കുവൈറ്റ് സിറ്റി: കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി) കുവൈറ്റ് റീജിയൺ യൂത്ത് കമ്മീഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ ഫുട്ബോൾ ടൂർണമെന്റിൽ സെന്റ് ജോൺസ് യുണൈറ്റഡ് എഫ്സി 2026ലെ ചാമ്പ്യൻമാരായി.
വാശിയേറിയ ഫൈനലിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ സെന്റ് മേരീസ് യാക്കോബായ ചർച്ചിന്റെ മിയ എഫ്സിയെ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സെന്റ് ജോൺസ് യുണൈറ്റഡ്, വിജയികൾക്കുള്ള സഖറിയാസ് മാർ തിയൊഫിലോസ് മെമ്മോറിയൽ കിരീടം സ്വന്തമാക്കിയത്.
രണ്ടാം സ്ഥാനക്കാരായ എസ്എംജെഎസ്സി മിയ എഫ്സിക്ക് ഗീവർഗീസ് മാർ ഫീലക്സിനോസ് പുത്തൻകാവ്, കാത്തോലിക്കറ്റിന്റെ രക്ത്ന ദീപം മെമ്മോറിയൽ ട്രോഫി സമ്മാനിച്ചു.
ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം കെസിസി കുവൈറ്റ് റീജിയണൽ പ്രസിഡന്റ് ഫാ.ഡോ. ബിജു പാറയ്ക്കൽ നിർവഹിച്ചു. വിവിധ സഭകളിൽ നിന്നുള്ള 16 ടീമുകൾ മാറ്റുരച്ച മത്സരങ്ങൾ കാണികൾക്കും കളിക്കാർക്കും ആവേശകരമായ കാഴ്ചകളാണ് സമ്മാനിച്ചത്.
യുവജന കമ്മീഷൻ അംഗങ്ങളായ ജോർജ് ജേക്കബ്, ബിജി സാമൂവെൽ, ഷിജോ പുല്ലംപള്ളിൽ, അജോഷ് മാത്യു, സിബു അലക്സ് എന്നിവർ മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനും ക്രമീകരണങ്ങൾക്കും നേതൃത്വം നൽകി.