ദോഹ: റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ ഇന്ത്യ എയെ തകർത്ത് ശ്രീലങ്ക എ ഫൈനലിൽ. സെമിഫൈനലിൽ ഇന്ത്യയെ എട്ടുവിക്കറ്റിന് തകർത്താണ് ലങ്ക കലാശപ്പോരിന് ടിക്കറ്റെടുത്തത്. സ്കോർ: ഇന്ത്യ 317/8 ശ്രീലങ്ക 318/2 (41.3). ഇന്ത്യ ഉയർത്തിയ 318 റൺസ് വിജയലക്ഷ്യം 8.3 ഓവർ ബാക്കിനിൽക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലങ്ക മറികടന്നു.
ലസിത് ക്രൂസ്ഫുള്ളയുടെയും സിനേത് ജയവർധനയുടെയും തകർപ്പൻ സെഞ്ചുറികളാണ് ശ്രീലങ്കയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ ലസിത് ക്രൂസ്ഫുള്ളയും സിനേത് ജയവർധനയും ചേർന്ന് 129 പന്തിൽ 174 റൺസ് അടിച്ചുകൂട്ടി. 107 പന്തിൽ മൂന്ന് സിക്സും 12 ഫോറുമടക്കം 116 റൺസെടുത്ത ലസിത്താണ് ലങ്കയുടെ ടോപ് സ്കോറർ.
മറുവശത്ത് 70 പന്തിൽ ആറ് സിക്സും 10 ഫോറുമടക്കം 105 റൺസുമായി ജയവർധനയും തകർത്താടി. 22-ാം ഓവറിൽ ജയവർധന പുറത്തായെങ്കിലും ലസിത് ആക്രമണം തുടർന്നു. രണ്ടാം വിക്കറ്റിൽ നിഷാൻ മധുഷ്കയെ കൂട്ടുപിടിച്ച് 83 പന്തിൽ 91 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. അപ്പോഴേക്കും മത്സരം ഇന്ത്യയുടെ കൈവിട്ടിരുന്നു. നിഷാൻ 56 പന്തിൽ 58 റൺസുമായി പുറത്താകാതെ നിന്നു.
പവൻ രത്നായകെ 16 പന്തിൽ 31 റൺസുമായി പുറത്താകാതെ നിന്ന് ലങ്കയുടെ വിജയം വേഗത്തിലാക്കി. നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 317 റൺസെടുത്തത്. അഭിഷേക് ശർമ (78), ക്യാപ്റ്റൻ തിലക് വർമ (66), ഷഹബാസ് അഹമ്മദ് (54) എന്നിവരുടെ അർധസെഞ്ചുറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഓവറിൽ ശരാശരി 10 റൺസ് വീതം കണ്ടെത്തിയ സഖ്യം 48 പന്തിൽ 80 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. 27 പന്തിൽ മൂന്ന് സിക്സും നാല് ഫോറുമടക്കം 40 റൺസെടുത്ത വൈഭവ് ജനിത് ലിയാനഗെയുടെ പന്തിൽ പുറത്താവുകയായിരുന്നു.