ദോഹ: വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയുടെ തൂക്കിയടി തുടരുന്നതിനായി ക്രിക്കറ്റ് ആരാധകര്‍ ഇന്നു ദോഹയിലെ വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലേക്ക് ഉറ്റുനോക്കും.
കാരണം, ഇന്ത്യ എയും ശ്രീലങ്ക എയും തമ്മിലുള്ള ഏഷ്യ കപ്പ് റൈസിംഗ് സ്റ്റാഴ്സ് ഏകദിന ക്രിക്കറ്റ് സെമി ഫൈനല്‍ നടക്കുന്നത് ഈ സ്റ്റേഡിയത്തിലാണ്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ യുഎഇയെ നിലംപരിശാക്കി പതിനഞ്ചുകാരനായ വൈഭവ് റിക്കാര്‍ഡുകള്‍ പലതു സ്വന്തം പേരിലാക്കിയിരുന്നു.
യുഎഇക്കെതിരേ നേരിട്ട 16-ാം പന്തില്‍ അര്‍ധസെഞ്ചുറിയും 28-ാം പന്തില്‍ സെഞ്ചുറിയും 40-ാം പന്തില്‍ 150ഉം 52-ാം പന്തില്‍ ഇരട്ടസെഞ്ചുറിയും കടന്ന വൈഭവിന്റെ ബാറ്റില്‍നിന്നു പന്ത് നിലംതൊടാതെ ഗാലറിയിലെത്തിയത് 28 തവണ. പ്രഫഷണല്‍ ഏകദിന ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ്. 384.90 ആയിരുന്നു വൈഭവ് സൂര്യവംശിയുടെ സ്ട്രൈക്ക് റേറ്റ്.
53 പന്തില്‍ 204 റണ്‍സ് വാരിക്കൂട്ടിയ ഇന്നിംഗ്സിനിടെ വൈഭവ് സൂര്യവംശി ഓടിയെടുത്തത് വെറും എട്ടു റണ്‍സ് മാത്രമായിരുന്നു എന്നതും അദ്ഭുതം. നേരിട്ട 53 പന്തില്‍ 35 എണ്ണവും അതിര്‍ത്തി കടത്തി. പുറത്തായ 53-ാം പന്ത് മാറ്റിനിര്‍ത്തിയാല്‍, 67.31 ആണ് വൈഭവിന്റെ ഇന്നിംഗ്സിലെ ബൗണ്ടറി ശതമാനം. അടിച്ച ഫോറിനേക്കാള്‍ നാലു മടങ്ങ് അധികം സിക്സ് പറത്തിയ വൈഭവ്, യുഎഇക്ക് എതിരേ നിര്‍ത്തിയിടത്തുനിന്നു തുടരുന്നതിനായാണ് ഇന്ത്യന്‍ ആരാധകരുടെ കാത്തിരിപ്പ്.
അപരാജിത ലങ്ക എ
സെമി ഫൈനല്‍ ഇന്ത്യ എയ്ക്ക് അത്ര എളുപ്പമായേക്കില്ലെന്നാണ് ശ്രീലങ്ക എയുടെ ഇതുവരെയുള്ള പ്രകടനത്തില്‍നിന്നു മനസിലാക്കേണ്ടത്. കാരണം, ഗ്രൂപ്പ് എയില്‍ തോല്‍വി അറിയാതെയാണ് ശ്രീലങ്ക എ സെമി ബെര്‍ത്ത് ഉറപ്പിച്ചത്. ബംഗ്ലാദേശ് എ (ഏഴു വിക്കറ്റ്), ഹോങ്കോംഗ് (24 റണ്‍സ്), അഫ്ഗാനിസ്ഥാന് എ (ആറു വിക്കറ്റ്) ടീമുകളെ ലങ്കന്‍ സംഘം കീഴടക്കി.
മൂന്നു മത്സരങ്ങളില്‍നിന്നു രണ്ട് അര്‍ധസെഞ്ചുറിയടക്കം 145 റണ്‍സ് നേടിയ നിഷാന്‍ മധുഷ്കയാണ് ശ്രീലങ്ക എയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ പവന് രത്നനായകെ ഒരു അര്‍ധസെഞ്ചുറിയടക്കം 125 റണ്‍സ് നേടിയിട്ടുണ്ട്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ എ, പാക്കിസ്ഥാന് എയ്ക്കു മുന്നില്‍ 48 റണ്‍സിന്റെ തോല്‍വി വഴങ്ങിയിരുന്നു. ഇന്ത്യ എയുടെ കരുത്ത് ചോദ്യം ചെയ്യപ്പെട്ട ഏക മത്സരമായിരുന്നു അത്.
തിലക് വര്‍മയാണ് ഇന്ത്യ എയുടെ ക്യാപ്റ്റന്‍. വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ എന്നിവരടങ്ങുന്ന സ്ഫോടനാത്മക ഓപ്പണിംഗാണ് ഇന്ത്യ എയുടെ കരുത്ത്.
ഇരട്ടസെഞ്ചുറിയടക്കം 241 റണ്‍സ് നേടിയ സൂര്യവംശിയാണ് ടൂര്‍ണമെന്റില്‍ നിലവിലെ ടോപ് സ്കോറര്‍. 207 റണ്‍സുമായി തിലക് വര്‍മ രണ്ടാം സ്ഥാനത്തുണ്ട്.