കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ യുകെ സന്ദർശനം നാളെ മുതൽ
പ്രസ്റ്റൺ: സീറോ മലബാർ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ രണ്ടാഴ്ചത്തെ ഔദ്യോഗിക യുകെ സന്ദർശനം നാളെ മുതൽ ആരംഭിക്കും. രണ്ടു വർഷം മുൻപ് സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ നാല്പത്തി അയായിരത്തിലധികം വിശ്വാസികളെ കാണാനും പ്രവാസി ജീവിതസാഹചര്യങ്ങളിൽ വിശ്വാസജീവിതത്തിനു വേണ്ട മാർഗനിർദേശങ്ങൾ നൽകാനുമാണ് സഭാതലവൻ എത്തുന്നത്. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ വളർച്ചയുടെ ശ്രദ്ധേയമായ ചുവടുവയ്പായ 'മിഷൻ' കേന്ദ്രങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളും വിവിധ സ്ഥലങ്ങളിൽ നടക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സഭാതലവനെ സന്ദർശനങ്ങളിൽ അനുഗമിക്കും.

അതേസമയം, മറ്റന്നാൾ മുതൽ ആരംഭിക്കുന്ന വിവിധ സ്ഥലങ്ങളിലെ സന്ദർശനങ്ങളുടെ സമയക്രമം രൂപത പുറത്തിറക്കി. നാളെ വൈകിട്ട് ഗ്ലാസ്ഗോയിൽ വിമാനമിറങ്ങുന്ന മാർ ആലഞ്ചേരി, 23ന് അബർഡീൻ ഹോളി ഫാമിലി ദേവാലയത്തിൽ ഫാ. ജോസഫ് പിണക്കാട്ടും വിശ്വാസികളുമൊരുക്കുന്ന കൂട്ടായ്മയിലാണ് ആദ്യം സംബന്ധിക്കുന്നത്.

ഡിസംബർ ഒന്പതു വരെ നീളുന്ന സന്ദർശനങ്ങളിൽ ഇരുപതിലധികം സ്ഥലങ്ങളിൽ മാർ ആലഞ്ചേരി വിശുദ്ധ കുർബാനയർപ്പിക്കുകയും വചനസന്ദേശം നൽകുകയും വിവിധ വിശുദ്ധ കുർബാന സ്ഥലങ്ങൾ ഒത്തുചേരുന്ന 'മിഷൻ' കേന്ദ്രങ്ങളുടെ പ്രഖ്യാപനം നടത്തുകയും ചെയ്യും.

സഭാതലവനെ എതിരേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് എല്ലായിടത്തും നടന്നുകൊണ്ടിരിക്കുന്നത്. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, വികാരി ജനറാൾമാർ, വിവിധ സ്ഥലങ്ങളിലെ ശുശ്രുഷകൾക്കു നേതൃത്വം നൽകുന്ന വൈദികർ,സന്യാസിനികൾ, മിഷൻ ആഡ് ഹോക്ക് കമ്മിറ്റികൾ, വിശുദ്ധ കുർബാന കേന്ദ്രങ്ങളിലെ കമ്മിറ്റി അംഗങ്ങൾ, വിമെൻസ് ഫോറം, വോളണ്ടിയേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

രണ്ടു വർഷം മുന്പ്, ഗ്രേറ്റ് ബ്രിട്ടൺ രൂപത സ്ഥാപനത്തിനും പ്രഥമ മെത്രാനായി മാർ ജോസഫ് സ്രാമ്പിക്കലിനെ അഭിഷേകം ചെയ്യുന്നതിനായി യൂകെയിലെത്തിയതിനു ശേഷം ഇതാദ്യമായാണ് മാർ ജോർജ് ആലഞ്ചേരി യുകെയിലെത്തുന്നത്. ഡിസംബർ ഒന്നിന് ബെർമിംഗ്ഹാം ബെഥേൽ കൺവൻഷൻ സെന്‍ററിൽ നടക്കുന്ന 'കുട്ടികളുടെ വർഷത്തിന്‍റെ സമാപന ചടങ്ങുകളിലും യുവജന വർഷത്തിന്‍റെ ആരംഭചടങ്ങുകളിലും മാർ ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. ഡിസംബർ എട്ടിന് ബെഥേൽ കൺവൻഷൻ സെന്‍ററിൽ 'സെഹിയോൻ മിനിസ്ട്രിസ് ഒരുക്കുന്ന 'രണ്ടാം ശനിയാഴ്ച കൺവൻഷനിലും കർദ്ദിനാൾ പങ്കെടുക്കും.

അനുഗ്രഹദായകമായ ഈ അവസരത്തിൽ, സാധിക്കുന്ന എല്ലാ വിശ്വാസികളും തിരുക്കർമ്മങ്ങളിൽ പങ്കെടുക്കണമെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അഭ്യർഥിച്ചു.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്