ക്രൈസ്റ്റ് ചര്‍ച്ച്: വെല്ലിംഗ്ടണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന് എതിരേ ലഭിച്ച ആധിപത്യം വിജയമാക്കാന്‍ സാധിക്കാത്തതില്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെതിരേ രൂക്ഷവിമര്‍ശനം. പന്തില്‍ ഉമിനീര് ഉപയോഗിക്കുന്നതിലുള്ള വിലക്കിനെ അടക്കം വിമര്‍ശിക്കാനാണ് മത്സരശേഷം ഗില്‍ മുതിര്‍ന്നതെന്നതും ശ്രദ്ധേയം. ഗില്‍ മത്സരം കൈവിട്ടുകളയുകയായിരുന്നു എന്നാണ് മുന്‍താരം ആര്. അശ്വിന്റെ വിമര്‍ശനം.
ന്യൂസിലന്‍ഡിന് എതിരായ ഒന്നാം ടെസ്റ്റിന്റെ അവസാനദിനം അവസാനിക്കാന്‍ 20 ഓവര്‍ ബാക്കിയുള്ളപ്പോള്‍ ശുഭ്മാന്‍ ഗില്‍ മൈതാനം വിട്ടു. പിന്നീട് കെ.എല്‍. രാഹുലാണ് നായക ചുമതല വഹിച്ചത്. 15 ഓവര്‍ ബാക്കിനില്‍ക്കേ ശുഭ്മാന്‍ ഗില്‍ സമനില സമ്മതിച്ച് കിവീസ് താരങ്ങള്‍ക്കു കൈ കൊടുത്തു പിരിയുകയും ചെയ്തു.
ഈ നീക്കം ശക്തമായ വിമര്‍ശനത്തിനു കാരണമായി. ഇന്ത്യക്കെതിരായ സിഡ്നി ടെസ്റ്റില്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക് പന്ത് എറിയാനെത്തിയതും ഒരു ഓവറില്‍ മൂന്നു വിക്കറ്റ് വീഴ്ത്തി മത്സരഗതി മാറ്റിയതുമെല്ലാം വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചു. മത്സരത്തിനിടെ, ഡിആര്‍എസ് എടുക്കുന്നതില്‍ ഗില്ലിനുണ്ടായ പിഴവും അവസാനദിനം ആക്രമണ ഫീല്‍ഡ് അണിനിരത്താതിരുന്നതും വിമര്‍ശിക്കപ്പെട്ടു. പിച്ചില്‍നിന്നു പിന്തുണ ലഭിക്കാത്തതും പേസര്‍മാര്‍ എറിഞ്ഞു ക്ഷീണിച്ചതിനാലുമാണ് 15 ഓവര്‍ മുമ്പുതന്നെ സമനിലയില്‍ പിരിയാന്‍ തീരുമാനിച്ചതെന്നായിരുന്നു മത്സരശേഷം ഗില്‍ പറഞ്ഞത്.
ഇന്ത്യന്‍ സാധ്യത
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യന്‍ സാധ്യത ന്യൂസിലന്‍ഡിന് എതിരായ സമനിലയോടെ ഏകദേശം തുലാസിലായി. ന്യൂസിലന്‍ഡിന് എതിരേ ഒന്നും ഓസ്ട്രേലിയയ്ക്കെതിരേ അഞ്ചും ഉള്‍പ്പടെ ആറു മത്സരങ്ങളാണ് ഇന്ത്യക്ക് ഇനി ബാക്കിയുള്ളത്. ആറും ജയിച്ചാല്‍ 66.67 പോയിന്റ് ശതമാനത്തില്‍ എത്താം. എങ്കിലും ആദ്യ രണ്ടു സ്ഥാനത്തെത്താനുള്ള സാധ്യത മറ്റു ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിച്ചിരിക്കും.
ഇന്ത്യക്കെതിരായ സമനിലയോടെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുനിന്ന് ന്യൂസിലന്‍ഡ് (66.67%) മൂന്നിലേക്കു പതിച്ചു. ദക്ഷിണാഫ്രിക്ക (75%), ഓസ്ട്രേലിയ (69.23%) ടീമുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
സിറാജിനെ തഴഞ്ഞു
പേസര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയാണ് ഇന്ത്യ വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ കളിച്ചത്. ജസ്പ്രീത് ബുംറയ്ക്കൊപ്പം മുഹമ്മദ് സിറാജിന്റെ കട്ടര്‍ ബൗളിംഗ് ഉണ്ടായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു എന്നു ചൂണ്ടികാണിക്കുന്നവര്‍ ഏറെ.
ഫോമില്‍ അല്ലാത്തതിനാലാണ് സിറാജിനെ പുറത്ത് ഇരുത്തിയതെന്നായിരുന്നു ശുഭ്മാന്‍ ഗില്ലിന്റെ വിശദീകരണം. എന്നാല്‍, പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കി സിറാജിനെ ഉള്‍പ്പെടുത്തണമായിരുന്നു എന്നാണ് വിമര്‍ശകരുടെ വാദം. വിദേശത്ത് പ്രസിദ്ധ് കൃഷ്ണയേക്കാള്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ മികവ് പുലര്‍ത്തിയത് സിറാജാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിലവില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് (43) പേരിലുള്ള താരമാണ് സിറാജ് എന്നതും ടീം മാനേജ്മെന്റ് സൗകര്യപൂര്‍വം വിസ്മരിച്ചെന്നും വിമര്‍ശിക്കപ്പെട്ടു.