എഡ്മണ്ടൺ: കാനഡയിൽ താമസിക്കുന്ന മലയാളി യുവതിക്ക് ലോട്ടറിയിലൂടെ 50 ലക്ഷം കനേഡിയൻ ഡോളറിന്റെ (ഏകദേശം 30 കോടിയിലധികം ഇന്ത്യൻ രൂപ) വമ്പൻ സമ്മാനം.
ആൽബർട്ട പ്രവിശ്യയിലെ എഡ്മണ്ടണിൽ താമസിക്കുന്ന പെരുമ്പാവൂർ വേങ്ങൂർ സ്വദേശിനി സ്നേഹ ജോയിക്കാണ് ലോട്ടോ 6/49 ലോട്ടറിയുടെ ക്ലാസിക് ജാക്ക്പോട്ട് സമ്മാനം ലഭിച്ചത്.
തിങ്കളാഴ്ച നടന്ന നറുക്കെടുപ്പിലാണ് സ്നേഹയുടെ ഭാഗ്യം തെളിഞ്ഞത്. മൊബൈൽ ഫോണിലെ ലോട്ടോ ആപ്പ് ഉപയോഗിച്ച് വാങ്ങിയ ടിക്കറ്റ് പിന്നീട് പരിശോധിച്ചപ്പോഴാണ് ജീവിതം മാറ്റിമറിക്കുന്ന സമ്മാനം ലഭിച്ച വിവരം അറിയുന്നത്.
നറുക്കെടുപ്പിലെ ഒന്ന്, 10, 18, 22, 33, 37 എന്നീ ആറ് നമ്പറുകളും സ്നേഹയുടെ ടിക്കറ്റിലെ നമ്പറുകളുമായി കൃത്യമായി ഒത്തുവരുകയായിരുന്നു.
ഇത്രയും വലിയൊരു സമ്മാനം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും തുക ലഭിച്ചാൽ ഉടൻ വീടിന്റെ വായ്പ പൂർണമായി അടച്ചുതീർക്കുമെന്നും സ്നേഹ പറഞ്ഞു.
കാനഡയിലെ ലോട്ടോ 6/49 ലോട്ടറിയിൽ ഒരു ടിക്കറ്റിന് മൂന്ന് കനേഡിയൻ ഡോളറാണ് നിരക്ക്. ക്ലാസിക് നറുക്കെടുപ്പിൽ ആറ് നമ്പറുകളും ശരിയായി ലഭിക്കാനുള്ള സാധ്യത ഏകദേശം 1.4 കോടിയിൽ ഒന്നാണ്.
തോൽവി കൊണ്ടുവന്ന ഭാഗ്യം
2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വേങ്ങൂർ പഞ്ചായത്തിലെ കൈപ്പിള്ളി വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി സ്നേഹ മത്സരിച്ചിരുന്നു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ എൽഡിഎഫ് സ്ഥാനാർഥിയോട് വെറും 13 വോട്ടുകൾക്ക് സ്നേഹ പരാജയപ്പെട്ടു.
തെരഞ്ഞെടുപ്പിന് പിന്നാലെ വിവാഹിതയായ സ്നേഹ, പിന്നീട് ഭർത്താവിനൊപ്പം കാനഡയിലേക്ക് ചേക്കേറുകയായിരുന്നു. അഞ്ച് വർഷമായി കാനഡയിൽ സ്ഥിരതാമസമാണ്.