സ്നേഹം കൊണ്ട് നിങ്ങൾ നീട്ടുന്ന ആ താക്കോൽ, നിങ്ങളുടെ മക്കളുടെ ഭാവി ഇല്ലാതാക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? എങ്കിൽ വിശ്വസിച്ചേ മതിയാവൂ!
പണ്ട് കാലത്ത് സൈക്കിൾ ചവിട്ടാൻ പോലും 18 വയസ് കഴിയണം എന്ന് പറഞ്ഞിരുന്ന അച്ഛനമ്മമാർ... ഇന്ന് 15 വയസ്സുള്ള മകന് ഒന്നര ലക്ഷത്തിന്റ ബൈക്ക് വാങ്ങി കൊടുക്കുന്നു! സ്നേഹം കൂടിയതോ, അതോ അപകടം അറിയാത്തതോ?
സ്കൂൾ വിടുന്ന സമയത്ത് നമ്മുടെ നാട്ടിലെ റോഡുകളിലൂടെ ഒന്നിറങ്ങി നോക്കൂ. യൂണിഫോം ഇട്ട്, ബാഗ് തൂക്കി, കൂറ്റൻ ബൈക്കുകളിൽ ചീറിപ്പായുന്ന കുട്ടികൾ. കാണുമ്പോൾ നമുക്ക് പേടി തോന്നും. പക്ഷേ ആ കുട്ടിയുടെ അച്ഛനമ്മമാർക്ക് തോന്നുന്നത്, "എന്റെ മോൻ ഹീറോ ആണ്" എന്നായിരിക്കും.ആ ഹീറോയിസത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന മൂന്ന് വലിയ ആപത്തുകൾ കേരള പോലീസും മോട്ടോർ വാഹന വകുപ്പും ഇന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ട്.
പോലീസ് ഇതുവരെ 6,237 വാഹനങ്ങൾ പരിശോധിച്ചു. ഇതിൽ നിയമം ലംഘിച്ച 59 പേർക്കെതിരെ കേസെടുത്തു.ഇത് കേരളം മുഴുവൻ നടക്കുന്ന തീവ്ര പരിശോധനയാണ്.ആ മൂന്ന് കാര്യങ്ങൾ എന്തെന്ന് വിശദമായി അറിയാം.
1. വണ്ടി പിടിച്ചെടുക്കും, RC ഒരു വർഷത്തേക്ക് ക്യാൻസൽ ആകും!
18 വയസ്സ് തികയാത്ത കുട്ടി വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പോലീസ് രണ്ടാമതൊന്ന് ആലോചിക്കില്ല. വണ്ടി അവിടെ വെച്ച് തന്നെ കസ്റ്റഡിയിലെടുക്കും. പിന്നെ ആ വണ്ടി വിട്ടുകിട്ടാൻ കോടതിയും RTO ഓഫീസും കയറി ഇറങ്ങേണ്ടി വരും.അതുകൊണ്ട് തീരുന്നില്ല. ആ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC) ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യും. അതായത് ഒരു വർഷം ആ വണ്ടി പുറത്തിറങ്ങില്ല. വെറുതെ വീട്ടിൽ കിടന്ന് തുരുമ്പെടുക്കും.
2. പിടിക്കപ്പെടുന്നത് കുട്ടിയല്ല, അച്ഛനും അമ്മയും - ജയിലും പിഴയും!
ഇവിടെയാണ് പലരും തെറ്റിദ്ധരിക്കുന്നത്. കേസ് കുട്ടിയുടെ പേരിലല്ല, വണ്ടി കുട്ടിക്ക് ഓടിക്കാൻ കൊടുത്ത ഉടമയുടെ പേരിലാണ് എടുക്കുക. അത് അച്ഛനായാലും അമ്മയായാലും മാമനായാലും സുഹൃത്തായാലും.നിങ്ങൾക്കെതിരെ രണ്ട് വലിയ നിയമങ്ങൾ പ്രകാരം കേസെടുക്കും - മോട്ടോർ വാഹന നിയമവും, ജുവനൈൽ ജസ്റ്റിസ് നിയമവും.
25,000 രൂപ പിഴയും മൂന്നു വർഷം വരെ തടവും. ഇത് വെറും ഗതാഗത നിയമലംഘനമല്ല, ജാമ്യം പോലും കിട്ടാൻ പ്രയാസമുള്ള ക്രിമിനൽ കേസാണ്. ഭാവി ജോലിയെയും വിദേശ യാത്രയെയും വരെ ഇത് ബാധിക്കും.
3. ഡ്രൈവിംഗ് സ്വപ്നം, ജോലി സ്വപ്നം എല്ലാം തകിടം മറിയും!
ഇതാണ് ഏറ്റവും വേദനിപ്പിക്കുന്ന കാര്യം. പിടിക്കപ്പെടുന്ന കുട്ടിയുടെ വിവരങ്ങൾ RTO ബ്ലാക്ക് ലിസ്റ്റിൽ കയറും. പിന്നെ അവന് 25 വയസ്സ് തികയുന്നത് വരെ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാൻ പോലും കഴിയില്ല.അതായത്, 18 വയസ്സിൽ ലൈസൻസ് കിട്ടേണ്ടവന് ഏഴ് വർഷം നഷ്ടം. കൂട്ടുകാർ ഡ്രൈവിംഗ് ലൈസൻസ് എടുത്ത് ജോലിക്ക് പോകുമ്പോൾ, നിസ്സഹായനായി നോക്കി നിൽക്കേണ്ടി വരും.
ഇത് വെറും നിയമമല്ല - നിങ്ങളുടെ കുട്ടിയുടെ ഭാവി കൂടിയാണ്!
ഒരു താക്കോൽ കൊടുക്കുന്നതിന് മുൻപ് ഒന്നുകൂടി ആലോചിക്കൂ. സ്നേഹം കൊണ്ട് വണ്ടി കൊടുക്കരുത്, ബോധം കൊണ്ട് അതിൽ നിന്ന് നിങ്ങളുടെ കുട്ടികളെ തടയാൻ നോക്കണം.പ്രായപൂർത്തിയാകാത്ത മക്കൾ വണ്ടി ചോദിക്കുമ്പോൾ 'ഇപ്പോൾ വേണ്ട മോനെ' എന്ന വാക്ക്, ഒരു വലിയ അപകടത്തിൽ നിന്നും, നിങ്ങളുടെ കുടുംബത്തിന്റെ കണ്ണുനീരിൽ നിന്നും നിങ്ങളെ രക്ഷിക്കും.