റിയാദ്: കൃഷിയിടത്തിലെ ജോലിക്കിടെ ട്രാക്ടർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരൻ നാലുമാസത്തെ ചികിത്സയ്ക്കൊടുവിൽ മരിച്ചു. തമിഴ്നാട് ചിറ്റൂർ സ്വദേശി ധർമ്മദുരൈ (27) ആണ് അൽഖർജിൽ മരിച്ചത്.
കൃഷിയിടത്തിലെ ട്രാക്ടർ ഡ്രൈവറായിരുന്ന സഹപ്രവർത്തകൻ അവധിക്ക് പോയതിനെത്തുടർന്നാണ് ധർമ്മദുരൈ വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചത്. ട്രാക്ടറിൽ കയറാതെ പുറത്തുനിന്ന് സ്റ്റാർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ കൈ ഗിയറിൽ തട്ടുകയായിരുന്നു.
ഇതോടെ മുന്നോട്ടുകുതിച്ച ട്രാക്ടറിനരികിൽ നിന്നിരുന്ന ധർമ്മദുരൈ വാഹനത്തിനടിയിലേക്ക് വീണു. ട്രാക്ടറിന്റെ ചക്രം തലയിലൂടെ കയറിയിറങ്ങിയതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അൽഖർജ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാലുമാസത്തോളം ചികിത്സയിൽ കഴിഞ്ഞെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വർഷം മുമ്പാണ് ധർമ്മദുരൈ സൗദിയിലെത്തിയത്.
ഭാര്യയും രണ്ട് മക്കളും മാതാപിതാക്കളും അടങ്ങുന്നതാണ് കുടുംബം. അഞ്ചുമാസം മാത്രം പ്രായമുള്ള ഇളയ കുഞ്ഞിനെ കാണാൻ പോലും ധർമ്മദുരൈയ്ക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല.