ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ സ്വപ്നലക്ഷ്യവും, അമേരിക്കയുടെ അടയാളവുമായ 'സ്റ്റാച്യു ഓഫ് ലിബർട്ടി' എന്ന സ്വാതന്ത്ര്യപ്രതിമയ്ക്ക് പിന്നിൽ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ആഴമേറിയ സൗഹൃദത്തിന്റെയും ചരിത്രത്തിന്റെയും വലിയൊരു കഥയുണ്ട്. അമേരിക്കയുടെ സ്വന്തം അടയാളമായി ഇന്ന് ലോകം കാണുന്ന ഈ കൂറ്റൻ പ്രതിമ യഥാർഥത്തിൽ ഫ്രാൻസ് അമേരിക്കയ്ക്ക് നൽകിയ സ്നേഹോപഹാരമായിരുന്നു!
1886-ലാണ് ഫ്രഞ്ച് ജനത അമേരിക്കയ്ക്ക് ഈ അമൂല്യ സമ്മാനം നൽകിയത്. അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചും, ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢമായ സൗഹൃദത്തിന്റെ പ്രതീകമായുമാണ് ഈ പ്രതിമ നിർമിച്ചത്.
ഒരു അത്താഴവിരുന്നിൽ പിറന്ന ആശയം
സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ പിറവിക്ക് പിന്നിൽ ചരിത്രപരമായ വലിയൊരു പശ്ചാത്തലമുണ്ട്. അമേരിക്കൻ സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടനെതിരെ പോരാടാൻ അമേരിക്കയ്ക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ രാജ്യമായിരുന്നു ഫ്രാൻസ്. 1865-ൽ ഫ്രഞ്ച് രാഷ്ട്രീയ ചിന്തകനും അടിമത്ത വിരുദ്ധ പോരാളിയുമായിരുന്ന എഡ്വാർഡ് ഡി ലാബൗലെയുടെ വീട്ടിൽ നടന്ന ഒരു അത്താഴവിരുന്നിലാണ് ഇത്തരമൊരു സ്മാരകത്തെക്കുറിച്ചുള്ള ആദ്യ ആശയം ഉടലെടുക്കുന്നത്.
അമേരിക്കൻ ആഭ്യന്തരയുദ്ധം അവസാനിച്ചതിന്റെയും അടിമത്തം നിർത്തലാക്കിയതിന്റെയും സന്തോഷത്തിൽ, സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി നിലകൊള്ളുന്ന ഇരുരാജ്യങ്ങളുടെയും സൗഹൃദം വിളിച്ചോതുന്ന ഒരു കൂറ്റൻ സ്മാരകം നിർമിക്കാൻ അവർ തീരുമാനിച്ചു. ഫ്രഞ്ച് ശില്പിയായ ഫ്രെഡറിക് അഗസ്റ്റെ ബാർത്തോൾഡിയെയാണ് പ്രതിമയുടെ രൂപകല്പന ഏൽപ്പിച്ചത്.
ചെമ്പിൽ തീർത്ത അത്ഭുതവും ഈഫൽ ടവറിന്റെ ശില്പിയും
പ്രശസ്തമായ ഈഫൽ ടവർ നിർമിച്ച ഗുസ്താവ് ഈഫൽ ആണ് ഈ പ്രതിമയുടെ ഉള്ളിലെ ഉരുക്ക് ചട്ടക്കൂട് രൂപകല്പന ചെയ്തത് എന്നത് മറ്റൊരു കൗതുകകരമായ വസ്തുതയാണ്. ശക്തമായ കാറ്റിനെയും കടൽക്ഷോഭത്തെയും അതിജീവിക്കാൻ പ്രതിമയെ പ്രാപ്തമാക്കിയത് ഈ ഉരുക്ക് ചട്ടക്കൂടാണ്.
300-ലധികം ചെമ്പ് പാളികൾ ചുറ്റികകൊണ്ട് അടിച്ചുരൂപപ്പെടുത്തിയാണ് പ്രതിമയുടെ പുറംഭാഗം നിർമിച്ചത്. തുടക്കത്തിൽ തിളങ്ങുന്ന ചെമ്പിന്റെ നിറത്തിലായിരുന്നു പ്രതിമ. എന്നാൽ വർഷങ്ങളോളം കടൽക്കാറ്റും മഴയും ഏറ്റതോടെ രാസപ്രവർത്തനം മൂലമാണ് ഇന്ന് കാണുന്ന ഇളം പച്ച നിറത്തിലേക്ക് പ്രതിമ മാറിയത്.
350 കഷ്ണങ്ങളായി കടൽ കടന്നെത്തിയ വിസ്മയം
പ്രതിമയുടെ നിർമാണത്തിനായി ഫ്രാൻസിലെ സാധാരണക്കാർ സംഭാവനയിലൂടെ പണം സ്വരൂപിച്ചപ്പോൾ, പ്രതിമ സ്ഥാപിക്കാനുള്ള കൂറ്റൻ പീഠം നിർമിക്കാനുള്ള പണം അമേരിക്കൻ ജനതയും കണ്ടെത്തി. പാരീസിൽ നിർമാണം പൂർത്തിയാക്കിയ പ്രതിമ, 1885 ൽ 350 കഷ്ണങ്ങളായി വേർപെടുത്തി 214 പെട്ടികളിലാക്കിയാണ് 'ഇസെർ' (Isère) എന്ന ഫ്രഞ്ച് കപ്പലിൽ ന്യൂയോർക്കിലേക്ക് എത്തിച്ചത്.
ന്യൂയോർക്ക് ഹാർബറിലെ ബെഡ്ലോസ് ദ്വീപിൽ (ഇന്നത്തെ ലിബർട്ടി ഐലൻഡ്) നാല് മാസമെടുത്താണ് ഈ കഷ്ണങ്ങൾ വീണ്ടും കൂട്ടിയോജിപ്പിച്ചത്. ഒടുവിൽ, 1886 ഒക്ടോബർ 28-ന് അമേരിക്കൻ പ്രസിഡന്റ് ഗ്രോവർ ക്ലീവ്ലാൻഡ് ഈ ചരിത്രസ്മാരകം രാജ്യത്തിന് സമർപ്പിച്ചു.
കേവലമൊരു ശില്പം എന്നതിലുപരി, ലോകചരിത്രത്തിൽ വലിയ സന്ദേശങ്ങളാണ് സ്റ്റാച്യു ഓഫ് ലിബർട്ടി നൽകുന്നത്,
റോമൻ സ്വാതന്ത്ര്യദേവതയായ 'ലിബർട്ടാസിനെ' ആസ്പദമാക്കിയാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. വലതുകയ്യിൽ ഉയർത്തിപ്പിടിച്ചിരിക്കുന്ന ദീപശിഖ ലോകത്തിന് മുന്നിലെ അറിവിന്റയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചത്തെയും, ഇടതുകയ്യിലുള്ള ഫലകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന '1776 ജൂലൈ 4' എന്ന തിയതി അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തെയും സൂചിപ്പിക്കുന്നു.
പ്രതിമയുടെ കാൽക്കീഴിൽ പൊട്ടിവീണ ചങ്ങലകൾ കൊത്തിവെച്ചിട്ടുണ്ട്. അടിമത്തത്തിന്റെയും അടിച്ചമർത്തലുകളുടെയും അവസാനത്തെയാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും മികച്ച ജീവിതം തേടി കടൽ കടന്ന് അമേരിക്കയിലേക്ക് എത്തിയ ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ ആദ്യം സ്വാഗതം ചെയ്തത് ഈ പ്രതിമയായിരുന്നു. അവർക്ക് അത് പുതിയൊരു ജീവിതത്തിന്റെയും പ്രതീക്ഷയുടെയും അടയാളമായിരുന്നു.
ഈ പ്രതിമയുടെ 140-ാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് വെറും 43.5 സെക്കൻഡിനുള്ളിൽ ന്യൂയോർക്കിൽ വെച്ച് ഒരു മിനിറ്റിനുള്ളിൽ പ്രതിമയുടെ ചിത്രം വരച്ച് കലാകാരൻ ഡേവിഡ് ഗരിബാൾഡി ഗിന്നസ് വേൾഡ് റിക്കാർഡ് സ്വന്തമാക്കി.
2026-ലെ ഗിന്നസ് വേൾഡ് റിക്കാർഡ്സ് ദിനത്തിന്റെ ഭാഗമായി നവംബർ 19-ന് ന്യൂയോർക്കിലെ ബ്രൂക്ലിനിലായിരുന്നു ഈ വേഗതയേറിയ റിക്കാർഡ് പ്രകടനം. ന്യൂയോർക്ക് നഗരത്തിന്റെ ആകാശക്കാഴ്ചയും ബ്രൂക്ലിൻ പാലവും പശ്ചാത്തലത്തിലാക്കിയാണ് കാലിഫോർണിയയിലെ സാക്രമെന്റോ സ്വദേശിയായ ഗരിബാൾഡി ചിത്രം പൂർത്തിയാക്കിയത്.
ഇന്നും, 305 അടി ഉയരത്തിൽ ന്യൂയോർക്ക് തുറമുഖത്ത് തലയുയർത്തി നിൽക്കുന്ന സ്റ്റാച്യു ഓഫ് ലിബർട്ടി, മനുഷ്യന്റെ സ്വാതന്ത്ര്യദാഹത്തിന്റെയും രാജ്യങ്ങൾ തമ്മിലുള്ള നിസ്വാർഥമായ സൗഹൃദത്തിന്റെയും അനശ്വര സ്മാരകമായി നിലകൊള്ളുന്നു.