
പ്രഫ. പദ്മാവതി ഇസ്ഹാഖ്
മലപ്പുറം: പട്ടാന്പി ഗവ. സംസ്കൃത കോളജ് മുൻ ചരിത്രവിഭാഗം അധ്യാപികയും ഗ്രന്ഥകാരിയുമായിരുന്ന ഷൊർണൂർ ചളവറ കാന്പുറത്ത് പ്രഫ. പദ്മാവതി ഇസ്ഹാഖ് (93) ഓസ്ട്രേലിയയിലെ പെർത്തിൽ മകളുടെ വീട്ടിൽ അന്തരിച്ചു. വള്ളുവനാട്ടിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും ഡൽഹി ജാമിയ മില്ലിയ സർവകലാശാല രജിസ്ട്രാറും മലപ്പുറം സഹകരണ സ്പിന്നിംഗ് മിൽ സ്ഥാപക വൈസ് ചെയർമാനുമായിരുന്ന ആനക്കയം വലിയ മണ്ണിൽ മുഹമ്മദ് ഇസ്ഹാഖിന്റെ ഭാര്യയാണ്. അഖിലേന്ത്യാ വിദ്യാർഥി ഫെഡറേഷനിലൂടെ രാഷ്ട്രീയ രംഗത്ത് ജ്വലിച്ചു നിന്ന പദ്മാവതി, പിൽക്കാലത്ത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായി. പാർട്ടി നിരോധന കാലത്ത് പല സഖാക്കൾക്കും ഒളിവിൽ പാർക്കാൻ സൗകര്യം ചെയ്ത് കൊടുത്ത കുടുംബമായിരുന്നു ഇവരുടേത്. ഇതിനിടയ്ക്കായിരുന്നു മികച്ച പ്രഭാഷകൻ കൂടിയായ ഏറനാട് പാർട്ടി സെക്രട്ടറി മുഹമ്മദ് ഇസ്ഹാഖുമായുള്ള അടുപ്പം. പിന്നീട് ഇവർ വിവാഹിതരായി. ഡൽഹി ജാമിയ മില്ലിയയിൽ സേവനം അനുഷ്ഠിച്ച ശേഷം പട്ടാന്പി കോളജിൽ ചരിത്ര വിഭാഗം അധ്യാപികയായിരുന്നപ്പോൾ "മധ്യകാല ഇന്ത്യാ ചരിത്രം’ എന്ന ഇവരുടെ പുസ്തകം കോഴിക്കോട് സർവകലാശാല 1986 രണ്ടാം വർഷ ബിഎ ചരിത്രവിഭാഗം സിലബസിൽ ഉൾപ്പെടുത്തിയിരുന്നു. ഭർത്താവിന്റെ വിയോഗശേഷം ഓസ്ട്രേലിയയിലായിരുന്നു താമസം. നാട്ടിലുള്ളപ്പോൾ ഇടക്കാലത്ത് കേരളത്തിലെ സഹകരണ മില്ലുകളുടെ ചെയർപേഴ്സണ് പദവി വഹിച്ചിരുന്നു. മക്കൾ: നീന (ഓസ്ട്രേലിയ), പരേതയായ ഡോ. നിഷ്ഹത്ത്. മരുമക്കൾ: ഡോ. അബ്ദുറസാഖ്, ഷൗക്കത്ത് (ഇരുവരും ഓസ്ട്രേലിയ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions