ലിബിയയിൽ നാശം വിതച്ച് കൊടുങ്കാറ്റ്; മരണം 5,000 കടന്നു
ട്രിപ്പോളി: വടക്കനാഫ്രിക്കൻ രാജ്യമായ ലിബിയയുടെ കിഴക്കൻ ഭാഗത്ത് കൊടുങ്കാറ്റ് വീശി വൻ നാശം. 5000-ൽ അധികം പേർ മരിച്ചെന്നാണ് നിഗമനം.
10,000 പേരെ കാണാതായി. വർഷങ്ങളായി ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലായ ലിബിയയിൽ രണ്ടു സർക്കാരുകൾ പ്രവർത്തിക്കുന്നതു രക്ഷാപ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്.
ഡാനിയേൽ എന്ന ചുഴലിക്കൊടുങ്കാറ്റ് തിങ്കളാഴ്ചാണു കിഴക്കൻ ലിബിയയിൽ വീശിയത്. ഡെർന, ബംഗാസി, സൂസ, അൽ മരാഷ് നഗരങ്ങളിൽ നാശനഷ്ടമുണ്ടായി.
വാഡി ഡെർന നദിയിലെ രണ്ട് അണക്കെട്ടുകൾ തകർന്ന് ലക്ഷക്കണക്കിനു ചതുരശ്ര മീറ്റർ വെള്ളം കുതിച്ചൊഴുകിയതോടെ ഡെർന നഗരം തകർന്നടിഞ്ഞു.
ഡെർനയിൽ മാത്രം ആയിരം പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ടുകളിൽ പറയുന്നു. ആശയവിനിമയ സംവിധാനങ്ങൾ നശിച്ചതിനാൽ ഡെർനയിലെ യഥാർഥ സ്ഥിതി വ്യക്തമല്ല.
റോഡുകൾ തകർന്നതിനാലും വെള്ളം കെട്ടിക്കിടക്കുന്നതിനാലും ദുരന്തമേഖലയിൽ എത്തിച്ചേരാൻ രക്ഷാപ്രവർത്തകർ ബുദ്ധിമുട്ട് നേരിടുന്നു.
നാലു പതിറ്റാണ്ടിലധികം ലിബിയ ഭരിച്ച കേണൽ ഗദ്ദാഫി ആഭ്യന്തരയുദ്ധത്തെത്തുടർന്ന് 2011ൽ കൊല്ലപ്പെട്ടതിനുശേഷം ലിബിയ അരാജകത്വത്തിന്റെ പിടിയിലാണ്.
തലസ്ഥാനമായ ട്രിപ്പോളി കേന്ദ്രീകരിച്ച് അന്താരാഷ്ട്ര പിന്തുണയോടെ ഐക്യസർക്കാരും കിഴക്കൻ മേഖലയിൽ ബംഗാസി കേന്ദ്രീകരിച്ച് മറ്റൊരു സർക്കാരും നിലവിലുണ്ട്.
കിഴക്കൻ സർക്കാരിന്റെ നിയന്ത്രണപ്രദേശങ്ങളിലാണു കൊടുങ്കാറ്റ് നാശം വിതച്ചിരിക്കുന്നത്. ഡെർന നഗരത്തിന്റെ 25 ശതമാനം അപ്രത്യക്ഷമായെന്നാണ്, ദുരന്തമേഖല സന്ദർശിച്ച കിഴക്കൻ സർക്കാർ വൃത്തങ്ങൾ പറഞ്ഞത്.
നഗരമധ്യത്തിലെ നാലു ചതുരശ്ര കിലോമീറ്റർ ഭാഗം ഒഴുകിപ്പോയി. ദുരന്തമേഖലയിലേക്കു വൈദ്യസംഘത്തെ അയച്ചതായി ഐക്യസർക്കാർ അറിയിച്ചു. ഈജിപ്ത്, ജർമനി, ഇറാൻ, ഇറ്റലി, ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
കണ്ണീർക്കടലായി മൊറോക്കോ; മരണം ആയിരം കവിഞ്ഞു
റാബത്ത്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയെ തകർത്തെറിഞ്ഞുണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരണം ആയിരം കവിഞ്ഞു. പരിക്കേറ്റവരുടെ എണ്ണവും ആയിരത്തിനടുത്തെത്തി.
വെള്ളിയാഴ്ച രാത്രി 11:11നാണ് റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. മാരക്കേഷിന് 70 കിലോമീറ്റർ തെക്കുപടിഞ്ഞാറ് അൽ ഹാവുസ് പ്രവിശ്യയിൽ 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം.
ആഫ്രിക്കയുടെ വടക്കൻ മേഖലയിൽ സഹാറ മരുഭൂമിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് മൊറോക്കോ. പർവതങ്ങൾ നിറഞ്ഞ പ്രദേശങ്ങളായതിനാൽ മരണസംഖ്യ ഉയരാനാണു സാധ്യതയെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പും അസാധ്യമാണ്.
ഭൂകന്പത്തിന്റെ പ്രകന്പനം ഏതാനും സെക്കൻഡുകൾ നീണ്ടതായി പ്രദേശവാസികൾ സമൂഹമാധ്യമങ്ങളിൽ അറിയിച്ചു. റാബത്ത്, കാസാബ്ലാങ്ക ഉൾപ്പെടെ നഗരങ്ങളിൽ വ്യാപക നാശമുണ്ട്. മാരക്കേഷ്, താരോഡൗന്റ് മേഖലയിൽ നൂറുകണക്കിനു കെട്ടിടങ്ങൾ നിലംപൊത്തി.
കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുന്നതിന്റെയും തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളുടേയും വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. തുടർചലനങ്ങൾ ഉണ്ടാകുമെന്ന ഭീതിയിൽ ആളുകൾ ഇന്നലെ പുലർച്ചെ വരെ തുറസായ സ്ഥലത്താണ് കഴിച്ചുകൂട്ടിയത്.
തെരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. മൊറോക്കോയുടെ ദുരിതത്തിൽ പങ്കുചേരുകയാണെന്നു പ്രഖ്യാപിച്ച ലോകനേതാക്കൾ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സഹായവും വാഗ്ദാനം ചെയ്തു.
മൊറോക്കോയില്‍ ശക്തമായ ഭൂചലനം; 632 മരണം
റാബത്: വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ ഉണ്ടായ ഭൂചലനത്തില്‍ 632 പേര് മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക്. മരണ സംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി 11ന് ആണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി.19 മിനിറ്റിനുശേഷം 4.9 തീവ്രത രേഖപ്പെടുത്തിയ തുടര്ച്ചലനങ്ങളുണ്ടായതായും യുസ് ഏജന്‍സി അറിയിച്ചു.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മാരാക്കേക്കില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ തെക്ക് അറ്റ്ലസ് പര്‍വതനിരകളിലാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസൗറ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി അധികൃതര്‍ പറഞ്ഞു. വൈദ്യുതി ബന്ധവും ടെലഫോണ്‍ നെറ്റ്വര്ക്കും നഷ്ടമായി. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
സുഡാൻ തലസ്ഥാനത്ത് വ്യോമാക്രമണം; 20 പേർ കൊല്ലപ്പെട്ടു
ഖാർത്തൂം: ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനിൽ തലസ്ഥാന നഗരമായ ഖാർത്തൂമിലെ ജനവാസമേഖലയിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു കുട്ടികൾ അടക്കം 20 പേർ കൊല്ലപ്പെട്ടു.
തെക്ക്-പടിഞ്ഞാറൻ ഖാർത്തൂമിലെ കലക്ല അൽ-ഖുബ്ബ മേഖലയിലാണു ഞായറാഴ്ച വ്യോമാക്രമണമുണ്ടായത്. ഞായറാഴ്ച പല പ്രദേശങ്ങളിലും പീരങ്കികളും റോക്കറ്റുകളും ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജനവാസകേന്ദ്രങ്ങൾ മറയാക്കിയ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) വിമതരെ ലക്ഷ്യമിട്ടാണ് സൈന്യം വ്യോമാക്രമണം ശക്തമാക്കിയത്.
ജൊഹാനസ്ബര്‍ഗില്‍ വന്‍ തീപിടിത്തം; 64 മരണം, നിരവധി പേര്‍ക്ക് പരിക്ക്
കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ അഞ്ച് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 64 പേര് മരിച്ചു. 40-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു.
ഭവനരഹരിരായ ആളുകള്‍ മതിയായ രേഖകളൊന്നുമില്ലാതെ താമസിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 200-ല്‍ അധികം പേര് ഇവിടെ താമസിച്ചിരുന്നതായാണ് വിവരം.
മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഗാബോണിൽ അട്ടിമറി; ഭരണം ഏറ്റെടുത്ത് സൈന്യം
ലിബ്രെവിൽ: മധ്യ ആഫ്രിക്കൻ രാജ്യമായ ഗാബോണിൽ സൈന്യം അട്ടിമറിയിലൂടെ ഭരണം ഏറ്റെടുത്തു. പ്രസിഡന്റ് അലി ബോംഗോയെ വീട്ടുതടങ്കലിലാക്കിയാണ് സൈന്യം ഭരണം പിടിച്ചത്.
2009 മുതൽ അധികാരത്തിൽ തുടരുന്ന ബോംഗോ ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിലൂടെ മൂന്നാംവട്ടവും അധികാരം നേടിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ വ്യാപക കൃത്രിമം നടന്നെന്ന് പരാതിയുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് സൈന്യം ബോംഗോയെ പുറത്താക്കി ഭരണം പിടിച്ചത്. രാജ്യത്തിന്റെ ഭരണം തങ്ങൾ ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സൈനിക ജനറൽമാർ ഇന്ന് വൈകിട്ട് ടെലിവിഷൻ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് റദ്ദാക്കുകയാണെന്നും റിപ്പബ്ലിക്കിലെ എല്ലാ സംവിധാനങ്ങളും മരവിപ്പിക്കുകയാണെന്നും സൈന്യം അറിയിച്ചു. രാജ്യത്തെ നാശത്തിലേക്ക് നയിക്കുന്ന ഉത്തരവാദിത്വമില്ലാതെ ഭരണത്തിന് തങ്ങൾ അറുതിവരുത്തുകയാണെന്നാണ് സൈന്യം അവകാശപ്പെട്ടത്. ഇതിന് പിന്നാലെ, ബോംഗോയുടെ മക്കളിലൊരാളെ അഴിമതി കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്തു.
എണ്ണനിക്ഷേപം കൊണ്ട് സമ്പന്നമായ ഗാബോണിൽ 1967 മുതൽ അധികാരത്തിലുള്ളത് ബോംഗോ കുടുംബമാണ്. 41 വർഷം രാജ്യം ഭരിച്ച ഒമർ ബോംഗോ മകനെ "ഭരണം ഏൽപ്പിച്ചാണ്' രാഷ്ട്രീയത്തിൽ നിന്ന് വിടവാങ്ങിയത്.
സിംബാബ്വെയിൽ മനംഗാഗ്വ അധികാരം നിലനിർത്തി
ഹരാരെ: സിംബാബ്വെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എമേഴ്സൺ മനംഗാഗ്വ അധികാരം നിലനിർത്തി. അദ്ദേഹത്തിന് 52.26ഉം മുഖ്യ എതിരാളി നെൽസൻ ചാമിസയ്ക്ക് 44ഉം ശതമാനം വോട്ടുകൾ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
അതേസമയം, തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി പ്രതിപക്ഷം ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ജനാധിപത്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായതായി അന്താരാഷ്ട്ര നിരീക്ഷകരും അഭിപ്രായപ്പെട്ടു.
സിംബാബ്വെയിലെ അതികായനായിരുന്ന റോബർട്ട് മുഗാബെ 2017ൽ അട്ടിമറിയിൽ പുറത്താക്കപ്പെട്ടതിനെത്തുടർന്നാണ് മനംഗാഗ്വ പ്രസിഡന്റായത്. നിഷ്കരുണ നടപടികൾ മൂലം അദ്ദേഹത്തെ ‘മുതല’ എന്നാണു വിളിക്കുന്നത്.
സിംബാബ്വെയ്ക്കു പുതുയുഗം വാഗ്ദാനം ചെയ്താണ് മനംഗാഗ്വ അധികാരത്തിലേറിയതെങ്കിലും രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിർത്താനോ തൊഴിലില്ലായ്മ പരിഹരിക്കാനോ അദ്ദേഹത്തിനു കഴിഞ്ഞില്ല. എതിരാളികളെയും പ്രതിപക്ഷത്തെയും അടിച്ചമർത്തുന്നതായും ആരോപണമുണ്ട്.
സൂയസ് കനാലിൽ അപകടത്തിൽപ്പെട്ട എണ്ണ ടാങ്കറുകൾ മാറ്റി
കെയ്റോ: സൂയസ് കനാലിൽ എണ്ണടാങ്കർ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ ഗതാഗത തടസം നീക്കി. അപകടം നടന്നതിനു ശേഷം ഏറെനേരം കനാലിലെ ഗതാഗതം തടസപ്പെട്ടിരുന്നു.
തുടർന്ന് ടഗ് ബോട്ടുകൾ എത്തി ഇരുകപ്പലുകളും സ്ഥലത്തുനിന്നു നീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
അപകടത്തിൽ എണ്ണച്ചോർച്ചയോ മലിനീകരണമോ ഉണ്ടായിട്ടില്ലെന്നും പ്രദേശം സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു.
സുഡാനിൽ അഞ്ചുമാസത്തിനിടെ പട്ടിണിമൂലം മരിച്ചത് 500 കുട്ടികൾ
കയ്റോ: കിഴക്കൻ ആഫ്രിക്കൻരാജ്യമായ സുഡാനിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ട ഏപ്രിലിനുശേഷം പട്ടിണിമൂലം മരിച്ചത് 500 കുട്ടികൾ. സേവ് ദ ചിൽഡ്രൻ എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.
പോഷഹാരക്കുറവുമൂലമുള്ള രോഗങ്ങളുള്ള 31,000 കുട്ടികൾക്കു ചികിത്സാസൗകര്യമില്ല. ഏപ്രിൽ 15നാണു സുഡാനിൽ സൈന്യവും പാരാമിലിട്ടറി സേനയും തമ്മിൽ സംഘർഷം ആരംഭിച്ചത്. തലസ്ഥാനമായ ഖാർത്തൂമിലും മറ്റു നഗരങ്ങളിലുമാണു രൂക്ഷമായ കലാപം അരങ്ങേറിയത്.
നിരവധി പേർ വെള്ളവും വൈദ്യുതിയും ഇല്ലാതെയാണു ജീവിക്കുന്നത്. രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനം പൂർണമായും തകർച്ചയിലാണ്. നാലായിരത്തോളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
44 ലക്ഷം പേർ സുഡാനിലെതന്നെ മറ്റു മേഖലകളിലേക്കോ അയൽരാജ്യങ്ങളിലേക്കോ പലായനം ചെയ്തു.
ആഫ്രിക്കൻ യൂണിയൻ: നൈജറിനെ സസ്പെൻഡ് ചെയ്തു
നിയാമി: ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചെടുത്ത നൈജറിനെ ആഫ്രിക്കൻ യൂണിയൻ സസ്പെൻഡ് ചെയ്തു. ജനാധിപത്യ സർക്കാരിനെ പുനഃസ്ഥാപിക്കുംവരെയാണു സസ്പെൻഷൻ. 55 അംഗങ്ങളുള്ളതാണ് ആഫ്രിക്കൻ യൂണിയൻ.
നൈജർവിഷയത്തിൽ ഈ മാസം ആദ്യം ആഫ്രിക്കൻ യൂണിയൻ അംഗരാജ്യങ്ങൾ യോഗം ചേർന്നിരുന്നു. കഴിഞ്ഞമാസമാണ് നൈജറിൽ പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ പുറത്താക്കി സൈന്യം ഭരണംപിടിച്ചത്.
ബാസൂമും ഭാര്യയും മകനും നൈജറിന്റെ തലസ്ഥാനമായ നിയാമിയിൽ വീട്ടുതടങ്കലിലാണ്. ഇദ്ദേഹത്തിനു ഭക്ഷണം നല്‍കുന്നില്ലെന്നും താമസസ്ഥലത്ത് വെള്ളവും വൈദ്യുതിയും ഇല്ലെന്നും അനുയായികൾ ആരോപിക്കുന്നു.
ബ്രിക്സ് ഉച്ചകോടി: പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിൽ
ജൊഹാനസ്ബർഗ്: 15-ാം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലെത്തി.
ജോഹാനസ്ബർഗ് നഗരത്തിൽ ഇന്ന് വൈകിട്ടാണ് ഉച്ചകോടി ആരംഭിക്കുന്നത്. വ്യാഴാഴ്ച സമാപിക്കുന്ന ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കും.
2019-ന് ശേഷമുള്ള ആദ്യ ബ്രിക്സ് ഉച്ചകോടിയാണിത്. പ്രധാനമന്ത്രി മോദിക്ക് പുറമേ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ബ്രസീൽ പ്രസിഡന്റ് ലുല ഡിസിൽവ, ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിംഗ്, റഷ്യൻ വിദേശകാര്യമന്ത്രി സെർജെയ് ലാവ്റോവ് എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും.
ബ്രിക്സ് ഉച്ചകോടിക്കുശേഷമുള്ള ബ്രിക്സ്-ആഫ്രിക്ക ഔട്ട്റീച്ച്, ബ്രിക്സ് പ്ലസ് ഡയലോഗ് എന്നിവയിലും പ്രധാനമന്ത്രി പങ്കെടുക്കും.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക്
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിച്ചു.
ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ ജോഹാന്നാസ്ബർഗിലാണ് ഉച്ചകോടി. വ്യാഴാഴ്ചയാണ് സമാപനം. ഇതിനുശേഷം പ്രധാനമന്ത്രി ഗ്രീസും സന്ദർശിക്കും.
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയുടെ ക്ഷണപ്രകാരമാണ് മോദിയുടെ ദക്ഷിണാഫ്രിക്കൻ സന്ദർശനം. 2019ന് ശേഷമുള്ള ആദ്യ ബ്രിക്സ് ഉച്ചകോടിയാണിത്.
ബ്രിക്സ് ഉച്ചകോടിക്കുശേഷമുള്ള ബ്രിക്സ്-ആഫ്രിക്ക ഔട്ട്റീച്ച്, ബ്രിക്സ് പ്ലസ് ഡയലോഗ് എന്നിവയിലും പ്രധാനമന്ത്രി പങ്കെടുക്കും. തുടർന്ന് വെള്ളിയാഴ്ച ഗ്രീസിലേക്കു തിരിക്കും.
നൈജർ അതിർത്തിയിൽ ഏറ്റുമുട്ടൽ; 17 സൈനികർ കൊല്ലപ്പെട്ടു
നൈയാമെ: നൈജറിലെ അതിർത്തി മേഖലയിൽ സായുധസംഘങ്ങൾ നടത്തിയ ഏറ്റുമുട്ടലിൽ 17 സൈനികർ കൊല്ലപ്പെട്ടു. 20 സൈനികർക്ക് പരിക്കേറ്റതായും 100 ഭീകരരെ "തുരത്തിയതായും' അധികൃതർ അറിയിച്ചു.
നൈജർ - മാലി - ബുർക്കിനാ ഫാസോ അതിർത്തിപ്രദേശമായ കൗടൗഗുവിലാണ് ആക്രമണം നടന്നത്. ഐഎസ്, അൽ ഖ്വയ്ദ ഭീകരരുടെ ശക്തമായ സാന്നിധ്യമുള്ള പ്രദേശമാണിത്.
ബോനിയിൽ നിന്ന് ടൊറോണിയിലേക്ക് സഞ്ചരിക്കുകയായിരുന്ന സൈനികവാഹനങ്ങൾക്ക് നേരെ ഭീകരർ ഒളിച്ചിരുന്ന് വെടിയുതിർക്കുകയായിരുന്നുവെന്നും പരിക്കേറ്റവരെ തലസ്ഥാനഗരിയായ നൈയാമെയിലേക്ക് മാറ്റിയതായി സൈന്യം അറിയിച്ചു.
കേപ് വെർദെ തീരത്ത് അഭയാർഥി ബോട്ട് തകർന്ന് 63 പേർ മരിച്ചു
കേപ് വെർദെ: പടിഞ്ഞാറൻ ആഫ്രിക്കയിലെ കേപ് വെർദെ തീരത്ത് അഭയാർഥികൾ സഞ്ചരിച്ച ബോട്ട് തകർന്ന് 63 പേർ മരിച്ചു. 12നും 16നും ഇടയിൽ പ്രായമുള്ള കുട്ടികൾ ഉൾപ്പെടെ 38 പേരെ രക്ഷപ്പെടുത്തിയതായി യുഎൻ സംഘടന ഐഒഎം അറിയിച്ചു.
നൂറോളം പേർ ബോട്ടിലുണ്ടായിരുന്നുവെന്നാണു വിവരം. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. സെനഗൽ, സിയറ ലിയോൺ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. തിങ്കളാഴ്ചയാണ് ബോട്ടിനെ തകർന്ന നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
സെനഗലിൽ നിന്ന് സ്പാനിഷ് കനേറി ദ്വീപിലേക്ക് യാത്ര ചെയ്ത ബോട്ടാണ് തകർന്നതെന്നാണ് റിപ്പോർട്ട്. 101 കുടിയേറ്റക്കാരുമായി ബോട്ട് ജൂലൈ 10ന് പുറപ്പെട്ടിരുന്നതായി സെനഗൽ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
ലിബിയയിൽ സായുധ സംഘങ്ങൾ ഏറ്റുമുട്ടി; 27 മരണം, നിരവധി പേർക്ക് പരിക്ക്
ട്രിപ്പോളി: ലിബിയൻ തലസ്ഥാനത്ത് സായുധസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. 444 ബ്രിഗേഡ്, സ്പെഷൽ ഡിറ്ററൻസ് ഫോഴ്സ് എന്നീ സായുധസംഘങ്ങൾ തമ്മിലാണ് രൂക്ഷമായ ഏറ്റുമുട്ടൽ അരങ്ങേറിയത്.
തിങ്കളാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടൽ തുടങ്ങിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 444 ബ്രിഗേഡിലെ സീനിയർ കമാൻഡറായ മഹ്മൂദ് ഹംസയെ ട്രിപ്പോളിയിലെ വിമാനത്താവളത്തിൽ എതിരാളി സംഘം നേരത്തേ തടഞ്ഞുവച്ചതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
സംഭവത്തിൽ നൂറിലേറെ പേർക്ക് പരിക്കേറ്റതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. മരിച്ചവരിൽ സാധാരണക്കാർ എത്രയുണ്ടെന്നതു സംബന്ധിച്ച് വ്യക്തതയായിട്ടില്ല. സംഘർഷത്തെത്തുടർന്നു ട്രിപ്പോളിയിലേക്കുള്ള മിക്ക വിമാന സർവീസുകളും വഴിതിരിച്ചുവിട്ടു.
നൈജീരിയയിൽ 26 സൈനികർ കൊല്ലപ്പെട്ടു
കാനോ: നൈജീരിയയിൽ ഭീകരാക്രമണത്തിൽ 26 സൈനികർ കൊല്ലപ്പെട്ടു. എട്ടു പേർക്കു പരിക്കേറ്റു. മധ്യ നൈജീരിയയിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും പരിക്കേറ്റ സൈനികരെയും കൊണ്ടുപോയ ഹെലികോപ്റ്റർ തിങ്കളാഴ്ച രാവിലെ തകർന്നുവീണു. അക്രമികളുടെ വെടിയേറ്റാണ് ഹെലികോപ്റ്റർ തകർന്നത്.
കൊല്ലപ്പെട്ട സൈനികരിൽ മൂന്നു പേർ ഓഫീസർമാരാണ്. വടക്കുപടിഞ്ഞാറൻ, മധ്യ നൈജീരിയയിൽ വർഷങ്ങളായി ഭീകരാക്രമണങ്ങൾ നടന്നുവരുന്നു. ക്രൈസ്തവരാണ് നിരന്തരം ആക്രമണത്തിനിരയാകുന്നത്.
നയതന്ത്രനീക്കം തള്ളി നൈജറിലെ പട്ടാള ഭരണകൂടം
നിയാമി: നൈജറിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുഹമ്മദ് ബാസൂമിനെ ഭരണത്തിൽ പുനഃപ്രതിഷ്ഠിക്കാനുള്ള നയതന്ത്രനീക്കം തള്ളി നൈജറിലെ പട്ടാള ഭരണകൂടം.
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇക്കോവാസ്, ആഫ്രിക്കൻ യൂണിയൻ, ഐക്യരാഷ്ട്ര സഭ എന്നിവയുടെ പ്രതിനിധികളുടെ നയന്ത്രസന്ദർശനം നൈജറിലെ പട്ടാള ഭരണകൂടം നിരസിച്ചു.
പട്ടാള ഭരണകൂടവുമായി ചർച്ച നടത്തിയെന്നും പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാസൂമിനെ കാണാൻ അനുവദിച്ചില്ലെന്നും ആക്ടിംഗ് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വിക്ടോറിയ നൂലാൻഡ് പറഞ്ഞു.
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇക്കോവാസിലെ അംഗങ്ങൾ വ്യാഴാഴ്ച നൈജീരിയയുടെ തലസ്ഥാനമായ അബുജയിൽ കൂടിക്കാഴ്ച നടത്തും.
നൈജർ പ്രസിഡന്റായി പ്രഖ്യാപിച്ച് ജനറൽ അമാദൗ അബ്ദ്റമാനെ
നിയാമി: നൈജറിൽ ഭരണ അട്ടിമറിക്കു ശേഷം പുതിയ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച് കേണൽ ജനറൽ അമാദൗ അബ്ദ്റമാനെ. ദേശീയ ടിവിയിലൂടെയാണ് അമാദൗ അബ്ദ്റമാനെ പ്രഖ്യാപനം നടത്തിയത്.
രാജ്യം പടിപടിയായി നശിക്കുന്നത് തടയാൻ ഇടപെടൽ അനിവാര്യമായിരുന്നുവെന്നും 62 കാരനായ ജനറൽ പറഞ്ഞു. മുഹമ്മദ് ബാസൂം ജനങ്ങളെ വിശ്വസിപ്പിച്ചിരുന്നത് എല്ലാം നന്നായി പോകുന്നുവെന്നാണ്. എന്നാൽ പരുഷമായ യാഥാർഥ്യം ഇതായിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളെ സംബോധന ചെയ്ത ജനറൽ അമാദൗ അബ്ദ്റമാനെ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിലേക്ക് മടങ്ങിപ്പോകാനുള്ള സമയ പരിധി സംബന്ധിച്ച് പരാമർശിച്ചില്ല.
ബുധനാഴ്ചയാണ് പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ തടവിലാക്കി പ്രസിഡൻഷ്യൽ ഗാർഡുകൾ ഭരണം പിടിച്ചെടുത്തത്. ‘രാജ്യസുരക്ഷയ്ക്കുള്ള ദേശീയ സമിതി’ എന്നാണ് അട്ടിമറിക്കാർ സ്വയം വിശേഷിപ്പിച്ചത്.
ഇവരുടെ വക്താവായി ദേശീയ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട ജനറൽ അമാദൗ അബ്ദ്റമാനെ ഭരണം പിടിച്ചെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു. വിവിധ സൈനികവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്നത് ഒഴിവാക്കാനായി അട്ടിമറിക്കാർക്കു പിന്തുണ നല്‍കുന്നതായി സൈനികമേധാവി അബ്ദു ഈസ പിന്നാലെ അറിയിച്ചു.
ഇതിനിടെ, ബുധനാഴ്ച രാവിലെ തടവിലാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂം എവിടെയാണെന്നതിൽ വ്യക്തതയില്ല. 2021ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചു പ്രസിഡന്റായ മുഹമ്മദ് ബാസൂം മുൻ കോളനി ഭരണകർത്താക്കളായ ഫ്രാൻസുമായും മറ്റു പാശ്ചാത്യശക്തികളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. അദ്ദേഹം ഭരണത്തിൽനിന്നു നീക്കംചെയ്യപ്പെട്ടതോടെ പടിഞ്ഞാറൻ ആഫ്രിക്കയിൽ പാശ്ചാത്യ ശക്തികളുടെ ഏക പിടിവള്ളി ഇല്ലാതാവുകയാണ്.
മേഖലയിലെ മറ്റു രാജ്യങ്ങളായ മാലി, ബുർക്കിന ഫാസോ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് എന്നിവ ഇസ്ലാമിക ജിഹാദി ഗ്രൂപ്പുകൾക്കെതിരായ പോരാട്ടത്തിൽ പാശ്ചാത്യസേനകൾക്കു പകരം റഷ്യയിലെ വാഗ്നർ ഗ്രൂപ്പിന്റെ സേവനമാണ് ഇപ്പോൾ പ്രയോജനപ്പെടുത്തുന്നത്. അൽക്വയ്ദയുമായും ഐഎസുമായും ബന്ധ മുള്ള ഗ്രൂപ്പുകൾ നൈജറിൽ സജീവമാണ്.
അൾജീരിയയിൽ കാട്ടുതീ പടരുന്നു; 34 മരണം
അൽജെഴ്സ്: വടക്കൻ ആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ അകപ്പെട്ട് രക്ഷാപ്രവർത്തനത്തിന് എത്തിയ 10 സൈനികർ ഉൾപ്പെടെ 34 പേർ മരിച്ചു. 197 പേർക്ക് പരിക്കേറ്റു.
രാജ്യത്തിന്റെ വടക്കൻ മേഖലയിലുള്ള തീരപ്രദേശമായ ബെജായയിലാണ് കാട്ടുതീ ഏറ്റവുമധികം നാശം വിതച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഈ പ്രദേശത്ത് മാത്രം 23 പേരാണ് മരിച്ചത്. ഈ മേഖലയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ 10 സൈനികർ തീ വ്യാപിച്ച പ്രദേശത്ത് കുടുങ്ങിപ്പോവുകയായിരുന്നു.
530 ട്രക്കുകൾ ഉപയോഗിച്ച് 8,000 അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ തീ അണയ്ക്കാൻ ശ്രമം തുടരുകയാണെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും സർക്കാർ അറിയിച്ചു.
അഭയാർഥി ബോട്ട് മുങ്ങി സെനഗലിൽ 17 മരണം
ഡാകർ: ആഫ്രിക്കൻ രാജ്യമായ സെനഗലിൽ അഭയാർഥി ബോട്ട് കടലിൽ മുങ്ങിത്താണ് 17 പേർ മരിച്ചു. ബോട്ടിലുണ്ടായിരുന്ന നിരവധി പേരെ കാണാതായി. ഡാകർ മേഖലയ്ക്ക് സമീപത്തുള്ള ഔകാം തീരപ്രദേശത്താണ് അപകടം നടന്നത്.
അറ്റ്ലാന്റിക് സമുദ്രത്തിലൂടെ യുറോപ്പിലേക്കു കുടിയേറാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. ബോട്ട് പുറപ്പെട്ടത് എവിടെനിന്നാണെന്നോ എത്ര പേർ ബോട്ടിൽ സഞ്ചരിച്ചിരുന്നെന്നോ വ്യക്തമല്ല.
ഇന്ന് പുലർച്ചെയോടെ കണ്ടെത്തിയ ബോട്ടിന്റെ അവശിഷ്ടങ്ങൾ സ്കൂബാ ഡൈവർമാരും രക്ഷാപ്രവർത്തകരും ചേർന്നു തീരത്തെത്തിച്ചു. മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും കടലിൽ തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
കോംഗോയിൽ സ്ഫോടനം; ഒമ്പത് പേർ മരിച്ചു
കിൻഷാസ: സായുധ സേനകളുടെ ആക്രമണം രൂക്ഷമായ ഡെമോക്രാറ്റിക്ക് റിപബ്ലിക്ക് ഓഫ് കോംഗോയിൽ അക്രമികൾ നടത്തിയ ബോബ് സ്ഫോടനത്തിൽ ഒമ്പത് പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു.
നോർത്ത് കിവും മേഖലയിലെ ലുബ്വെ സൂദ് പ്രദേശത്ത് ബുധനാഴ്ച രാത്രി(പ്രാദേശിക സമയം) ആണ് ആക്രമണം നടന്നത്.
വഴിയിൽ കിടന്ന ഒരു ബോംബ് മേഖലയിലെ ഒരു പൊതുപ്രവർത്തകന്റെ കൈയിൽ എത്തിപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾ ഇത് പോലീസിനെ ഏൽപ്പിച്ചെങ്കിലും ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
സുഡാനിൽ വ്യോമാക്രമണം; 22 പേർ മരിച്ചു
ഖാർത്തും: സൈന്യവും അർധസൈനിക വിഭാഗമായ ആർഎസ്എഫും തമ്മിൽ ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന സുഡാനിൽ ശനിയാഴ്ച നടന്ന വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
തലസ്ഥാനമായ ഖാർത്തുമിന് സമീപത്തുള്ള ഒംദുർമാൻ നഗരത്തിലെ പാർപ്പിട മേഖലയിലാണ് വ്യോമാക്രമണം നടന്നത്. വിമാനങ്ങളിൽ നിന്ന് വർഷിച്ച ബോംബുകളുടെ ആഘാതമേറ്റ് നിരവധി കെട്ടിടങ്ങൾ തകർന്നു.
ആക്രമണം നടത്തിയത് സൈന്യമാണെന്നും 31 സാധാരണ പൗരന്മാർ കൊല്ലപ്പെട്ടെന്നും ആർഎസ്എഫ് ആരോപിച്ചു.
പ്രദേശത്തെ വീടുകളിൽ ഒളിച്ചിരുന്ന ആർഎസ്എഫ് പടയാളികളെ ലക്ഷ്യം വച്ച് സൈന്യം നടത്തിയ ആക്രമണത്തിനിടെ ഡ്രോണുകൾ ഉപയോഗിച്ച് ആർഎസ്എഫ് നടത്തിയ പ്രത്യാക്രമണമാണ് നാശം വിതച്ചതെന്നും ആരോപണമുണ്ട്.
എന്നാൽ ഏത് വിഭാഗമാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരണം ലഭ്യമല്ല. ആർഎസ്എഫ് പടയാളികളുടെ പ്രധാന താവളമായ ദാഫുർ പട്ടണത്തിന് സമീപത്തുള്ള പ്രദേശമാണ് ഒംദുർമാൻ.
വാതക ചോർച്ച; ദക്ഷിണാഫ്രിക്കയിലെ ചേരിയിൽ 16 പേർ ശ്വാസംമുട്ടി മരിച്ചു
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ നൈട്രേറ്റ് ഓക്സൈഡ് വാതക ചോർച്ചയെ തുടർന്നു 16 പേർ മരിച്ചു. ജോഹന്നാസ്ബർഗിന് കിഴക്കുള്ള ബോക്സ്ബർഗിലുള്ള ചേരിയിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ വിഷ വാതകം ശ്വസിച്ചു മരിച്ചു.
നൈട്രേറ്റ് ഓക്സൈഡ് അടങ്ങിയ സിലിണ്ടറിൽ നിന്നാണ് വാതക ചോർച്ചയുണ്ടായത്. വിഷ വാതകം ശ്വസിച്ച നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നാലു പേരുടെ നില അതീവ ഗുരുതരമാണെന്ന് എമർജൻസി സർവീസ് വക്താവ് വില്യം നറ്റ്ലാഡി പറഞ്ഞു.
അനധികൃത സ്വർണ ഖനന പ്രവർത്തനങ്ങളുടെ ഭാഗമായാണ് വാതകം ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം. ഉപേക്ഷിക്കപ്പെട്ട ഖനി ഷാഫ്റ്റുകളിൽ നിന്ന് മോഷ്ടിച്ച മണ്ണിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ തൊഴിലാളികൾ നൈട്രേറ്റ് ഓക്സൈഡ് വാതകം ഉപയോഗിക്കാറുണ്ട്.
തൊഴിലില്ലായ്മ രൂക്ഷമായ ദക്ഷിണാഫ്രിക്കയിൽ രജിസ്റ്റർ ചെയ്യാത്ത ആയിരക്കണക്കിന് ഖനിത്തൊഴിലാളികളാണ് ഇത്തരം കാലഹരണപ്പെട്ട ഖനികളിൽ സ്വർണം തേടുന്നത്. ജോഹന്നാസ്ബർഗിന്റെ ചുറ്റും ഉപേക്ഷിക്കപ്പെട്ട നിരവധി സ്വർണ ഖനികളുണ്ട്.
കെനിയയിൽ വാഹനാപകടത്തിൽ 48 മരണം
നെയ്റോബി: കെനിയയിൽ വാഹനാപകടത്തിൽ 48 പേർ മരിച്ചു. പടിഞ്ഞാറൻ കെനിയയിൽ തിരക്കേറിയ ജംഗ്ഷനിൽ നിയന്ത്രണം വിട്ട ട്രക്ക് വാഹനങ്ങളിലേക്കും കാൽനടയാത്രക്കാരുടെ ഇടയിലേക്കും ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ഇതുവരെ 48 പേർ മരിച്ചതായി ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ സാധിച്ചുവെന്ന് പോലീസ് അറിയിച്ചു. ഒന്നോ രണ്ടോ പേർ ഇപ്പോഴും ട്രക്കിന്റെ അടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഞങ്ങൾ സംശയിക്കുന്നുവെന്നും പ്രാദേശിക പോലീസ് കമാൻഡർ ജെഫ്രി മയേക് പറഞ്ഞു.
30 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും നിരവധി പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെറിച്ചോയിലേക്ക് പോകുകയായിരുന്ന ട്രക്കാണ് നിയന്ത്രണം വിട്ട് എട്ട് വാഹനങ്ങളിലും നിരവധി മോട്ടോർ സൈക്കിളുകളിലും റോഡരികിലുണ്ടായിരുന്ന ആളുകളെയും കച്ചവടക്കാരെയും ഇടിച്ചു തകർത്തത്.
രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷം അപകടകാരണം കണ്ടെത്താനുള്ള അന്വേഷണങ്ങൾ നടത്തുമെന്ന് ഗതാഗത മന്ത്രി കിപ്ചുംബ മുർകോമെൻ ട്വീറ്റ് ചെയ്തു.
മോദിക്ക് ഈജിപ്തിന്റെ പരമോന്നത ബഹുമതി; സഹകരണം ശക്തമാക്കാനുള്ള കരാറില്‍ ഒപ്പുവച്ചു
കെയ്റോ: പരസ്പരസഹകരണം ശക്തമാക്കാനുള്ള കരാറില്‍ ഇന്ത്യയും ഈജിപ്തും ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈജിപ്ത്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്തേഹ് എല്‍സിസിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറില്‍ ഒപ്പിട്ടത്.
പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ദ നൈല്‍ മോദിക്ക് സമ്മാനിച്ചത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു.
ശനിയാഴ്ചയാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ഈജിപ്തിലെത്തിയത്. വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയിരുന്നു.
പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ച കെയ്റോയിലെ അല്‍ ഹക്കീം പള്ളിയും രാജ്യത്തെ യുദ്ധസ്മാരകവും മോദി സന്ദര്‍ശിച്ചിരുന്നു.
അൽജീരിയൻ മുൻ പ്രധാനമന്ത്രിക്ക് അഞ്ച് വർഷം തടവ്
അൽജിയേഴ്സ്: അഴിമതിക്കേസിൽ അൽജീരിയൻ മുൻ പ്രധാനമന്ത്രി നൂറുദ്ദീൻ ബിദൂയിക്കും മുൻ ആരോഗ്യമന്ത്രി അബ്ദുൽ മലിക് ബുദൈഫിനും കോടതി അഞ്ചുവർഷം തടവും പത്തുലക്ഷം അൽജീരിയൻ ദീനാർ (ഏകദേശം ആറു ലക്ഷം രൂപ) പിഴയും ശിക്ഷ വിധിച്ചു.
കോൺസ്റ്റന്റൈനിൽ പുതിയ വിമാനത്താവളം നിർമിച്ചതിലെ ക്രമക്കേടിൽ ഇരുവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സാമ്പത്തികശിക്ഷാ കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ചെലവ് കണക്കുകൂട്ടിയതിനേക്കാൾ ഏഴുമടങ്ങ് വർധിച്ചു.
നാലുവർഷം കൊണ്ട് തീർക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി പൂർത്തിയാകാൻ പത്തു വർഷമെടുത്തു. 2019 മാർച്ച് മുതൽ ഡിസംബർ വരെയാണ് നൂറുദ്ദീൻ ബിദൂയി അൽജീരിയൻ പ്രധാനമന്ത്രിയായത്.
യുഗാണ്ടൻ സ്കൂളിൽ ഭീകരാക്രമണം; 40 മരണം
കംപാല: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ഭീകരർ സുഡാനിലെ സ്കൂളിൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 40 പേർ മരിച്ചു. ഭൂരിഭാഗവും സ്കൂൾ ഡോർമിറ്ററിയിലുണ്ടായിരുന്ന ആൺകുട്ടികളാണ്. ഒട്ടേറെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.
അയൽരാജ്യമായ കോംഗോ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അലൈഡ് ഡോമോക്രാറ്റിക് ഫോഴ്സസ്(എഡിഎഫ്) ഭീകരസംഘടനാംഗങ്ങളാണ് പടിഞ്ഞാറൻ യുഗാണ്ടയിലെ എംപോണ്ടയിലുള്ള സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച അര്‍ധരാത്രി ആക്രമണം നടത്തിയത്.
ആൺകുട്ടികളെ വെട്ടിക്കൊല്ലുകയും ഡോർമിറ്ററിക്കു തീയിടുകയും ചെയ്യുകയായിരുന്നു. ആക്രമണത്തിൽ എട്ടു പേർക്കു പരിക്കേറ്റിട്ടുമുണ്ട്. എത്രപേർ മരിച്ചുവെന്നോ അതിൽ എത്ര വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടെന്നോ വ്യക്തമല്ല. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയിലാണ്.
60നു മുകളിൽ വിദ്യാർഥികൾ ഇവിടെ പഠിച്ചിരുന്നു. ഭൂരിഭാഗവും ഡോർമിറ്ററിയിലാണു താമസിച്ചിരുന്നത്. തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാനായി യുഗാണ്ടൻ സൈനികർ ഭീകരരെ പിന്തുടരുന്നതായിട്ടാണ് റിപ്പോർട്ടുകൾ.
വിമാനങ്ങൾ ഉപയോഗിച്ചും തെരച്ചിൽ നടത്തുന്നുണ്ട്. കോംഗോയിലെ വിരുംഗ വനമേഖലയിലേക്കാണ് ഭീകരർ കടന്നിരിക്കുന്നത്. എഡിഎഫ് ആക്രമണങ്ങൾ തടയാൻ സുഡാൻ, കോംഗോ സേനകൾ സംയുക്ത ഓപറേഷൻ നടത്തിയിരുന്നു.
സുഡാനിൽ വ്യോമാക്രമണത്തിൽ കുട്ടികളടക്കം 17 പേർ കൊല്ലപ്പെട്ടു
കയ്റോ: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ വ്യോമാക്രമണത്തിൽ അഞ്ച് കുട്ടികൾ അടക്കം 17 പേർ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ ഖാർത്തൂമിലെ ജനവാസമേഖലയിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ജനങ്ങൾ ബോംബിന് ഇരയായത്.
ആക്രമണത്തിൽ 25 വീടുകൾ തകർന്നു. റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) വിമതരെ ലക്ഷ്യമിട്ടായിരുന്നു സൈന്യത്തിന്റെ ആക്രമണം. ഇവർ ജനവാസകേന്ദ്രങ്ങൾ മറയാക്കി പ്രവർത്തിക്കുന്നു എന്നാരോപിച്ച് ഈ മേഖലകളിൽ സൈന്യം വ്യോമാക്രമണം ശക്തമാക്കിയിരുന്നു.
എന്നാൽ ഞായറാഴ്ച മുതൽ 72 മണിക്കൂർ നേരത്തേക്ക് ഇരുവിഭാഗവും വെടിനിർത്തലിന് സമ്മതിച്ചിട്ടുണ്ട്. യുഎസ്, സൗദി മധ്യസ്ഥതയിൽ ജിദ്ദയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തലിന് ധാരണയായത്. മുൻപുണ്ടാക്കിയ വെടിനിർത്തൽ കരാറുകളെല്ലാം മണിക്കൂറുകൾക്കകം പരാജയപ്പെട്ടിരുന്നു.
സൈന്യത്തിന് ഖർത്തൂമിലും അയൽ നഗരങ്ങളായ ഒംദുർമാനിലും ബഹ്രിയിലും വ്യോമസേനയെ ഉപയോഗിക്കാമെന്ന മുൻതൂക്കമുണ്ട്. അതേസമയം ആർഎസ്എഫ് ഇവിടെയുള്ള ജനവാസമേഖലയിൽ വീടുകൾ കൈയേറിയാണ് പ്രവർത്തിക്കുന്നത്.
വെള്ളിയാഴ്ചയും ശനിയാഴ്ചയും സൈന്യം ഈ പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തി. ആർഎസ്എഫ് കൈയേറിയ വീടുകളിൽനിന്ന് അകന്നുനിൽക്കാനും ജനങ്ങളോടു സൈന്യം ആവശ്യപ്പെട്ടു. തെക്കൻ ഖർത്തൂമിലെ മയോ മേഖലയിലാണു ശനിയാഴ്ച 17 പേർ കൊല്ലപ്പെട്ടത്.
സുഡാൻ സൈന്യവും അർധസൈനികവിഭാഗമായ ആർഎസ്എഫും തമ്മിലുള്ള യുദ്ധം രണ്ട് മാസം പിന്നിട്ടിരിക്കുകയാണ്.
നൈജീരിയയിൽ കത്തോലിക്കാ വൈദികൻ കൊല്ലപ്പെട്ടു
അബുജ: നൈജീരിയയിൽ വിശുദ്ധ കുർബാന അർപ്പിച്ചശേഷം മടങ്ങുകയായിരുന്ന കത്തോലിക്കാ വൈദികനെ അക്രമികൾ കൊലപ്പെടുത്തി. ഫാ. ചാൾസ് ഓണോഹോലെ ഇഗേച്ചി ജൂണ്‍ ഏഴിനു ബെനിൻ നഗരത്തിലാണു കൊല്ലപ്പെട്ടത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 13നാണ് ഫാ.ചാൾസ് പൗരോഹിത്യം സ്വീകരിച്ചത്. ഇഖ്യനിറോയിലെ സെന്റ് മൈക്കിൾസ് കോളജ് വൈസ് പ്രിൻസിപ്പലായി പ്രവർത്തിച്ചുവരികയായിരുന്നു.
ആഫ്രിക്കയിൽ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ ക്രൈസ്തവർക്കെതിരേ നിരന്തരം ആക്രമണം നടന്നുവരികയാണ്. ജൂണ്‍ രണ്ടിന് ഫാ. മത്തിയാസ് ഓപാറയെ തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് ഇദ്ദേഹത്തെ മോചിപ്പിച്ചു.
നൈജീരിയയിൽ ബോട്ട് മുങ്ങി 103 പേർ മരിച്ചു
അബുജ: വടക്കൻ നൈജീരിയയിൽ ബോട്ട് മുങ്ങി 103 പേർ മരിച്ചു. നിരവധി പേരെ കാണാതായി.
രക്ഷാപ്രവർത്തനം ഊർജിതമായി നടന്നുവരികയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് ക്വാറ സംസ്ഥാനത്തെ പടേഗി ജില്ലയില്‍ നൈജര്‍ നദിയിലാണ് അപകടം നടന്നത്.
നൈജർ സംസ്ഥാനത്തെ ഇഗ്ബോട്ടിയിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.
നൈജീരിയയില്‍ തടവിലായിരുന്നവര് ശനിയാഴ്ച കേരളത്തിലെത്തും
കൊച്ചി: കഴിഞ്ഞ പത്തു മാസമായി നൈജീരിയയില്‍ തടവിലായിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശനിയാഴ്ച കേരളത്തിലെത്തും. കപ്പല്‍ ജീവനക്കാരായ മുളവുകാട് സ്വദേശി മില്‍ട്ടണ്‍ ഡിക്കോത്ത, കടവന്ത്ര സ്വദേശി സനു ജോസ്, കൊല്ലം സ്വദേശി വി. വിജിത്ത് എന്നിവര്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.30നുള്ള വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തും.
ഇവരുള്‍പ്പെടെ കപ്പലിലുണ്ടായിരുന്ന 26 ജീവനക്കാരും ബുധനാഴ്ച ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ തുറമുഖത്തെത്തിയിരുന്നു. വെള്ളിയാഴ്ച എല്ലാവരും കേപ് ടൗണില്‍ നിന്ന് യാത്ര തിരിച്ചിട്ടുണ്ട്. ദുബായിലേക്കാണ് വിമാനം. ദുബായില്‍ നിന്ന് ബംഗളൂരുവിലും തുടര്‍ന്ന് കൊച്ചിയിലുമെത്തും.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ദക്ഷിണാഫ്രിക്കയില്‍നിന്ന് നൈജീരിയയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുവരാനാണ് "ഹെറോയിക് ഐഡന്‍' എന്ന കപ്പലില്‍ ഇവര്‍ എത്തിയത്. നൈജീരിയയില്‍നിന്ന് ക്രൂഡ് ഓയില്‍ നിറച്ച് നോട്ടര്‍ഡാമില്‍ ഇറക്കാനായിരുന്നു നിര്‍ദേശം.
കപ്പല്‍ നൈജീരിയയിലെത്തിയപ്പോള്‍ സാങ്കേതികതടസത്തെ തുടര്‍ന്ന് നൈജീരിയന്‍ അതിര്‍ത്തിയില്‍ കാത്തു കിടക്കുമ്പോഴാണ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് കപ്പലിലുള്ളവരെ അറസ്റ്റ് ചെയ്തത്.
നൈജീരിയ പിഴയായി ആവശ്യപ്പെട്ട രണ്ടുമില്യണ്‍ യുഎസ് ഡോളര്‍ കപ്പല്‍ കമ്പനിയായ ഒഎസ്എം മാരിടൈം കമ്പനി അടച്ചിട്ടും ഇവരെ വിട്ടയച്ചിരുന്നില്ല. കപ്പല്‍ ജീവനക്കാര്‍ കുറ്റക്കാരല്ലെന്നു പിന്നീട് നൈജീരിയന്‍ കോടതി ഉത്തരവിട്ടിരുന്നു.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഇക്വിറ്റോറിയല്‍ ഗിനിയില്‍ തടഞ്ഞുവച്ച കപ്പല്‍ നവംബറിലാണു നൈജീരിയയ്ക്കു കൈമാറിയത്. മാസങ്ങള്‍ നീണ്ട വിചാരണയ്ക്കുശേഷമാണ് ജീവനക്കാരുടെ മോചനം.
നിലനില്‍ക്കാത്ത കുറ്റങ്ങള്‍ ചുമത്തി കപ്പല്‍ ജീവനക്കാരെ തടഞ്ഞുവച്ചതിനെതിരേ രാജ്യാന്തര ഇടപെടലുകളുണ്ടായിരുന്നു.
ബ്രിക്സ് മന്ത്രിതല യോഗത്തില്‍ പങ്കെടുക്കാൻ ജയശങ്കര്‍ ദക്ഷിണാഫ്രിക്കയിൽ
കേപ്ടൗൺ: കേപ്ടൗണില്‍ നടക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ദക്ഷിണാഫ്രിക്കയിലെത്തി.
ദക്ഷിണാഫ്രിക്കന്‍ പ്രധാനമന്ത്രി നലേഡി പാണ്ടറുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്തും. കേപ്ടൗണിലെ ഇന്ത്യന്‍ പ്രവാസികളുമായും അദ്ദേഹം ആശയവിനിമയം നടത്തും.
തുടർന്ന് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മന്ത്രി ഞായറാഴ്ച നമീബിയയിലേക്ക് തിരിക്കും. നമീബിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ വിദേശകാര്യ മന്ത്രിയാകും അദ്ദേഹം.
ഒടുവിൽ മോചനം! നൈജീരിയന്‍ നാവികസേന തടവിലാക്കിയ കപ്പല്‍ ജീവനക്കാരെ വിട്ടയച്ചു
അബുജ: നൈജീരിയന്‍ നാവികസേന തടവിലാക്കിയ എണ്ണക്കപ്പല്‍ ജീവനക്കാരെ മോചിപ്പിച്ചു. എട്ടുമാസത്തിനു ശേഷമാണ് മലയാളികളടക്കമുള്ളവരുടെ മോചനം സാധ്യമായത്. കപ്പലും ജീവനക്കാരുടെ പാസ്പോര്‍ട്ടും വിട്ടുനല്‍കി.
അസംസ്കൃത എണ്ണമോഷണം, സമുദ്രാതിര്‍ത്തി ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി ഓഗസ്റ്റിലാണ് നൈജീരിയന്‍ നാവിക സേന എംടി ഹീറോയിക് ഇദുന്‍ കപ്പല്‍ പിടിച്ചെടുത്തത്. ക്രൂഡ് ഓയിലുമായി നൈജീരിയയിലേക്ക് എത്തിയതായിരുന്നു കപ്പല്‍.
ഓഗസ്റ്റ് 12 മുതല്‍ ഇക്വറ്റോറിയല്‍ ഗിനിയിലെ നേവിയുടെ തടവിലായിരുന്നു കപ്പല്‍ ജീവനക്കാര്‍. രാജ്യാതിര്‍ത്തി ലംഘിച്ചെന്ന് കാട്ടി 20 ലക്ഷം യുഎസ് ഡോളര്‍ പിഴയും ചുമത്തിയിരുന്നു. വിട്ടയക്കപ്പെട്ടവര്‍ രണ്ടാഴ്ചയ്ക്കകം നാട്ടിലെത്തുമെന്നാണ് വിവരം.
ദക്ഷിണാഫ്രിക്കയിൽ കോളറ പടരുന്നു; 15 പേർ മരിച്ചു
പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിലെ ഗുവാത്തെംഗ് പ്രവിശ്യയിൽ കോളറ ബാധിച്ച് 15 പേർ മരിച്ചു. 41 പേർ കോളറ ബാധിച്ച് ചികിത്സയിലാണെന്നും നൂറിലേറെ പേർക്ക് രോഗബാധയുള്ളതായി സംശയിക്കുന്നതായും അധികൃതർ അറിയിച്ചു.
ഷ്വാനെ പട്ടണത്തിന് സമീപത്തുള്ള ഹമ്മാൻസ്ക്രാൽ മേഖലയിലാണ് രോഗം പടർന്നുപിടിച്ചത്. കടുത്ത ശുദ്ധജലക്ഷാമം നേരിടുന്ന മേഖലയായ ഇവിടെ മാത്രം 34 പേരാണ് കോളറ ബാധിച്ച് ചികിത്സയിലുള്ളത്. സുരക്ഷയുടെ ഭാഗമായി പൊതുടാപ്പുകളിൽ നിന്ന് വെള്ളം കുടിക്കരുതെന്ന് ഹമ്മാൻസ്ക്രാൽ മേഖലയിലുള്ളവർക്ക് സർക്കാർ മുന്നറിയിപ്പ് നൽകി.
ഈ വർഷം ഫെബ്രുവരിയിലും ദക്ഷിണാഫ്രിക്കയിൽ രണ്ട് പേർക്ക് കോളറ ബാധിച്ചതായി ആരോഗ്യവിദഗ്ധർ അറിയിച്ചിരുന്നു.
മലാവി ബോട്ട് അപകടം: മരണം ഏഴായി
ലിലോംഗ്വെ: മലാവിയിൽ ഹിപ്പൊപൊട്ടാമസിനെ ഇടിച്ചുണ്ടായ ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. രാജ്യത്തിന്റെ ദക്ഷിണ മേഖലയിലുള്ള എൻസാൻജെ ജില്ലയിലാണ് തിങ്കളാഴ്ച രാവിലെ അപകടം നടന്നത്.
ഷൈർ നദിയിലൂടെ 37 യാത്രികരുമായി സഞ്ചരിക്കുകയായിരുന്ന തടിബോട്ടാണ് ഹിപ്പോയുടെ ശരീരത്തിൽ തട്ടി മുങ്ങിയത്. പ്രദേശവാസികൾ ചേർന്ന് 13 യാത്രികരെ രക്ഷപ്പെടുത്തിയെങ്കിലും 23 പേരെ കാണാതാവുകയായിരുന്നു.
ഒരു വയസുകാരനായ കുട്ടിയുടെ മൃതദേഹം മാത്രമാണ് തിങ്കളാഴ്ച കണ്ടെത്താനായത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ആറ് പേരുടെ കൂടി മൃതദേഹം കിട്ടിയത്.
17 പേരെ കൂടി കണ്ടെത്താനുണ്ടെന്നും തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
മലാവിയിൽ ഹിപ്പൊപൊട്ടാമസിനെ ഇടിച്ച് ബോട്ട് മറിഞ്ഞു; ഒരു മരണം, 23 പേരെ കാണാതായി
ലിലോംഗ്വെ: മലാവിയിൽ ബോട്ട് ഹിപ്പൊപൊട്ടാമസിന്റെ ശരീരത്തിൽ തട്ടിമറിഞ്ഞ് ഒരു വയസുകാരനായ കുട്ടി മരിച്ചു. ബോട്ടിലുണ്ടായിരുന്ന 23 യാത്രികരെ കാണാതായി.
രാജ്യത്തിന്റെ ദക്ഷിണ മേഖലയിലുള്ള എൻസാൻജെ ജില്ലയിലാണ് അപകടം നടന്നത്. ഷൈർ നദിയിലൂടെ 37 യാത്രികരുമായി സഞ്ചരിക്കുകയായിരുന്ന തടിബോട്ട് ഹിപ്പോയുടെ ശരീരത്തിൽ തട്ടി മുങ്ങുകയായിരുന്നു.
പ്രദേശവാസികൾ ചേർന്ന് 13 യാത്രികരെ രക്ഷപ്പെടുത്തി. കുട്ടിയുടെ മൃതദേഹം നദിയിൽനിന്നു പിന്നീട് കണ്ടെത്തുകയായിരുന്നു. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
സിംബാബ്വെ മുൻ ക്യാപ്റ്റൻ ഹീത്ത് സ്ട്രീക്കിന് കാൻസർ; ഗുരുതരാവസ്ഥയിൽ
ഹരാരെ: സിംബാബ്വെ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഹീത്ത് സ്ട്രീക്ക് കാൻസർ ബാധിതനായി ഗുരുതരാവസ്ഥയിൽ. താരം ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ ചികിത്സയിലാണെന്നും മരണക്കിടക്കയിലാണെന്നും മുൻ മന്ത്രി ഡേവിഡ് കോൾടാർട്ട് ട്വിറ്ററിലൂടെ അറിയിച്ചു.
സിംബാബ്വെയ്ക്കായി കളിച്ച ഏറ്റവും മികച്ച ക്രിക്കറ്റർമാരിൽ ഒരാളാണ് സ്ട്രീക്ക്. 1993 നവംബർ 10നാണ് സ്ട്രീക്ക് ദേശീയ ടീമിനായി അരങ്ങേറിയത്. 189 ഏകദിനങ്ങളിലും 65 ടെസ്റ്റ് മത്സരങ്ങളിലും കളിച്ചു. ടെസ്റ്റിൽ 1990 റൺസും 216 വിക്കറ്റും നേടിയ താരം ഏകദിനത്തിൽ 2943 റൺസും 239 വിക്കറ്റും സ്വന്തമാക്കി.
ഐസിസിയുടെ അഴിമതി വിരുദ്ധ നിർദേശങ്ങൾ ലംഘിച്ചതിനാൽ സ്ട്രീക്കിന് 2021ൽ രാജ്യാന്തര ക്രിക്കറ്റ് എട്ടു വർഷത്തെ വിലക്കേർപ്പെടുത്തിയിരുന്നു.
ഗോൾഡൻ ഗ്ലോബ് റേസ്: ദക്ഷിണാഫ്രിക്കക്കാരി കിഴ്സ്റ്റന് ഒന്നാമത്
ലെ സാബ്ലെ ദെ ലോൺ: ഗോൾഡൻ ഗ്ലോബ് പായ് വഞ്ചിയോട്ട മത്സരത്തിൽ ദക്ഷിണാഫ്രിക്കന്‍ താരം കിഴ്സ്റ്റൻ നോയിഷെയ്ഫർ ഒന്നാമതായി ഫിനിഷ് ചെയ്തു.
ഗോള്‍ഡന്‍ ഗ്ലോബ് റേസ് ഫിനിഷ് ചെയ്യുന്ന ആദ്യ വനിതയാണ് കിഴ്സ്റ്റന്. 16 പേർ മത്സരിച്ച ഗോൾഡൻ ഗ്ലോബ് റേസിൽ കിഴ്സ്റ്റനും മലയാളി നാവികൻ അഭിലാഷ് ടോമിയും ഓസ്ട്രിയൻ യാത്രികൻ മൈക്കൽ ഗുഗൻബർഗും മാത്രമാണ് അവസാനഘട്ടം വരെ മത്സരരംഗത്തുണ്ടായിരുന്നത്.
ഫിനിഷിംഗ് പോയിന്റിലെത്തുന്ന സമയത്തിനൊപ്പം വഞ്ചിയുടെ സഞ്ചാരപാത, ഉപയോഗിച്ച ഇന്ധനത്തിന്റെ അളവ് തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് വിജയികളെ സംഘാടകർ പ്രഖ്യാപിക്കുന്നത്.
സുഡാനിൽ വെടിനിർത്തൽ നീട്ടി; സമയം നീട്ടിയത് വിദേശ പൗരൻമാരെ ഒഴിപ്പിക്കുന്നതിനായി
ഖാർത്തൂം: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ വീണ്ടും 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു. വിദേശ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായാണ് വെടിനിർത്തൽ സമയം നീട്ടിയത്. അമേരിക്കയുടേയും സൗദിയുടേയും മധ്യസ്ഥ ശ്രമങ്ങളെ തുടർന്നാണ് തീരുമാനമെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ആഭ്യന്തരകലാപം ആരംഭിച്ച ശേഷം ഇത് നാലാം തവണയാണ് വെടിനിർത്തൽ പ്രഖ്യാപിക്കുന്നത്. വെടിനിർത്തൽ നീട്ടാനും പൂർണമായും നടപ്പാക്കാനുമുള്ള സുഡാനീസ് സൈന്യത്തിന്റെയും ആർഎസ്എഫിന്റെയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
സുഡാൻ സംഘർഷം: ഇന്ത്യൻ എംബസിക്ക് നേരെ ആക്രമണം
ഖര്‍ത്തൂം: സുഡാനിൽ ഇന്ത്യൻ എംബസിക്ക് നേരെ ആക്രമണം. സംഭവത്തെ ശക്തമായി അപലപിക്കുന്നു എന്നും സുരക്ഷ ഉറപ്പാക്കണമെന്ന് സുഡാൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടെന്നും എംബസി അറിയിച്ചു.
അതേസമയം, സുഡാനിലെ സംഘർഷത്തിന് അയവ് വന്നിട്ടില്ല. പരസ്പരം പോരാടുന്ന സൈന്യവും അർധസൈനികവിഭാഗമായ ആർഎസ്എഫും 24 മണിക്കൂർ നേരത്തേക്കു സമ്മതിച്ച വെടിനിർത്തൽ പാലിക്കപ്പെട്ടില്ല.
മരണം 270 ആയെന്നാണ് ഐക്യരാഷ്ട്രസഭ അറിയിച്ചത്. യഥാർഥ സംഖ്യ വളരെ കൂടുതലായിരിക്കുമെന്നാണ് അനുമാനം. രൂക്ഷ പോരാട്ടം കാരണം തെരുവുകളിലെ മൃതദേഹങ്ങൾ എടുത്തുമാറ്റാനായിട്ടില്ല.
ദക്ഷിണാഫ്രിക്കയിൽ ട്രക്കും ബസും കൂട്ടിയിടിച്ചു; 20 മരണം
ജോഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ കവചിത ട്രക്കും ബസും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർ മരിച്ചു. ലിംപോപോ പ്രവിശ്യയിലായിരുന്നു സംഭവം.
നിയന്ത്രണം നഷ്ടമായ ട്രക്ക് എതിർദിശയിൽ വന്ന ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ 60 പേർക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സഭൈക്യ സമ്മേളനം സമാപിച്ചു
കെയ്റോ (ഈജിപ്ത്): കത്തോലിക്കാ സഭയും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും തമ്മിൽ ദൈവശാസ്ത്ര സംവാദങ്ങൾനട ത്തുന്ന തിനുള്ളഅന്താരാഷ്ട്ര കമ്മീഷന്റെ 19-ാമത് സമ്മേളനം ഈജിപ്തിലെ എൽ നട്രുൺ താഴ്വരയിലെ സെന്റ് ബിഷോയി ദയറായിൽ ജനുവരി 31 മുതൽ ഫെബ്രുവരി നാലുവരെ നടന്നു.
ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളിൽ കത്തോലിക്കാ, ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ പ്രതിനിധികൾ പ്രത്യേകമായി സമ്മേളനം നടത്തി. മൂന്നിന് കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ തലവൻ പോപ്പ് തേവോദോറസ് രണ്ടാമൻ കമ്മീഷൻ അംഗങ്ങളെ സ്വീകരിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

കത്തോലിക്കാ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ പരിശുദ്ധ ദൈവമാതാവിനു സഭാ ജീവിതത്തിലും ആരാധനയിലും ഉന്നതമായ സ്ഥാനമാണ് നൽകുന്നതെന്നും പരിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർഥനയും ഭക്തിയും സഭാജീവിതത്തിന്റെയും ആരാധനയുടെയും അവിഭാജ്യ ഘടകമാണെന്നും കമ്മീഷൻ വിലയിരുത്തി. ദൈവമാതാവിനെക്കുറിച്ചുള്ള ചിന്തകളിൽ കത്തോലിക്കാ, ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ വിശ്വാസത്തിലും പാരമ്പര്യത്തിലുമുള്ള സാമ്യവും വ്യത്യാസവും കൂടുതൽ ആഴമായ പഠനങ്ങൾക്ക് വിധേയമാക്കാൻ സമ്മേളനം തീരുമാനിച്ചു.
അമലോൽഭവത്തിലുള്ള വിശ്വാസം, മാതാവിന്റെ സ്വർഗാരോപണം, ജന്മപാപം തുടങ്ങിയ വിഷയങ്ങൾ കൂടുതൽ ആഴത്തിൽ പഠന വിധേയമാക്കും. 2024 ജനുവരി 22 മുതൽ 26 വരെ റോമിൽ അടുത്ത സമ്മേളനം നടത്താനും തീരുമാനമായി. കത്തോലിക്കാസഭയും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും തമ്മിൽ കൂടുതൽ ദൃശ്യമായ ഐക്യത്തിലേക്കും സഹകരണത്തിലേക്കും നീങ്ങാനുള്ള പദ്ധതികൾക്ക് രൂപം കൊടുക്കാൻ സമ്മേളനം നിശ്ചയിച്ചു.
ദക്ഷിണാഫ്രിക്കയിൽ ജന്മദിന പാർട്ടിക്കിടെ വെടിവയ്പ്; എട്ടു പേർ കൊല്ലപ്പെട്ടു
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ജന്മദിനാഘോഷത്തിനിടെ ഉണ്ടായ വെടിവയ്പിൽ എട്ടു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കൻ തുറമുഖ നഗരമായ ഗ്കെബെർഹയിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
നഗരത്തിലെ വീട്ടിൽ ജന്മദിനാഘോഷം നടക്കുന്നതിനിടയിൽ അജ്ഞാതരായ രണ്ടുപേർ അതിഥികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിനു ശേഷം ആക്രമികൾ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു.
51-ാം ജന്മദിനം ആഘോഷിക്കുകയായിരുന്ന വുസുംസി ശിശുബ എന്ന സ്ത്രീയും മരിച്ചവരിൽ ഉൾപ്പെടുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
കത്തോലിക്ക കോൺഗ്രസ് ആഫ്രിക്കൻ രാജ്യങ്ങളിലും
കംബാല: സീറോ മലബാർ സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലും പ്രവർത്തനം തുടങ്ങി. ഇതോടെ സംഘടനയുടെ പ്രവർത്തനമുള്ള രാജ്യങ്ങളുടെ എണ്ണം അന്‍പതായി.
കത്തോലിക്ക കോൺഗ്രസ് ആഫ്രിക്കൻ സമ്മേളനത്തിൽ ഗ്ലോബൽ ഭാരവാഹികളും ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു. ഉഗാണ്ട, സൗത്ത് ആഫ്രിക്ക, കെനിയ, സീഷേൽസ്, സാമ്പിയ, ഘാന, ബോട്സ്വാന, ഈജിപ്ത്, നൈജീരിയ എന്നീ രാജ്യങ്ങളിലാണു പുതിയതായി സമിതികൾ രൂപീകരിച്ചത്.
ആഫ്രിക്കൻ രാജ്യങ്ങളിൽ സമുദായത്തിന്റെ പൈതൃകവും പാരമ്പര്യവും കാത്ത് സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നു പുതിയ ഭാരവാഹികൾ അറിയിച്ചു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം ആഫ്രിക്കൻ നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിനോട് വളരെ സാമ്യമുള്ള പ്രകൃതിയും കൃഷി രീതികളുമുള്ള ഉഗാണ്ട ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കത്തോലിക്കാ കോൺഗ്രസ് ശക്തിപ്പെടുമ്പോൾ സമുദായത്തിനു മുതൽക്കൂട്ടാവുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
അമ്പതാമത്തെ രാജ്യമായ നൈജീരിയയിൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ഡോ. വിൻസെന്റ് പാലത്തിങ്കലിന്റെ നേതൃത്വത്തിലുള്ള സമിതിയെ ഫാ. ജോർജ് നെടുമറ്റം അഭിനന്ദിച്ചു. ഫാ. ജോസഫ് ഇലഞ്ഞിക്കൽ സാമ്പിയ കാത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് നവീൻ വർഗീസിന് ആയുഷ്കാല അംഗത്വം നൽകി ആഫ്രിക്കൻ കാമ്പയിൻ തുടക്കം കുറിച്ചു.
കത്തോലിക്ക കോൺഗ്രസ് വൈസ് പ്രസിഡന്റ് വർഗീസ് തമ്പി അധ്യക്ഷത വഹിച്ചു. ഉഗാണ്ട കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് പ്രഫ. കെ. എം. മാത്യു, ഫാ. അഭിലാഷ് ആന്റണി,ഗ്ലോബൽ ഭാരവാഹികളായ ജോമി മാത്യു, അഡ്വ.പി.ടി. ചാക്കോ, ജോളി ജോസഫ്, ഡെന്നി കൈപ്പനാനി, രഞ്ജിത് ജോസഫ്, ജോബി നീണ്ടുകുന്നേൽ എന്നിവർ പ്രസംഗിച്ചു.
ടോണി ജോസഫ് കെനിയ, ബിനോയ് തോമസ് റുവാണ്ട, ജോയിസ് ഏബ്രഹാം- സീഷെൽസ്, റോണി ജോസ് -സൗത്ത് ആഫ്രിക്ക, ജോസ് അക്കര ഉഗാണ്ട, ബിജു ജോസഫ് ഘാന, ആന്റണി ജോസഫ് ബോട്സ്വാന, ജോൺസൻ തൊമ്മാന ഈജിപ്ത്, ഷാജി ജേക്കബ് നൈജീരിയ തുടങ്ങിയവർ വിവിധ രാജ്യങ്ങളിൽ കത്തോലിക്കാ കോൺഗ്രസിനു നേതൃത്വം നൽകും .
ദക്ഷിണാഫ്രിക്കയിൽ വെടിവയ്പ്; 15 പേർ കൊല്ലപ്പെട്ടു
ജൊഹാനാസ്ബർഗ്: ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ ജൊഹാനസ്ബർഗിലെ ബാറില്‍ അജ്ഞാതർ നടത്തിയ വെടിവയ്പിൽ 15 പേർ കൊല്ലപ്പെട്ടു. ഒന്‍പതുപേർക്കു പരിക്കേറ്റു. ജൊഹാനാസ്ബർഗിലെ സോവെറ്റോ നഗരത്തിൽ ഞായറഴ്ച പുലർച്ചെ 12.30 ന് ആയിരുന്നു ആക്രമണം.
12 പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. 11 പേരെ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേർ ചികിത്സയിലിരിക്കെ മരിച്ചു.
പുലർച്ചെ ബാറിലേക്ക് കടന്നുവന്ന തോക്കുധാരികൾ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം ഇവർ വെളുത്ത മിനിബസിൽ രക്ഷപെട്ടു.
ആക്രമണം നടത്താനുള്ള കാരണം വ്യക്തമല്ല. പരിക്കേറ്റ ഒൻപത് പേരുടെയും നിലഗുരതരമാണ്. 19 നും 35 നും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്.
മനോജിന്റെ കുടുംബത്തിന് എംസിസി സമാഹരിച്ച തുക കൈമാറി
മോൺറോവിയ : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിൽ വച്ച് കഴിഞ്ഞ മാസം മരണമടഞ്ഞ മനോജിന്റെ കുടുംബത്തിന് ലൈബീരിയൻ മലയാളികളുടെ സംഘടനയായ മഹാത്മാ കൾച്ചറൽ സെന്റർ (എംസിസി) സമാഹരിച്ച പത്തുലക്ഷം രൂപ കുടുംബത്തിന് കൈമാറി. മനോജിന്റെ ആകസ്മികമായ വിയോഗത്തോടെ അനാഥമായ കുടുംബത്തിന് കൈത്താങ്ങാകുക എന്ന തീരുമാനത്തിൽ നിന്നാണ് സംഘടന മുൻകൈ എടുത്ത് 300ൽ താഴെ വരുന്ന അംഗങ്ങളിൽ നിന്നും 10 ലക്ഷം രൂപ സമാഹരിച്ചത്
കേന്ദ്ര മന്ത്രി വി.മുരളീധരൻ മനോജിന്റെ ഭവനത്തിൽ നേരിട്ടെത്തി തുകയുടെ ചെക്ക് കുടുംബത്തിന് കൈമാറി. മഹാത്മാ കൾച്ചറൽ സെന്റർ ലൈബീരിയയുടെ പ്രതിനിധിയായി സംഘടനാ പ്രസിഡന്റ് ഗോപിനാഥൻ പിള്ളയുടെ ഭാര്യ ബീനാ ഗോപിനാഥൻ ചടങ്ങിൽ പങ്കെടുത്തു. വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനാ പ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഹ്യുമാനിറ്റേറിയൻ മിഷനറി പുരസ്കാരം ഡോ. സണ്ണി സ്റ്റീഫന്‍ സമ്മാനിച്ചു
കോട്ടയം: വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ ഇരുപത്തേഴു വർഷമായി നടത്തുന്ന ആഗോള ജീവകാരുണ്യ പ്രവർത്തനങ്ങളെ ആദരിച്ച്, ഉംറ്റാറ്റ രൂപത നൽകുന്ന ഹ്യുമാനിറ്റേറിയൻ മിഷനറി അവാർഡ്, സാമൂഹിക പ്രവർത്തകനും സംഗീതജ്ഞനുമായ സണ്ണി സ്റ്റീഫന്‍ പാലാ രൂപതാ സഹായ മെത്രാൻ ബിഷപ് മാർ ജേക്കബ്മുരിക്കൻ സമ്മാനിച്ചു.
സൗത്ത് ആഫ്രിക്കൻ കാത്തലിക് ബിഷപ് കൗണ്‍സിൽ പ്രസിഡന്റും ഉംറ്റാറ്റ രൂപതാധ്യക്ഷനുമായ ബിഷപ് സിതംബെല്ല സിപൂക്കയിൽ നിന്ന് വേൾഡ്പീസ് മിഷനു വേണ്ടി ചീഫ് കോഓർഡിനേറ്റർ സിസ്റ്റർ ഡോ സെബസ്റ്റിൻ മരിയ (സൗത്ത്ആഫ്രിക്ക) ഏറ്റുവാങ്ങിയ പുരസ്കാരമാണ് സണ്ണി സ്റ്റീഫന്‍ നൽകിയത്.
അഞ്ചുഭൂഖണ്ഡങ്ങളിലായി സണ്ണി സ്റ്റീഫന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വളർന്നു പന്തലിച്ചു നിൽക്കുന്നത്പ്രാർഥനയുടേയും ഇച്ഛാശക്തിയുടേയും നിശ്ചയദാർഢ്യത്തിൻറേയും ഫലമാണ്. മനുഷ്യനും മനുഷ്യത്വവുമാണ് വലുതെന്ന ദർശനത്തിന്റെ പ്രകാശം പരത്തി ത്യാഗമാണ് സന്പാദ്യം, താഴ്മയാണ് സിംഹാസനംമെന്നും ജീവിതം കൊണ്ട് നമ്മെ ഇദ്ദേഹം പഠിപ്പിക്കുന്നു-ബിഷപ്പ് ജേക്കബ് മുരിക്കൻ പറഞ്ഞു.
ലോകസമാധാന പരിശ്രമങ്ങൾക്കും മനുഷ്യാവകാശപ്രവർത്തനങ്ങൾക്കും മതൈക്യത്തിനും ഉപവിപ്രവർത്തനങ്ങൾക്കുമായി കാൽ നൂറ്റാണ്ടിലേറെ ജീവിതംകൊണ്ട് അടയാളപ്പെടുത്തിയ വ്യക്തിത്വത്തെ ജറുസലേം യൂണിവേഴ്സിറ്റി 2020-ൽ മാനവികതയുടെ വിശ്വപൗരൻ’ എന്ന ബഹുമതിയോടെ ഓണററി ഡോക്ടറേററ് നൽകി ആദരിച്ചു.
പ്രഭാഷകൻ, അധ്യാപകൻ, സംഗീതജ്ഞൻ, ഫാമിലി കൗണ്‍സിലർ എന്നീ മികവിനൊപ്പം കവി, ഗാനരചയിതാവ്, ഗ്രന്ഥകാരൻ, സംവിധായകൻ, ചിന്തകൻ, എന്നീ നിലകളിലും ഈ കർമ്മയോഗിയുടെ പ്രവർത്തനങ്ങൾ വിപുലമാണ്. കുടമാളൂർ പീസ് ഗാർഡനിൽ നടന്നചടങ്ങിൽ ശ്രീ മോൻസ് ജോസഫ് എംഎൽഎ, സി ഡോ ജോവാൻ ചുങ്കപ്പുര( ട്രാഡാ), സി സെറിൻ ( കനീസ,സൗത്ത് ആഫ്രിക്ക), ഫാ.റോയി( പ്രിൻസിപ്പൽ, എസ് എഫ് എസ് കോളേജ് ബാംഗ്ലൂർ), ഫാ. ടിജോ (സം പ്രീതി) ഫാ. സിബി(ജെർമ്മനി), ജസ്റ്റിൻ തോമസ്,, ബിജോയ്ചെറിയാൻ, ബ്ലെസ്സി ജോണ്സണ് എന്നിവർ പ്രസംഗിച്ചു.
സണ്ണി സ്റ്റീഫന്‍ ഹ്യൂമാനിറ്റേറിയൻ മിഷനറി അവാർഡ്
സൗത്ത് ആഫ്രിക്ക: വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ ഇരുപത്തേഴു വർഷമായി നടത്തുന്ന ആഗോള ജീവകാരുണ്യ പ്രവർത്തനങ്ങളെ ആദരിച്ച്, ഉംറ്റാറ്റ രൂപത നൽകുന്ന ഹ്യുമാനിറ്റേറിയൻ മിഷനറി അവാർഡ്, സാമൂഹിക പ്രവർത്തകനും സംഗീതജ്ഞനുമായ സണ്ണി സ്റ്റീഫനു ലഭിച്ചു.
"ലോകത്തിന്റെ അതിർത്തി വരെ സാക്ഷിയായിരിക്കുക' എന്ന ദൈവ വിളിയുടെആഹ്വാനം ഹൃദയത്തിലേറ്റു വാങ്ങി നിയോഗ ശുദ്ധിയോടെ ജീവിക്കുന്ന ഈകാലത്തിന്റെ അപ്പോസ്തലൻ, കാലദേശങ്ങൾക്കും ജാതിമത ചിന്തകൾക്കുംഅതീതമായി പ്രവർത്തിക്കുന്ന മനുഷ്യസ്നേഹിയാണ് സണ്ണി സ്റ്റീഫൻ.
പ്രഭാഷകൻ, അധ്യാപകൻ, സംഗീതജ്ഞൻ, ഫാമിലി കൗൺസിലർ എന്നീമികവിനൊപ്പം കവി, ഗാനരചയിതാവ്, ഗ്രന്ഥകാരൻ, സംവിധായകൻ, ചിന്തകൻ, എന്നീ നിലകളിൽ സണ്ണി സ്റ്റീഫന്റെ പ്രവർത്തനങ്ങൾ വിപുലമാണ്.അഞ്ചുഭൂഖണ്ഡങ്ങളിലായി തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വളർന്നു പന്തലിച്ചുനിൽക്കുന്നത് ഇച്ഛാശക്തിയുടേയും നിശ്ചയദാർഢ്യത്തിന്റേയും ഫലമാണ്.
ലോകസമാധാന പരിശ്രമങ്ങൾക്കും മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കും മതൈക്യത്തിനും ഉപവി പ്രവർത്തനങ്ങൾക്കുമായി കാൽ നൂറ്റാണ്ടിലേറെ ജീവിതംകൊണ്ട് അടയാളപ്പെടുത്തിയ വ്യക്തിത്വത്തെ ജറുസലേം യൂണിവേഴ്സിറ്റി "മാനവികതയുടെ വിശ്വപൗരൻ' എന്ന പുരസ്കാരം നൽകി 2020-ൽ ആദരിച്ചു.
തിരുനാമകീത്തനം പാടിയും സ്നേഹകാരുണ്യം നൽകിയും ആരെന്നു നോക്കാതെ നന്മ ചെയ്ത് ലോകം മുഴുവൻ സമാധാന ദൂതുമായി സഞ്ചരിക്കുന്ന ഈകർമ്മയോഗി സമാനതകളില്ലാത്ത ജീവിത സാക്ഷ്യമാണ്.
സൗത്ത് ആഫ്രിക്കൻ കാത്തലിക് ബിഷപ് കൗൺസിൽ പ്രസിഡന്റും ഉംറ്റാറ്റ രൂപതാധ്യക്ഷനുമായ ബിഷപ് സിതംബെല്ല സിപൂക്കയിൽ നിന്ന് വേൾഡ്പീസ് മിഷൻ (സൗത്ത് ആഫ്രിക്ക) ചീഫ് കോഓർഡിനേറ്റർ സിസ്റ്റർ ഡോ സെബസ്റ്റിൻ മരിയ ഏറ്റുവാങ്ങിയ പുരസ്കാരം മേയ് എട്ടിനു (ഞായർ) ഉച്ചകഴിഞ്ഞു മൂന്നിന് കുടമാളൂർ പീസ്ഗാർഡനിൽ നടക്കുന്ന ചടങ്ങിൽ പാലാ രൂപതാ സഹായ മെത്രാൻ ബിഷപ് ജേക്കബ് മുരിക്കൻ സണ്ണി സ്റ്റീഫനു സമ്മാനിക്കും.
ഒഐസിസി ലൈബീരിയ നാഷണൽ കമ്മിറ്റി യോഗം സംഘടിപ്പിച്ചു
മോണ്‍റോവിയ: ഒഐസിസി ലൈബീരിയ നാഷണൽ കമ്മിറ്റിയുടെ ആദ്യ യോഗം തലസ്ഥാനമായ മോണ്‍റോവിയയിൽ നടത്തപ്പെട്ടു. ഒഐസിസി ഗ്ലോബൽ ചെയർമാൻ കുന്പളത്തു ശങ്കരപ്പിള്ള ഓണ്‍ലൈൻ വഴിയായി യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഒഐസിസി ഇൻകാസ് ഒമാൻ ജനറൽ സെക്രട്ടറി എൻ.ഒ. ഉമ്മൻ മെന്പർഷിപ് ക്യാന്പയിനും എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആദ്യ മെന്പർഷിപ് വിതരണോദ്ഘാടനവും ഓണ്‍ലൈൻ വഴി നിർവഹിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ , കെപിസിസി സെക്രട്ടറി ബി.ആർ.എം ഷഫീർ, കൊടിക്കുന്നിൽ സുരേഷ്, ഡോക്ടർ സരിൻ എന്നിവർ ഓണ്‍ലൈൻ വഴി ആശംസകൾ അർപ്പിച്ചു.

ഒഐസിസി നാഷണൽ കമ്മിറ്റിയുടെ പ്രസിഡന്റ് സ്രിബിൻ തോമസ് അധ്യക്ഷനായിരുന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സെബിൻ വിൽസണ്‍ സ്വാഗതവും അംഗങ്ങൾ ആയിട്ടുള്ള ജിജോ ഫിലിപ്പ് ,സച്ചിൻ തോമസ് എന്നിവർ ആശംസയും അർപ്പിച്ചു. തുടർന്ന് അംഗങ്ങളെ പരിചയപ്പെടലും, ഭാവി പരിപാടികളെക്കുറിച്ചുള്ള ചർച്ചയും നടന്നു. ആദ്യ മെന്പർഷിപ് പ്രസിഡന്റിൽ നിന്നും ജെയിംസ് വർഗീസ് ഏറ്റുവാങ്ങി. ജോയിന്റ് സെക്രട്ടറി സജി ആന്റണി നന്ദി പ്രകാശിപ്പിച്ചു. ജനറൽ സെക്രട്ടറി മനു പവിത്രൻ, ട്രഷറർ ദാസ് പ്രകാശ് ജോസഫ് എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
മേജോ ജോസഫ് നൈജീരിയയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 16 മരണം
ലാഗോസ്: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ നോർത്ത്ഈസ്റ്റ് ബോച്ചി സംസ്ഥാനത്ത് ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16 പേർ മരിച്ചു. കാനോ-ജമ ദേശീയപാതയിൽ ബംബാൽ ഗ്രാമത്തിലായിരുന്നു അപകടം.
ബസിലെ യാത്രക്കാരാണു മരിച്ചതെന്നു ബോച്ചി ഫെഡറൽ റോഡ് സേഫ്റ്റി കോർപ്സ് കമാൻഡർ യൂസഫ് അബ്ദുള്ളാഹി അറിയിച്ചു. കൂട്ടിയിടിക്കു പിന്നാലെ ബസിനു തീപിടിച്ചതാണു ദുരന്തതീവ്രത വർധിപ്പിച്ചത്. ബസിന്റെ അമിതവേഗമാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ.