അൽ അമറാത്ത്: അണ്ടർ19 ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കെതിരെ യുഎഇക്ക് 310 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 309 റൺസെടുത്തു. ഇതിഹാസ താരം വിരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗിന്റെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്.
168 പന്തിൽ 17 ഫോറുകളും ഏഴ് സിക്സറുകളും ഉൾപ്പെടെ 160 റൺസാണ് ആര്യവീർ അടിച്ചുകൂട്ടിയത്. വി.കെ.വിനീതും മികച്ച ബാറ്റിംഗ് പ്രകടനവുമായി ആര്യവീറിന് പിന്തുണ നൽകി. 69 പന്തിൽ 67 റൺസെടുത്ത വിനീതും ആര്യവീറും ചേർന്ന് രണ്ടാം വിക്കറ്റിൽ 193 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി. അതേസമയം രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡിന് ബാറ്റിങ്ങിൽ തിളങ്ങാനായില്ല.
12 റൺസെടുത്താണ് താരം പുറത്തായത്. യുഎഇക്കായി നസീം ഖാൻ നാല് വിക്കറ്റുകൾ വീഴ്ത്തി. കഴിഞ്ഞ മത്സരത്തിൽ പാക്കിസ്ഥാനോട് പരാജയപ്പെട്ട ഇന്ത്യക്ക് സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്.