Sports
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2014 സീസണ് ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും സ്വന്തമാക്കാതിരുന്ന കളിക്കാരനായിരുന്നു പേസ് ഓള് റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ.
എന്നാല്‍, 2015 സീസണിനു മുമ്പായി മുംബൈ ഇന്ത്യന്‍സിന്റെ സ്കൗട്ടായ ജോണ്‍ റൈറ്റ് ഹാര്‍ദിക്കിന്റെ മത്സരം കാണാന്‍ ഇടയായി. മുംബൈയിലെ പ്രാദേശിക ടൂര്‍ണമെന്റില്‍ ഹാര്‍ദിക് 57 പന്തില്‍ 82 റണ്‍സ് നേടിയ പ്രകടനം ജോണ്‍ റൈറ്റിന്റെ കണ്ണിലുടക്കി.മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സിലേക്ക് ചേട്ടന് ക്രുണാലിനൊപ്പം ഹാര്ദിക്കുമെത്തി. 10 ലക്ഷം രൂപയുടെ കരാറില്‍ ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സിന്റെ ഭാഗവുമായി.
ക്യാപ്റ്റന്‍ ഹാര്‍ദിക്
2022ലെ മെഗാ ലേലത്തിനു മുമ്പ് മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക്കിനെ റിലീസ് ചെയ്തു. അതോടെ ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സ് 15 കോടി രൂപയ്ക്കു ഹാര്‍ദിക്കിനെ സ്വന്തമാക്കി. ഗുജറാത്തിന്റെ ക്യാപ്റ്റനുമാക്കി. 487 റണ്‍സും എട്ടു വിക്കറ്റും വീഴ്ത്തി ഹാര്‍ദിക്, ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലെത്തിച്ചു. 2023ല്‍ വീണ്ടും ഐപിഎല്‍ ഫൈനല്‍. ഗുജറാത്തിന്റെ ക്യാപ്റ്റനായി 31 മത്സരങ്ങൾ. 22 ജയം.
മങ്ങിയ മടങ്ങിവരവ്
2024 ഐപിഎല്‍ സീസണിനു മുമ്പായി ഹാര്‍ദിക്കിനെ മുംബൈ ഇന്ത്യന്‍സ് തിരികെ കൊണ്ടുവന്നു. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക്കിനെ ക്യാപ്റ്റനുമാക്കി. 15 കോടി രൂപയായിരുന്നു ഫീസ്.
ക്യാപ്റ്റനായി എത്തിയെങ്കിലും മുംബൈ ഇന്ത്യന്‍സിനെ ഒരു തവണപോലും പ്ലേ ഓഫില്‍ എത്തിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യക്കു സാധിച്ചില്ല. മൂന്നു സീസണിലായി 39 മത്സരങ്ങളില്‍ ഹാര്‍ദിക് മുംബൈ ക്യാപ്റ്റനായി. 15 ജയം മാത്രമാണു നേടാനായത്.
Sports
മുംബൈ: അഞ്ച് തവണ ഐപിഎൽ കിരീടം നേടിക്കൊടുത്ത മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമയെ മാറ്റിയാണ് മുംബൈ ഇന്ത്യൻസ് ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത്. ആരാധകരെ ചൊടിപ്പിച്ച ഈ തീരുമാനത്തിന് പ്രകടനം കൊണ്ട് താരം മറുപടി പറയുമെന്നായിരുന്നു മാനേജ്മെന്റിന്റെ പ്രതികരണം. എന്നാൽ, മൂന്ന് സീസണുകളിൽ ടീമിനെ നയിച്ച താരത്തിന് ടീമിനെ കലാശപൊരിനെത്തിക്കാൻ കൂടി സാധിച്ചില്ല.
കഴിഞ്ഞ വർഷത്തെ സീസണിൽ മൂന്നാമതെത്തിച്ചത് ആണ് മികച്ച പ്രകടനം. 2024ലും ഈ വർഷവും പത്താം സ്ഥാനത്തും ഒമ്പതാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഹാർദിക്കിനെതിരെ ആരാധകർ തിരിഞ്ഞതോടെ ക്യാപ്റ്റൻ സ്ഥാനം തെറിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. അടുത്ത വർഷത്തെ സീസണിൽ ഹാർദിക്ക് നായകനായി തുടരുമോയെന്ന കാര്യത്തിൽ സസ്പെൻസ് തുടരുന്നതിനിടെയാണ് ഹാർദിക് ടീം വിട്ട് പഞ്ചാബിലേയ്ക്ക് ചേക്കേറുന്നു എന്ന വാർത്തകൾ പുറത്തുവന്നത്. ഇന്നതിൽ സ്ഥിരീകരണവും വന്നു. ഹാർദിക്ക് പഞ്ചാബിലേയ്ക്കും അർഷ്ദീപ് സിംഗ് മുംബൈയിലും എത്തി.
2015 മുതൽ മുംബൈയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ ഹാർദിക്ക് 2021 വരെ ടീമിൽ തുടർന്നു. 2022ൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായി ചുതമതലയേറ്റു. അക്ഷരാർത്ഥത്തിൽ വലിയ കൂടുമാറ്റം. പുതുതായി ഐപിഎല്ലിനെത്തിയ ഗുജറാത്ത് ടൈറ്റൻസിനെ ആദ്യ സീസണിൽ ചാമ്പ്യൻമാരാക്കാനും ഹാർദിക്കിനായി. അടുത്ത സീസണിൽ റണ്ണറപ്പാകാനും ടൈറ്റൻസിനായി. ഇതോടെ ക്യാപ്റ്റനെന്ന നിലയിൽ പേരെടുക്കാനും ഹാർദിക്കിനായി. ഈ മികവ് കണ്ടാണ് തൊട്ടടുത്ത സീസണിൽ മുംബൈ ഹാർദിക്കിനെ തിരികെ ടീമിലെത്തിക്കുന്നത്. അതും ക്യാപ്റ്റനായി.
എന്നാൽ, പിന്നീടങ്ങോട്ട് കാര്യങ്ങൾ അത്ര ശുഭകരമായിരുന്നില്ല. മുംബൈ ക്യാപ്റ്റനായ ആദ്യ സീസണിൽ പത്താം സ്ഥാനത്താണ് ടീം ഫിനീഷ് ചെയ്തത്. ഇത് തന്നെ വൻ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. പക്ഷെ, രണ്ടാം സീസണിൽ ടീമിനെ പ്ലെഓഫിലെത്തിച്ച് ഹാർദിക്ക് മികവ് കാട്ടി. ഈ വർഷത്തെ സീസണിൽ കാര്യങ്ങൾ വീണ്ടും കൈവിട്ടു. ഒന്‍പതാം സ്ഥാനത്ത് മാത്രമാണ് ടീമിന് എത്താൻ സാധിച്ചത്. ഇതോടെ മുംബൈ ആരാധകർ ഹാർദിക്കിനെതിരെ പ്രതിഷേധത്തിലായി.
ഇതോക്കെ കഴിഞ്ഞ കാര്യങ്ങൾ, ഇനി പഞ്ചാബിലാണ് ഹാർദിക്. ശ്രേയസാണ് നായകൻ. നിലവിൽ മികച്ച രീതിയിൽ ടീമിനെ മുന്നോട്ട് പോകുന്നുണ്ട് ശ്രേയസ്. എന്നാൽ 2025 ൽ ഫൈനൽ വരെ എത്തിച്ചെങ്കിലും കഴിഞ്ഞ സീസണിൽ തുടക്കത്തിലെ മികച്ച പ്രകടനങ്ങൾക്ക് ശേഷം ടീം തകർന്നടിഞ്ഞത് ശ്രേയസിന് തിരിച്ചടിയായിരുന്നു. പഞ്ചാബിനാണെങ്കിൽ ഇതുവരെ കിരീടവും ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഹാർദികിനെ മാനേജ്മെന്റ് കൊണ്ടുവരുന്നത്, കിരീടം ലക്ഷ്യമിട്ടാണ് എന്ന കാര്യം ഉറപ്പാണ്.
മുംബൈയിൽ തിരിച്ചെത്തി രോഹിതിന്റെ ക്യാപ്റ്റൻസി തട്ടിയെടുത്ത ഹാർദിക് ശ്രേയസിന്റെ നായകസ്ഥാനം കൈയടക്കുമോ എന്ന ആശങ്കയിലാണ് പഞ്ചാബ് ആരാധകർ. രോഹിതിനെ സൈഡാക്കിയ ഹാർദിക്കിന് അത് എളുപമാണ് എന്നാണ് ക്രിക്കറ്റ് പ്രേമികൾ പറയുന്നത്. ശ്രേയസ് എന്തായാലും കരുതിയിരിക്കണം എന്നും അവർ നിർദേശിക്കുന്നുണ്ട്.
Sports
മുംബൈ: ഐപിഎല്‍ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) ട്വന്റി-20 ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായ പേസ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പഞ്ചാബ് കിംഗ്സിലേക്കു ചേക്കേറി.
2027 സീസണിനു മുന്‍പായി ട്രേഡിംഗിലൂടെയാണ് ഹാർദിക്കിനെ മുംബൈ ഇന്ത്യൻസ് കൈമാറിയത്. മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായ ഹാർദിക്, പഞ്ചാബ് കിംഗ്സിൽ ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റൻസിയിൽ കളിക്കാൻ സന്നദ്ധത അറിയിച്ചതോടെയാണ് കൈമാറ്റം സാധ്യമായതെന്നും പിടിഐ റിപ്പോർട്ട് ചെയ്തു.
ഹാർദിക്കിനു പകരമായി പഞ്ചാബ് കിംഗ്സിന്റെ പേസർ അർഷദീപ് സിംഗിനെ മുംബൈ ഇന്ത്യൻസിനു ലഭിക്കും. മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ ഹാര്‍ദിക്കിന്റെ മോശം പ്രകടനമാണ് അദ്ദേഹത്തെ പുറത്തേക്കുള്ള വഴിയിലാക്കിയത്. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റനും ടീം അംഗവുമായ രോഹിത് ശര്‍മ പുതിയ ക്യാപ്റ്റനായി യുവതാരം തിലക് വര്‍മയെ നിര്‍ദേശിച്ചിരുന്നു.
പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യറിന്റെയും കോച്ച് റിക്കി പോണ്ടിംഗിന്റെയും തീരുമാനപ്രകാരമാണ് അർഷദീപ് സിംഗിനെ നൽകി ഹാർദിക്കിനെ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. ഹാര്‍ദിക് പാണ്ഡ്യ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്കു ചേക്കേറിയേക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്.
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന് റോയല്‍സ് ടീമുകളുടെ പേരുകളും പിന്നീട് ഉയര്‍ന്നുവന്നു. 2027 ഐപിഎല്‍ ലേലത്തിനു മുമ്പായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക 17നു പുറത്തുവിടണം. ഈ പശ്ചാത്തലത്തിലാണ് ഹാര്‍ദിക് പാണ്ഡ്യയെ ട്രേഡിംഗിലൂടെ മുംബൈ ഇന്ത്യന്‍സ് കൈവിട്ടത്. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Sports
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് രോഹിത് ശർമയെ വീണ്ടും നിയമിച്ചേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ നായകൻ ഹാർദിക് പാണ്ഡ്യയെ മാറ്റി രോഹിത്തിന് ക്യാപ്റ്റൻസി നൽകാനുള്ള നീക്കങ്ങൾ സജീവമാണ്. ഡിസംബറിലെ മിനി ലേലത്തിന് മുന്നോടിയായി ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഹാർദിക് പാണ്ഡ്യയെ മറ്റൊരു ഫ്രാഞ്ചൈസിക്ക് ട്രേഡ് ചെയ്യാനുള്ള ചർച്ചകളും നടക്കുന്നുണ്ടെന്നാണ് സൂചന. കഴിഞ്ഞ ഐപിഎൽ സീസണിന് പിന്നാലെ ഹാർദിക് മുംബൈ ഇന്ത്യൻസ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. വിവിധ ഫ്രാഞ്ചൈസികളുമായി ചർച്ചകൾ നടന്നെങ്കിലും തീരുമാനത്തിലെത്തിയിരുന്നില്ല. ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് രോഹിത്തിനെ വീണ്ടും നായകസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കം.
അതേസമയം 2027 ഐപിഎൽ സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് പരിശീലക സംഘത്തിലും വലിയ അഴിച്ചുപണി നടത്തിയിട്ടുണ്ട്. മുഖ്യ പരിശീലകൻ മഹേല ജയവർധനെയെ മാറ്റി കെയ്റൺ പൊള്ളാർഡിനെ പുതിയ പരിശീലകനായി നിയമിച്ചു. ലസിത് മലിംഗയ്ക്ക് പകരം മുൻ ന്യൂസിലൻഡ് താരവും മുംബൈ ഇന്ത്യൻസിന്റെ മുൻ ബൗളറുമായ മിച്ചൽ മക്ലനഗൻ ബൗളിംഗ് പരിശീലകനാകും.
മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയെ ബാറ്റിംഗ് പരിശീലകനായും ഇന്ത്യൻ ടീമിന്റെ മുൻ ഫീൽഡിംഗ് പരിശീലകൻ ടി. ദിലീപിനെ ഫീൽഡിംഗ് പരിശീലകനായും നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ ഐപിഎൽ സീസണിന്റെ പകുതിയിൽ ടീം പ്രതിസന്ധിയിലായിരുന്നപ്പോൾ തന്നെ ഹാർദിക്കിനെ മാറ്റി രോഹിത്തിനെ ക്യാപ്റ്റനാക്കാൻ മുംബൈ മാനേജ്മെന്റ് ആലോചിച്ചിരുന്നു.
Sports
ചെന്നൈ: ഐപിഎൽ സീസണിന് മുന്നോടിയായി പരിശീലക സംഘത്തിൽ വൻ അഴിച്ചുപണിയുമായി ചെന്നൈ സൂപ്പർ കിംഗ്സ്. സഹീർ ഖാനെ പുതിയ പരിശീലകനായി നിയമിച്ചതിന് പിന്നാലെ ബാറ്റിംഗ് കോച്ച് മൈക്ക് ഹസിയും ടീം വിട്ടു. ഹസിയെ കൂടാതെ പരിശീലക സംഘത്തിലെ മറ്റ് നാല് അംഗങ്ങളും പടിയിറങ്ങി.
മുഖ്യപരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് ഏതാനം മാസങ്ങൾക്കു മുമ്പ് ടീം വിട്ടിരുന്നു. ബാറ്റിംഗ് പരിശീലകനായിരുന്ന മൈക്ക് ഹസിയുടെ വിടവാങ്ങൽ തിങ്കളാഴ്ചയാണ് സിഎസ്കെ പ്രഖ്യാപിച്ചത്. 2008ൽ ഐപിഎല്ലിന്റെ ആദ്യ സീസൺ മുതൽ ചെന്നൈ ടീമിന്റെ ഭാഗമായിരുന്ന ഹസി, ആറ് സീസണുകളിൽ താരമായും പിന്നീട് 2018 മുതൽ ബാറ്റിംഗ് പരിശീലകനായും പ്രവർത്തിച്ചു.
ഹസിക്ക് നന്ദി അറിയിച്ചുകൊണ്ട് സിഎസ്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ, ടീമിനായി നേടിയ റൺസുകൾക്കൊപ്പം യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചതായി വ്യക്തമാക്കി. സമർപ്പണവും വിനയവും ടീമിനോടുള്ള പ്രതിബദ്ധതയും ഹസിയെ ചെന്നൈ കുടുംബത്തിലെ അവിഭാജ്യ ഘടകമാക്കിയെന്നും ക്ലബ് കുറിച്ചു.
ബാറ്റിംഗ് പരിശീലകൻ ഹസിക്ക് പുറമെ ബൗളിംഗ് പരിശീലകൻ എറിക് സൈമൺസ്, സ്ട്രെംഗ്ത് ആൻഡ് കണ്ടീഷനിംഗ് പരിശീലകൻ ഗ്രെഗ് കിംഗ്, ഫിസിയോതെറാപ്പിസ്റ്റ് ടോമി സിംസെക്, അസിസ്റ്റന്റ് ബാറ്റിംഗ് പരിശീലകൻ രാജീവ് കുമാർ എന്നിവരും ടീം വിട്ടു. 2025ലും 2026ലും പ്ലേഓഫിൽ ഇടം നേടാനാകാതിരുന്നതാണ് ചെന്നൈ ക്യാമ്പിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയത്.
Sports
ബംഗളൂരു: ഐപിഎല്ലിൽ തുടരുമോ എന്ന കാര്യത്തിൽ വ്യക്തതവരുത്താതെ ചെന്നൈ സൂപ്പർ കിംഗ്സ് താരം എം.എസ്.ധോണി. അടുത്ത സീസണിൽ കളിക്കുമോയെന്നതിൽ ഡിസംബറിന് മുൻപ് അന്തിമ തീരുമാനമെടുക്കുമെന്ന് ധോണി വ്യക്തമാക്കി. ബംഗളൂരുവിൽ നടന്ന സ്വകാര്യ പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.
പരിക്കിനെ തുടർന്ന് 2026ലെ ഐപിഎൽ സീസൺ പൂർണമായും നഷ്ടമായതോടെയാണ് ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. ആദ്യം ചില പരിശോധനകൾക്ക് വിധേയനാകണമെന്നും ഡോക്ടർമാർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത സീസണിൽ കളിക്കാൻ കഴിയുമോയെന്ന് തീരുമാനിക്കുമെന്നും താരം വ്യക്തമാക്കി.
തന്റെ കായികക്ഷമതയെക്കുറിച്ചും ധോണി രസകരമായ പരാമർശം നടത്തി. താൻ പൂർണ കായികക്ഷമത വീണ്ടെടുത്തില്ലെങ്കിൽ ഈ വിന്റേജ് വാഹനം റോഡിലിറക്കാൻ പ്രാപ്തമാണെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ഡോക്ടർമാർക്കാണെന്നായിരുന്നു താരത്തിന്റെ തമാശരൂപത്തിലുള്ള പ്രതികരണം. ഇതോടെ എല്ലാ സമ്മർദവും ഇപ്പോൾ ഡോക്ടർമാർക്കാണെന്നും ചിരിച്ചുകൊണ്ട് ധോണി കൂട്ടിച്ചേർത്തു.
Sports
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ പുതിയ പരിശീലകനായി വെസ്റ്റ് ഇൻഡീസ് മുൻ ഓൾറൗണ്ടർ കീറോൺ പൊള്ളാർഡിനെ നിയമിച്ചു. മഹേള ജയവർധനെക്ക് പകരമായിട്ടാണ് പൊള്ളാർഡിനെ പരിശീലകനായി നിയമിച്ചത്. പതിമൂന്ന് സീസണിൽ മുംബൈക്കുവേണ്ടി കളിച്ച പൊള്ളാർഡ് നാലു വർഷം മുൻപാണ് ടീമിനോട് വിടപറഞ്ഞത്. 2013, 2015, 2017, 2019, 2020 വർഷങ്ങളിൽ ടീമിന് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.
2011, 2013 വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗ് നേടുമ്പോഴും പൊള്ളാർഡ് മുംബൈക്കൊപ്പമുണ്ടായിരുന്നു. ഐപിഎല്ലിൽ 189 മത്സരങ്ങളിൽ നിന്ന് 3412 റൺസ് നേടിയ പൊള്ളാർഡ് 69 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. കളിക്കളത്തിൽനിന്ന് വിരമിച്ചശേഷം 2023 സീസൺ മുതൽ മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് കോച്ചായി പ്രവർത്തിച്ചുവരികയായിരുന്നു. മുഖ്യ പരിശീലകനായുള്ള നിയമനത്തിൽ സന്തോഷം പ്രകടിപ്പിച്ച പൊള്ളാർഡ്, മുംബൈ ഇന്ത്യൻസ് തന്റെ ജീവിതത്തിന്റെയും കരിയറിന്റെയും വലിയ ഭാഗമാണെന്ന് വ്യക്തമാക്കി.
ടീമുമായും ആരാധകരുമായും തനിക്കുള്ള ബന്ധം ഏറെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കളിക്കാരനായും പിന്നീട് പരിശീലകനായും ടീമിനൊപ്പം പ്രവർത്തിച്ചതിലൂടെ മുംബൈ ഇന്ത്യൻസിന്റെ പാരമ്പര്യവും നീലയും സ്വർണവും നിറഞ്ഞ ജഴ്സി ധരിക്കുന്നതിന്റെ ഉത്തരവാദിത്വവും തനിക്ക് നന്നായി അറിയാമെന്നും പൊള്ളാർഡ് കൂട്ടിച്ചേർത്തു.