വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ സ്ഥിരതാമസക്കാർ (ഗ്രീൻ കാർഡ് ഉടമകൾ) വിദേശയാത്രകൾ നടത്തുമ്പോൾ പാലിക്കേണ്ട യാത്രാ സമയപരിധികളെയും രേഖകളെയും കുറിച്ചുള്ള പ്രധാന മാർഗനിർദേശങ്ങൾ ശ്രദ്ധേയമാകുന്നു. കൃത്യമായ രേഖകളില്ലാതെ ദീർഘകാലം വിദേശത്ത് തങ്ങുന്നത് സ്ഥിരതാമസ പദവി നഷ്ടപ്പെടുന്നതിന് കാരണമായേക്കാമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ആറു മാസത്തിൽ താഴെയുള്ള യാത്രകൾക്ക്, സാധാരണ വിനോദയാത്രകൾക്കോ ഹ്രസ്വസന്ദർശനങ്ങൾക്കോ സാധുവായ ഗ്രീൻ കാർഡ് മാത്രം മതിയാകും. ഇത് താമസപദവിക്ക് ഭീഷണിയാകില്ല.
ആറു മാസം മുതൽ ഒരു വർഷം വരെ ഗ്രീൻ കാർഡ് ഉപയോഗിച്ച് തിരിച്ചെത്താമെങ്കിലും, അമേരിക്കയിൽ സ്ഥിരതാമസമാക്കാനുള്ള താൽപര്യത്തെക്കുറിച്ച് അതിർത്തി ഉദ്യോഗസ്ഥരുടെ കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് സാധ്യതയുണ്ട്. ഒരു വർഷമോ അതിൽ കൂടുതലോ വിദേശത്ത് നിൽക്കാൻ ഉദ്ദേശിക്കുന്നവർ യുഎസ് വിടുന്നതിന് മുൻപ് തന്നെ ഫോം I-131 (ഫോം-131) വഴി റീ-എൻട്രി പെർമിറ്റിന് അപേക്ഷിക്കുകയും ബയോമെട്രിക്സ് നടപടികൾ പൂർത്തിയാക്കുകയും വേണം. ഇത് രണ്ട് വർഷം വരെ വിദേശത്ത് തങ്ങാൻ അനുവദിക്കും.
പെർമിറ്റില്ലാതെ ഒരു വർഷത്തിൽ കൂടുതൽ പുറത്തുനിന്നാൽ ഗ്രീൻ കാർഡ് അസാധുവാകാനും എസ്.ബി-1 റിട്ടേണിംഗ് റസിഡന്റ് വീസ വേണ്ടിവരാനും സാധ്യതയുണ്ട്.റീ-എൻട്രി പെർമിറ്റ് ഉണ്ടെങ്കിൽ പോലും, ദീർഘകാലത്തെ വിദേശവാസം ഭാവിയിൽ യുഎസ് പൗരത്വത്തിന് അപേക്ഷിക്കുന്നതിനുള്ള ‘തുടർച്ചയായ താമസ’ നിബന്ധനയെ ബാധിക്കാം.
കൂടാതെ, വിമാനത്താവളങ്ങളിൽ വച്ച് ഗ്രീൻ കാർഡ് ഉപേക്ഷിക്കുന്നതിനുള്ള ഫോം I-407 ഒപ്പിടാൻ സമ്മർദമുണ്ടായാൽ ജാഗ്രത പാലിക്കണമെന്നും, അമേരിക്കയുമായുള്ള ബന്ധം തെളിയിക്കുന്ന നികുതി രേഖകൾ, വീട്, ജോലി എന്നിവയുടെ തെളിവുകൾ യാത്രയിൽ കരുതണമെന്നും നിർദേശമുണ്ട്.