്: സീരിയൽ മോഷണ കേസിൽ പ്രതിയെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് അവസാനത്തോടെ നോർത്ത് ഈസ്റ്റ് ഡാളസിൽ നടന്ന നിരവധി സായുധ കവർച്ചകളുമായി ബന്ധപ്പെട്ട് 19 വയസുകാരനായ ജോണ്ടേ ആൻഡേഴ്സനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളി കർട്ടിസ് കാർട്ടന്റെയും (21) മറ്റ് ചില കേസുകളുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികളെ പിടികൂടുന്നതിനിടെ, എആർ 15 റൈഫിൾ ഉൾപ്പടെ നിരവധി ആയുധങ്ങളും 200ലധികം വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു.
ആൻഡേഴ്സനെതിരെ മോഷണക്കുറ്റം ചുമത്തിയിട്ടുണ്ട്. മറ്റ് മോഷണക്കേസുകളിലും ഇയാൾക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. 1,50,000 ഡോളർ ജാമ്യത്തിൽ ഇയാൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. അതേസമയം, കാർട്ടർക്കെതിരെ ഇൻഡീസന്റ് എക്സ്പോഷർ, അറസ്റ്റിൽ നിന്ന് ഒഴിഞ്ഞുമാറൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇയാൾ 1,000 ഡോളർ ജാമ്യത്തിൽ കസ്റ്റഡിയിലാണ്.
കാലിഫോർണിയയിൽ ഐസിഇ പട്രോളിംഗ് തുടരാൻ ട്രംപിന് അനുമതി നൽകി സുപ്രീംകോടതി
കാലിഫോർണിയ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയം അനുസരിച്ച് സൗത്തേൺ കലിഫോർണിയയിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഏജന്റുമാർക്ക് റോന്തുചുറ്റാൻ യുഎസ് സുപ്രീം കോടതിയുടെ അനുമതി. ഒരു വിശദീകരണവുമില്ലാതെയാണ് കോടതി ഈ തീരുമാനം എടുത്തത്.
ഏഴ് കൗണ്ടികളിൽ മാത്രമാണ് ഈ തീരുമാനം നിലവിലുള്ളതെങ്കിലും, സമാന രീതിയിലുള്ള നടപടികൾ മറ്റ് പ്രദേശങ്ങളിലും വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ, ലോസ് ആഞ്ചലസിന് ചുറ്റും മുഖംമൂടി ധരിച്ച ഐസിഇ ഏജന്റുമാർ ലത്തീനോ വംശജരെ തടഞ്ഞുനിർത്തി അവരുടെ രേഖകൾ പരിശോധിച്ചത് നാലാം ഭേദഗതിയുടെ ലംഘനമാണെന്ന് കീഴ് കോടതികൾ വിലയിരുത്തിയിരുന്നു.
എന്നാൽ, സുപ്രീം കോടതി ഈ നിലപാട് തള്ളി. ഈ വർഷം ജൂലൈ വരെ, കുടിയേറ്റ കോടതികൾ 417,631 പേരെ നാടുകടത്താൻ ഉത്തരവിട്ടു. 2025 സാമ്പത്തിക വർഷത്തിൽ നാടുകടത്തപ്പെട്ടവരിൽ 90,910 പേരും മെക്സിക്കോയിൽ നിന്നുള്ളവരാണ്, കൂടാതെ ഹോണ്ടുറാസ് (61,536), ഗ്വാട്ടിമാല (59,508) എന്നിവിടങ്ങളിൽ നിന്നുള്ളവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു.
ഇമിഗ്രേഷൻ കോടതിയിൽ ഹാജരാകുന്നവരിൽ ഭൂരിഭാഗം പേർക്കും അഭിഭാഷകന്റെ സഹായം ലഭിക്കുന്നില്ല. ജൂലൈയിൽ നാടുകടത്തൽ ഉത്തരവ് ലഭിച്ചവരിൽ 21.3 ശതമാനം പേർക്ക് മാത്രമാണ് അഭിഭാഷകരുണ്ടായിരുന്നത്. ട്രംപ് അധികാരമേറ്റ 2025 ജനുവരി 28 മുതൽ ഓഗസ്റ്റ് 25 വരെയുള്ള കണക്കനുസരിച്ച്, ഐസിഇ ഏജന്റുമാർ 195,249 പേരെ അറസ്റ്റ് ചെയ്യുകയും 197,526 പേരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് 24 വരെയുള്ള കണക്കുകൾ പ്രകാരം കസ്റ്റഡിയിൽ 61,226 ആളുകളുണ്ട്, അതിൽ 70.3 ശതമാനം പേർക്കും ക്രിമിനൽ പശ്ചാത്തലമില്ല. 2015 വരെ, ഏഷ്യൻ വംശജരായ രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചിരുന്നു.
പക്ഷേ നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിൽ ലാറ്റിനോ വംശജരാണ് കൂടുതൽ. കസ്റ്റഡിയിലുള്ള കറുത്ത വർഗക്കാർ മറ്റ് കുടിയേറ്റക്കാരെ അപേക്ഷിച്ച് കൂടുതൽ ദുരുപയോഗം നേരിടുന്നുവെന്ന് ഒരു റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഐസിഇ കസ്റ്റഡിയിലുള്ള മൊത്തം ജനസംഖ്യയുടെ 6 ശതമാനം മാത്രമാണ് കറുത്ത വർഗക്കാർ എങ്കിലും, ദുരുപയോഗം സംബന്ധിച്ച പരാതികളിൽ 28 ശതമാനം വരുന്നത് അവരിൽ നിന്നാണ്.
ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ പുതിയ ബിഷപ്പായി റവ. റോബർട്ട് പി. പ്രൈസ് സ്ഥാനമേറ്റു
ഡാളസ്: ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ എട്ടാമത്തെ ബിഷപ്പായി റെവറന്റ് റോബർട്ട് പി. പ്രൈസ് സ്ഥാനമേറ്റു. കഴിഞ്ഞ സെപ്റ്റംബർ 6ന് ഡാളസിലെ ചർച്ച് ഓഫ് ദി ഇൻകാർനേഷനിൽ വെച്ച് നടന്ന ചടങ്ങിൽ, എപ്പിസ്കോപ്പൽ സഭയിലെ പ്രൈമേറ്റും പ്രിസൈഡിംഗ് ബിഷപ്പുമായ മോസ്റ്റ് റവ. സീൻ വാൾട്ടർ റോവ് മുഖ്യ കാർമ്മികനായി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 30ലധികം ബിഷപ്പുമാരും 100ൽ അധികം വൈദികരും ചടങ്ങിൽ പങ്കെടുത്തു. ആംഗ്ലിക്കൻ കമ്മ്യൂണിയൻ ജനറൽ സെക്രട്ടറി റവ. ആന്റണി പോഗ്ഗോ, ഘാനയിലെ കൊഫോറിഡുവ രൂപതയുടെ ബിഷപ്പ് റവ. ഫെലിക്സ് അന്നാൻസി, ഹോണ്ടുറാസ് രൂപതയുടെ ബിഷപ്പ് റവ. ലോയ്ഡ് അലൻ, ഡൊമിനിക്കൻ റിപ്പബ്ലിക് രൂപതയുടെ ബിഷപ്പ് റവ. മോയ്സസ് ക്വസാഡ മോട്ട എന്നിവർ പങ്കെടുത്ത പ്രമുഖരിൽ ചിലരാണ്. ടെന്നസി രൂപതാ ബിഷപ്പ് റവ. ജോൺ സി. ബോവർഷ്മിഡ് ചടങ്ങിൽ പ്രസംഗിച്ചു.

സേവനങ്ങൾക്ക് സംഭാവന നൽകിയവരുടെ പ്രതിനിധികൾ ചടങ്ങിനിടെ പ്രൈസിന് മോതിരം, കുരിശ്, കിരീടം, അംശം, ക്രൊസിയർ എന്നിവ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ കൈമാറി. തുടർന്ന് വിശുദ്ധ കുർബാനയും വിരുന്നും നടന്നു.
മുൻ ബിഷപ്പ് ജോർജ് സംനർ വിരമിക്കുന്നതോടെ ബിഷപ്പ് കോഡ്ജ്യൂട്ടേറ്റായി പ്രവർത്തിക്കുന്ന പ്രൈസ്, ഡാളസ് രൂപതയുടെ പുതിയ ബിഷപ്പായി ചുമതലയേൽക്കും. കഴിഞ്ഞ മെയിൽ നടന്ന രണ്ട് വോട്ടെടുപ്പുകളിലൂടെയാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ചടങ്ങിൽ റൈറ്റ് റവ. ജെന്നിഫർ ആൻ ആൻഡിസൺ (ടൊറന്റോ രൂപതയുടെ സഫ്രഗൻ ബിഷപ്പ്),റൈറ്റ് റെവറന്റ് ജോൺ ക്രോഫോർഡ് ബോവർഷ്മിഡ്റ്റ് (ടെന്നസി രൂപതയുടെ ബിഷപ്പ്), റൈറ്റ് റെവറന്റ് ജോർജ് റോബിൻസൺ സമ്മർ (ഡാളസ് രൂപതയുടെ ബിഷപ്പ്),റവ. എറിക് കെ. ജെ. ഗ്രോൺബെർഗ് (നോർത്തേൺ ടെക്സസ്നോർത്തേൺ ലൂസിയാന സിനഡ്, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് ഓഫ് അമേരിക്ക),റവ. ലിനോ അക്വിലിനോ ലാറ (സാൻ ഫ്രാൻസിസ്കോ ഡി ആസിസ്, ഡാളസ്), റവ. സമീറ പേജ് (ഹോളി നേറ്റിവിറ്റി & ഗേറ്റ്വേ ഓഫ് ഗ്രേസ്, പ്ലാനോ),റവ. ടോം സ്മിത്ത് (സെന്റ് പോൾസ്, പ്രോസ്പർ), റവ. റോയ് തോമസ് (സെന്റ് ആൻഡ്രൂസ്, ഫാർമേഴ്സ് ബ്രാഞ്ച്),മിസ്റ്റർ ആൻഡ്രൂ ഹോയ്ൽ & മിസ്. ഇൻഗ്രിഡ് ഹോയ്ൽ (സെന്റ് ഡൺസ്റ്റൻസ്, ഹ്യൂസ്റ്റൺ),മിസ്. അഡെൽ ഇച്ചിലിയൻ & മിസ്റ്റർ തിമോത്തി എ. മാക്ക് (സെന്റ് മാത്യൂസ് കത്തീഡ്രൽ, ഡാളസ്) എന്നീ പ്രമുഖർ സഹ കാർമീകരായി പങ്കെടുത്തു
റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ സമാപിച്ചു
ന്യൂയോർക്ക്: റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുനാൾ സെപ്റ്റംബർ 5, 6, 7 തീയതികളിലായി ആഘോഷിച്ചു. ഇടവക വികാരി റവ. ഫാ. ഡോ. ബിബി തറയിൽ പ്രധാന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തിരുനാളിന്റെ കൊടിയേറ്റി. ഇടവകയിലെ 94 പേരാണ് ഇത്തവണ പ്രസുദേന്തിമാരായത്.

തിരുനാളിന്റെ രണ്ടാം ദിവസമായ സെപ്റ്റംബർ 6ന് പ്രസുദേന്തി വാഴ്ചയും ഇംഗ്ലിഷ് കുർബാനയും കുട്ടികളുടെ സിസിഡി ഫെസ്റ്റുമുണ്ടായിരുന്നു. ന്യൂയോർക്ക് ഫൊറാനയിലുള്ള സിസ്റ്റേഴ്സും വൈദികരുമാണ് സിസിഡി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്. വിവിധ തരത്തിലുള്ള ഫുഡ് സ്റ്റാളുകളും സജീവമായി.

തിരുനാൾ ദിവസം സെപ്റ്റംബർ 7ന് വൈകിട്ട് 4 മണിക്ക് തിരുനാൾ കുർബാന ഫാ. ലിജോ കൊച്ചുപറമ്പിലിന്റെ കാർമികത്വത്തിൽ നടന്നു. ഫാ. മാത്യു മേലേടത്തു തിരുനാൾ സന്ദേശം നൽകി.
ബ്രോൺസ് സീറോ മലബാർ ഇടവകയിലെ ചെണ്ട ടീമിന്റെ ചെണ്ടമേളങ്ങളോടെയുള്ള തിരുന്നാൾ പ്രദക്ഷിണം, വിശുദ്ധന്മാരുടെയും മാലാഖാമാരുടെയും വേഷത്തിൽ മുത്തുകുടകളോടെയുള്ള കുട്ടികളുടെ പ്രദക്ഷിണം എന്നിവ വർണാഭമായി.

കുർബാനയുടെ ആശിർവാദത്തിനു ശേഷം ഇടവകയുടെ ട്രസ്റ്റി സിബി മണലേൽ തിരുന്നാൾ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരോടും നന്ദി അറിയിച്ചു. തിരുനാൾ ആഘോഷങ്ങൾ സ്നേഹ വിരുന്നോടെ സമാപിച്ചു.
കാലിഫോർണിയയിൽ ചരിത്രം കുറിച്ച മങ്കയുടെ പൊന്നോണം
കാലിഫോർണിയ: മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക ) പ്രസിഡന്റ് സുനിൽ വർഗീസിന്റെ അതുല്യമായ നേതൃത്വ പാടവത്തിൽ ഈ വർഷത്തെ ഓണാഘോഷം കാലിഫോർണിയയിൽ ചരിത്രം കുറിച്ചു.
മലയാളിത്തനിമ നിറഞ്ഞ ഈ ആഘോഷത്തിൽ ഏകദേശം മൂവായിരം പേരോളം പങ്കെടുത്തു. നാടിന്റെ പൈതൃകവും സംസ്കാരവും, വിളിച്ചോതുന്ന കലാ പരിപാടികളും ഓണ പാട്ടുകളും പൂവിളികളും രുചിയൂറുന്ന ഭക്ഷണ വിഭവങ്ങളുമായി മധുര മനോഹരമായി പൊന്നോണം . റിയലെറ്റർ ഷാജു വർഗ്ഗീസ് ആയിരുന്നു ഗ്രാൻഡ് സ്പോൺസർ . സാൻ ഫ്രാൻസിസ്കോ ഡെപ്യൂട്ടി കോൺസൽ ജനറൽ രാകേഷ് അഡ്ലാഖ പരിപാടി ഉദ്ഘാടനം ചെയ്തു . എംഎൽഎയും മുൻ മന്ത്രിയുമായ മോൻ സ് ജോസഫ് ആയിരുന്നു മുഖ്യാതിഥി.

കലാമണ്ഡലം ശിവദാസൻ വിശിഷ്ടാതിഥി ആയിരുന്നു. മുഖ്യ കോഓർഡിനേറ്റർ ആയ മേരി ദാസൻ ജോസഫ് ഏവരെയും ഊഷ്മളമായി സ്വാഗതം ചെയ്തു. ചരിത്രം കുറിച്ചുകൊണ്ട് മലയാളിത്തനിമയോടെ മുപ്പതോളം വിഭവങ്ങളുമായി പഴയിടവും സിനോയ്’സ് കിച്ചനും ചേർന്നൊരുക്കിയ പഴയിടം ഓണസദ്യ യായിരുന്നു ആയിരങ്ങളെ ആകർഷിച്ച പ്രധാന ഇനം. മങ്ക ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആയ സ്മിത രാമചന്ദ്രൻ, ലിസി ജോൺ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.

ഇന്ത്യൻ പെർഫോമിംഗ് ആർട്സ് സെന്റർ (ഐപാക്) ഒരുക്കിയ ഗാനമേള ഏറെ അകർഷണീയമായിരുന്നു . മങ്ക ബോർഡ് ഓഫ് ഡയറക്ടർ ജോൺ പോൾ വർക്കി നന്ദി പറഞ്ഞു . കർമ്മ നിരതരും കഠിനാധ്വാനികളും ആയ മങ്ക ടീമിന്റെയും വോളണ്ടിയേഴ്സിന്റെയും അതിസൂക്ഷ്മമായ ആസൂത്രണ പാടവം ഒന്നുകൊണ്ട് മാത്രമാണ് ഇത്രയും നിറപ്പകിട്ടാർന്ന ഒരു പൊന്നോണം ബേ ഏരിയ മലയാളികൾക്ക് സമ്മാനിക്കാൻ സാധിച്ചത്.
പ്രസിഡന്റ് സുനിൽ വർഗീസ് ഏവരെയും ഈ നിസ്വാർഥ സേവനത്തിന് വ്യക്തിപരമായി അനുമോദനം അർപ്പിച്ച് ആദരിച്ചു. പ്രസിഡന്റ് സുനിൽ വർഗീസിന്റെ നേതൃത്വത്തിൽ നടന്ന ഈ ഓണാഘോഷം മലയാളി ത്തനിമയുടെ പ്രതീകമായി ബേ ഏരിയ മലയാളികളുടെ മനസിൽ ഒരു മധുരമുള്ള ഓർമ്മയായി എന്നെന്നും നിലനിൽക്കും.
കാമുകിയുമായി വഴക്കിട്ട് മടങ്ങവെ കാമുകൻ വെടിയേറ്റ് കൊല്ലപ്പെട്ടു
ഹൂസ്റ്റൺ: തെക്ക് പടിഞ്ഞാറൻ ഹൂസ്റ്റണിൽ കാമുകിയുമായി വഴക്കിട്ട് മടങ്ങവെ കാമുകൻ വെടിയേറ്റ് കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി 10 മണിയോടെ ബിസണറ്റ് സ്ട്രീറ്റിലെ 7200 ബ്ലോക്കിൽ ഫോണ്ട്രെൻ റോഡിന് സമീപമുള്ളൊരു പാർക്കിംഗ് സ്ഥലത്തുവച്ചാണ് സംഭവമുണ്ടായത്.
പാര്ക്കിംഗിൽ വച്ച് കാമുകിയുമായി തർക്കമുണ്ടായതിന് പിന്നാലെ സ്ട്രീറ്റിലേക്ക് നടന്ന ഇയാളെ, ഇരുണ്ട നിറത്തിലുള്ള ഒരു ഫോർഡ് എസ്യുവി കാറിൽ വന്നൊരാൾ വെടിവയ്ക്കുകയായിരുന്നു.
വെടിയൊച്ച കേട്ട് കാമുകി സ്ഥലത്തെത്തിയെങ്കിലും വെടിയേറ്റയാളെ രക്ഷിക്കാൻ സാധിച്ചില്ല, തൽക്ഷണം മരിച്ചു. സംഭവത്തിൽ കാമുകിക്ക് പരിക്കേറ്റിട്ടില്ല. കാമുകിയുമായുള്ള തർക്കവുമായി ബന്ധപ്പെട്ടതല്ല വെടിവയ്പ്പ് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
ഏതെങ്കിലും തരത്തിലുള്ള പ്രകോപനങ്ങളോ സംഭാഷണങ്ങളോ കൊല്ലപ്പെട്ടയാളും കൊലപാതകിയും തമ്മിൽ സംഭവസ്ഥലത്തുണ്ടായിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് എ. ഖാൻ പറഞ്ഞു.
വാഹനത്തിൽ നിന്നിറങ്ങി ചെറിയ അകലത്തിൽനിന്ന് വെടിവച്ചതിന് ശേഷം, തിരികെ വാഹനത്തിൽ കയറി ഇയാൾ കടന്നുകളയുകയായിരുന്നു. വെടിയുതിർത്തയാളെയോ കൊലപാതകത്തിനുള്ള കാരണമോ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടയാളുടെ വിവരങ്ങളും പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ ഷിക്കാഗോയിൽ വൻ പ്രതിഷേധം
ഷിക്കാഗോ: കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന ട്രംപ് ഭരണകൂടത്തിന്റെ ഭീഷണിക്കെതിരെ ഷിക്കാഗോയിൽ ആയിരക്കണക്കിന് ആളുകൾ സമാധാനപരമായ പ്രതിഷേധ റാലി നടത്തി. കോൺഗ്രസ് പ്ലാസ ഗാർഡനിൽനിന്ന് ആരംഭിച്ച് ട്രംപ് ടവറിന് മുന്നിലൂടെയായിരുന്നു പ്രതിഷേധം.
യുവാക്കൾ, കുടുംബങ്ങൾ, മുൻ സൈനികർ ഉൾപ്പടെ മൂവായിരത്തോളം പേരാണ് റാലിയിൽ പങ്കെടുത്തത്. സൈനികരെ അയക്കുമെന്ന് പ്രസിഡന്റ് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും, റാലി നടന്നപ്പോൾ ഫെഡറൽ ഏജന്റുമാരോ സൈനികരോ സ്ഥലത്തുണ്ടായിരുന്നില്ല.
കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിനെതിരെ പ്രാദേശിക നേതാക്കൾ രംഗത്തെത്തി. ഷിക്കാഗോയുടെ മേയറായ ബ്രാൻഡൻ ജോൺസൺ ട്രംപിന്റെ ഭീഷണികൾക്കെതിരെ ശക്തമായി പ്രതികരിച്ചു. താൻ ഒരു മുൻ സൈനികനും ഡോക്ടറുമാണെന്നും ഈ പ്രതിഷേധം നഗരത്തിന്റെ ശക്തമായ കുടിയേറ്റ പാരമ്പര്യത്തെയാണ് കാണിക്കുന്നതെന്നും റാലിയിൽ പങ്കെടുത്ത ഒരാൾ പറഞ്ഞു. വംശീയതയ്ക്കെതിരെയും കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കുവേണ്ടിയും പോരാടുന്ന നിരവധി സംഘടനകളും റാലിക്ക് പിന്തുണ നൽകി.
ഹാരിസ് കൗണ്ടി റോഡരികിൽ മുൻ സൈനികന്റെ മൃതദേഹം കണ്ടെത്തി
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ റോഡരികിൽ മുൻ നാവിക ഉദ്യോഗസ്ഥനും (മറൈൻ വെറ്ററൻ) ഊബർ ഡ്രൈവറുമായ ക്വോക് എൻഗുയെനെ (28) വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
സെപ്റ്റംബർ 4ന് രാത്രി 11 മണിയോടെയാണ് വടക്കുപടിഞ്ഞാറൻ ഹാരിസ് കൗണ്ടിയിലെ ലേക്ക്വുഡ് ഫോറസ്റ്റ് ഡ്രൈവിൽനിന്നും എൻഗുയെന്റെ മൃതദേഹം ലഭിക്കുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാണോ അതോ ഇവിടെ വച്ച് തന്നെ കൊലപ്പെടുത്തിയതാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
സംഭവത്തിനു പിന്നാലെ, എൻഗുയെന്റെ സ്വകാര്യ വാഹനം കാണ്മാനില്ല. ഇത് സംബന്ധിച്ച അന്വേഷണവും നടന്നുവരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സംഭവവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെയോ ക്രൈം സ്റ്റോപ്പേഴ്സിനെയോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.
കുടുംബത്തെ സഹായിക്കാൻ വേണ്ടിയാണ് എൻഗുയെൻ ഊബർ ഡ്രൈവറായി ജോലി ചെയ്തിരുന്നത്. ഒപ്പം, മെഡിക്കൽ ടെക്നീഷ്യൻ (ഇഎംടി) ആകാനുള്ള പഠനവും നടത്തുന്നുണ്ടായിരുന്നു. എൻഗുയെന്റെ വിയോഗത്തിൽ ഊബർ അനുശോചനം രേഖപ്പെടുത്തി.
'ഓപ്പറേഷൻ പാട്രിയോട്ട് 2.0': ബോസ്റ്റണിൽ കുടിയേറ്റക്കാർക്കെതിരെ ട്രംപിന്റെ പുതിയ നടപടി
ബോസ്റ്റൺ: ബോസ്റ്റണിൽ കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടം കർശന നടപടികൾ ആരംഭിച്ചതായി സൂചന. ’ഓപ്പറേഷൻ പാട്രിയോട്ട് 2.0’ എന്ന് പേരിട്ടിരിക്കുന്ന ഈ നീക്കം ആഴ്ചകൾ നീണ്ടുനിൽക്കുമെന്നാണ് സൂചന. കുടിയേറ്റക്കാരെ കൂട്ടത്തോടെ പിടികൂടാൻ സൈന്യത്തെയും ഫെഡറൽ ഏജന്റുമാരെയും അയയ്ക്കാൻ ട്രംപ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്.
ഫെഡറൽ കുടിയേറ്റ ഉദ്യോഗസ്ഥരുമായി സഹകരിക്കാത്ത സങ്കേത നഗരങ്ങളെ ലക്ഷ്യമിട്ടാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം. തടവിൽ നിന്ന് മോചിതരായവരെയും, എന്നാൽ കുടിയേറ്റ ഉദ്യോഗസ്ഥർക്ക് കൈമാറാത്തവരെയും പിടികൂടാനാണ് ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ട്രംപിന്റെ കുടിയേറ്റ നയങ്ങളെ ബോസ്റ്റൺ മേയർ മിഷേൽ വു വിമർശിച്ചു. ഈ നീക്കം സമൂഹത്തിന്റെ സുരക്ഷയ്ക്ക് വിരുദ്ധമാണെന്നും ഇത് നഗരത്തിൽ ഭയം സൃഷ്ടിക്കുമെന്നും അവർ പറഞ്ഞു. ന്യൂയോർക്ക്, ലൊസാഞ്ചലസ് തുടങ്ങിയ നഗരങ്ങൾക്കെതിരെയും ട്രംപ് സമാനമായ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്