വെല്ലിംഗ്ടണ്‍: ട്വന്റി-20, ഏകദിന പരമ്പര നേട്ടത്തിനു പിന്നാലെ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയും സ്വന്തമാക്കി ന്യൂസിലന്‍ഡ് പര്യടനം സമ്പൂര്‍ണ നേട്ടമാക്കാന്‍ ടീം ഇന്ത്യ ഒരുങ്ങുന്നു. ന്യൂസിലന്‍ഡിന് എതിരായ രണ്ടു മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വെല്ലിംഗ്ടണില്‍ നാളെ ഉച്ചകഴിഞ്ഞ് 3.30 മുതല്‍.
മാസാകാന്‍ പേസ്
ആദ്യ ടെസ്റ്റില്‍ നാലു പേസര്‍മാര്‍ ടീമിനൊപ്പം ഉണ്ടാകുമെന്ന് ഇന്ത്യന്‍ നായകന് ശുഭ്മാന്‍ ഗില്‍ ഇന്നലെ വ്യക്തമാക്കി. മാത്രമല്ല, വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്തിന്റെ ഫോമില്‍ ആശങ്കയില്ലെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു. ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നത് ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്കു കരുത്തേറും. സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കി പേസര്‍ ഗുര്‍നൂര്‍ ബ്രാറിനെയും ടെസ്റ്റ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ന്യൂസിലന്‍ഡും നാല് പേസര്‍മാരുമായി മത്സരത്തിനിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
സാന്റ്നര്‍ പുറത്ത്
ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്റ്നര്‍ പുറത്ത്. വലതു കൈക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് സാന്റ്നര്‍ക്ക് പരമ്പര നഷ്ടമാകുന്നത്. ഞായറാഴ്ച മൗണ്ട് മൗംഗനൂയിയില്‍ നടന്ന അവസാന ഏകദിനത്തില്‍ അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ ബൗണ്‍സര്‍ സാന്റ്നറുടെ കൈയില്‍ കൊണ്ടാണ് പരിക്കേറ്റത്. സാന്റ്നര്‍ക്ക് പകരക്കാരനായി സ്പിന്‍-ബൗളിംഗ് ഓള്‍റൗണ്ടര്‍ ഡീന്‍ ഫോക്സ്ക്രോഫ്റ്റിനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി.