അൽകോബാർ: നവയുഗം സാംസ്കാരികവേദി മുൻ കേന്ദ്രകമ്മിറ്റി അംഗവും, തുഗ്ബ മേഖല കമ്മിറ്റി ട്രഷററും, ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന പ്രഭാകരന്റെ നിര്യാണത്തിൽ നവയുഗം തുഗ്ബ മേഖല കമ്മിറ്റി അനുസ്മരണയോഗം സംഘടിപ്പിച്ചു.
കോബാർ ഗൾഫ് ദർബാർ ഹാളിൽ തുഗ്ബ മേഖല കമ്മിറ്റി പ്രസിഡന്റ് പ്രിജി കൊല്ലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ വായനവേദി സെക്രട്ടറി ബിനു കുഞ്ഞു അനുശോചന പ്രമേയം അവതരിപ്പിച്ചു.
നവയുഗം സംഘടിപ്പിച്ച വിവിധ കലാസാംസ്കാരിക പരിപാടികളും, ജീവകാരുണ്യ പ്രവർത്തനങ്ങളും വിജയിപ്പിയ്ക്കാൻ വലിയൊരു പങ്കു വഹിച്ചിട്ടുള്ള പ്രഭാകരന്റെ അകാലനിര്യാണം, ആത്മാർഥതയുള്ള മനുഷ്യത്വമുള്ള നല്ലൊരു സാമൂഹ്യപ്രവർത്തകനെയാണ് കിഴക്കൻ പ്രവിശ്യയിലെ പ്രവാസലോകത്തിനു നഷ്ടമാക്കിയതെന്ന് അനുശോചനപ്രമേയത്തിൽ പറഞ്ഞു.
നവയുഗം കേന്ദ്രനേതാക്കളായ എം.എ. വാഹിദ് കാര്യറ, ജമാൽ വില്യപ്പള്ളി നവയുഗം, ദാസൻ രാഘവൻ, ഉണ്ണി മാധവൻ, ഗോപകുമാർ ആർ, ഹുസൈൻ നിലമേൽ, ബിജുവർക്കി, ഉണ്ണി പൂച്ചെടിയിൽ, ഷിബു കുമാർ, പദ്മനാഭൻ മണിക്കുട്ടൻ, തമ്പാൻ നടരാജൻ, മുഹമ്മദ് റിയാസ്, സംഗീത സന്തോഷ്, ജോസ് കടമ്പനാട്, മുഹമ്മദ് നൈനാൻ എന്നിവർ അനുശോചന പ്രസംഗം നടത്തി.
യോഗത്തിൽ തുഖ്ബ മേഖല ആക്റ്റിംഗ് സെക്രട്ടറി സന്തോഷ് ചക്കുവരക്കൽ സ്വാഗതവും, സുറുമി നസീം നന്ദിയും പറഞ്ഞു.
നവയുഗം സാംസ്കാരികവേദിയുടെ മുതിർന്ന നേതാവായ പ്രഭാകരൻ (52), ക്യാൻസർ രോഗബാധിതനായി സ്വദേശമായ പൂവത്തൂർ ചികിത്സയിൽ ഇരിയ്ക്കവേ, നവംബർ 10നാണ് അന്തരിച്ചത്.