വെല്ലിംഗ്ടണ്‍: കന്നി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) കിരീടം അല്ലെങ്കില്‍ മൂന്നാം ഫൈനലില്‍ ഇടം. ട്വന്റി-20, ഏകദിന പരമ്പര നേട്ടത്തിനു പിന്നാലെ മറ്റൊരു വലിയ ലക്ഷ്യത്തിന്റെ ചുവടുവയ്പ്പുമായി ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനു തുടക്കമിട്ടു. ഡബ്ല്യുടിസി പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യക്കു പരമ്പര നേട്ടം മുഖ്യമാണ്. വെല്ലിംഗ്ടണില്‍ ഇന്നു പുലര്‍ച്ചെ 3.30ന് മത്സരം ആരംഭിച്ചു.
നിലവില്‍ ഡബ്ല്യുടിസി പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡ് ഇന്ത്യക്കു കടുത്ത വെല്ലുവിളിയുയര്‍ത്തും. അടുത്ത വര്‍ഷം ലോര്‍ഡ്സില്‍ നടക്കുന്ന ഫൈനല്‍ വരെ ഈ സ്ഥാനം നിലനിര്‍ത്താന്‍ കിവികള്‍ക്ക് ജയം അനിവാര്യം. ഒപ്പം സ്വന്തം തട്ടകത്തിലെ രണ്ടു പരമ്പരകള്‍ നഷ്ടമാക്കിയ അവര്‍ക്ക് ടെസ്റ്റ് കൂടി വിട്ടുകളയുകയെന്നത് സാധ്യമല്ല. മത്സരവീര്യം കൂടാന്‍ മറ്റൊരു കാരണമാവശ്യമില്ല.
ധോണി - ഗില്‍
എം.എസ്. ധോണി വിരമിച്ചതിനു തൊട്ടടുത്ത ദിവസം. അതുകൊണ്ടുതന്നെ ഈ പരമ്പരയ്ക്ക് മറ്റൊരു പ്രത്യേകതകൂടി ഉണ്ട്. ധോണി ടെസ്റ്റില്‍നിന്ന് വിരമിച്ചതോടെ 2015 തുടക്കത്തില്‍ വിരാട് കോഹ്ലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തു. നേരിട്ട മിക്ക എതിരാളികളെയും ഇന്ത്യ മറികടന്നു. ഒരു ടീമിനെ ഒഴിച്ച്. ആ ടീമാണ് കിവീസ്.
കോഹ്ലിയുടെ കാലഘട്ടത്തില്‍ ന്യൂസിലന്ഡിലൊഴികെ (മഴ മൂലം സമനിലയിലായ ബംഗ്ലാദേശിലെ ഏക ടെസ്റ്റിലൊഴികെയും) കളിച്ച എല്ലാ സ്ഥലങ്ങളിലും ഇന്ത്യ ടെസ്റ്റ് മത്സരങ്ങള്‍ വിജയിച്ചിരുന്നു. എന്നാല്‍, രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ന്യൂസിലന്ഡിനെതിരേ സ്വന്തം നാട്ടില്‍ നടന്ന പരമ്പരയില്‍ ഇന്ത്യ 3-0ന് പരാജയപ്പെട്ടു.
കണക്കിലും കളത്തിലും നീലപ്പടയ്ക്കു ശക്തരായ എതിരാളികളായ കിവികള്ക്കുമേല് ആധിപത്യം നേടാന്‍ യുവ നായകന് ശുഭ്മാന്‍ ഗില്ലിന് സാധിക്കുമോ എന്നതും ആകാംക്ഷയാണ്.
2009 ആവര്‍ത്തിക്കുമോ?
ന്യൂസിലന്‍ഡില്‍ ഇന്ത്യ അവസാനമായി ഒരു ടെസ്റ്റ് പരമ്പരയോ (ഒരു ടെസ്റ്റ് മത്സരമോ) വിജയിച്ചത് ധോണിക്കു കീഴിലാണ്, 2009ല്‍. പിന്നീട് ടീമിനെ നയിച്ച കോഹ്ലിക്കും രോഹിത്തിനും കിവികളുടെ ചിറകരിയാന്‍ സാധിച്ചില്ല.
മികച്ച ഫോമിലാണ് ന്യൂസിലന്‍ഡ്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ പിന്നിലായ ശേഷം ശക്തമായി തിരിച്ചുവന്ന അവര്‍ 2-1ന് പരമ്പര സ്വന്തമാക്കി. എതിരാളികള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്താന്‍ ശേഷിയുള്ള മികച്ച പേസ് നിര. പ്രതിരോധിക്കാനും തിരിച്ചടിക്കാനും അറിയാവുന്ന ബാറ്റര്‍മാര്‍. അനുഭവസമ്പത്തും വെല്ലുവിളികളെ അതിജീവിക്കാന്‍ ശേഷിയുമുള്ളവര്‍ സ്വന്തം നാട്ടില്‍ കൂടുതല്‍ അപകടകാരികളാകും.
ഒരു കണക്കുകൂടി നോക്കിയാല്‍ ന്യൂസിലന്‍ഡ് പവര്‍ കൂടുതല്‍ വ്യക്തമാകും. ഇന്ത്യയുടെ ഏറ്റവും മികച്ച പേസറാണ് ജസ്പ്രീത് ബുംറ. ടെസ്റ്റ് ക്രിക്കറ്റില്‍ പന്തെറിഞ്ഞ മറ്റ് ആറ് ടീമുകള്‍ക്കെതിരേ ബുംറയുടെ ശരാശരി 18.76 ആണ്. എന്നാല്‍, ന്യൂസിലാന്‍ഡിനെതിരേ അഞ്ച് ടെസ്റ്റുകളില്‍ അദ്ദേഹത്തിന്റെ ശരാശരി 45.44ഉം. ഇന്ത്യന്‍ വജ്രായുധത്തിന് മേലുള്ള കിവി കരുത്ത് ഞെട്ടിക്കുന്നതാണ്.