ന്യൂഡൽഹി: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രതിനിധി സംഘം ഭരണഘടനാ ശില്പികൾക്ക് ആദരം അർപ്പിച്ചു. സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹി കെ.ജി. മാർഗിലെ ഭരണഘടനാ സ്മാരകം സന്ദർശിച്ച് പുഷ്പാർച്ചന നടത്തിയത്.
ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രതിനിധി സംഘം ഭരണഘടനയുടെ ആമുഖം ചൊല്ലി പ്രതിജ്ഞയെടുത്തു. രാജ്യത്തിന്‍റെ അഖണ്ഡതയും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം ചടങ്ങിൽ അനുസ്മരിച്ചു.
ഫാ. ദേവസഹായം, ഫാ. ജോർജ് നിരപ്പുകാലായിൽ, സിസ്റ്റർ സായൂജ്യ സിഎംസി, സിസ്റ്റർ രമ്യ തോമസ് എസ്എസ്ജെഎ, സിസ്റ്റർ ട്രീസ പോൾ, സിസ്റ്റർ സെലിൻ എസ്എച്ച് എന്നിവരും പങ്കെടുത്തു.