ബസ് കുറവ്, കയറാനാളുമില്ല; പ്രതിസന്ധിയിൽ ബിഎംടിസി
ബംഗളൂരു: നഗരത്തിലെ പ്രമുഖ പൊതുഗതാഗത സംവിധാനമായ ബിഎംടിസിയുടെ പ്രതിസന്ധി രൂക്ഷമാകുന്നു. ബസുകളുടെ എണ്ണത്തിലും യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. 2017-18 കാലയളവിൽ 44.37 ലക്ഷം പേരാണ് ബിഎംടിസി ബസുകളിൽ യാത്ര ചെയ്തത്. തൊട്ടുമുൻപത്തെ വർഷം ഇത് 45.37 ലക്ഷവും അതിനു മുമ്പ് 51.3 ലക്ഷവുമായിരുന്നു യാത്രക്കാരുടെ എണ്ണം.

സ്വകാര്യവാഹനങ്ങളുടെ എണ്ണം വർധിച്ചതും മെട്രോയുടെ വരവുമാണ് യാത്രക്കാരുടെ എണ്ണം കുറയാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ബസുകളിലെ ടിക്കറ്റ് നിരക്ക് ഉയർത്തിയതും ഗതാഗതക്കുരുക്ക് കൂടിയതും യാത്രക്കാരെ ബിഎംടിസിയിൽ നിന്ന് അകറ്റി. ഗതാഗതക്കുരുക്കിൽ കുടുങ്ങി പല ട്രിപ്പുകളും പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. ഇതിനാൽ യാത്രാസമയവും കൂടുന്നു. മെട്രോ രണ്ടാംഘട്ടം കൂടി പൂർത്തിയാകുന്നതോടെ ബിഎംടിസിയുടെ നില കൂടുതൽ പരുങ്ങലിലാകും.

കൂടാതെ, നഗരത്തിൽ അങ്ങോളമിങ്ങോളം സർവീസ് നടത്താൻ ആവശ്യത്തിന് ബസുകളില്ലാത്തതും പ്രതിസന്ധിക്കു കാരണമാണ്. പതിനാറായിരത്തിലേറെ ബസുകൾ വേണ്ട സ്ഥാനത്ത് 6,529 ബസുകൾ മാത്രമാണ് നഗരത്തിൽ സർവീസ് നടത്തുന്നത്. പുതിയ ബസുകൾ വാങ്ങാൻ സർക്കാരിൽ നിന്ന് ആവശ്യത്തിന് ഫണ്ട് കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്.