മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റിലെ ഗ്ലാമര്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സിയിലേക്കു രോഹിത് ശര്‍മ തിരിച്ചെത്തി. 2027 സീസണില്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ഇന്ത്യന്‍സ് ഇറങ്ങും.
ഇക്കാര്യം ടീം മാനേജ്മെന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2024 മുതല്‍ ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് വിട്ടിരുന്നു. ഇതോടെയാണ്, അതുവരെ ടീമിനെ നയിക്കുകയും അഞ്ച് ഐപിഎല്‍ കിരീടങ്ങളില്‍ എത്തിക്കുകയും ചെയ്ത രോഹിത് ശര്‍മ നായകസ്ഥാനത്തേക്കു തിരിച്ചെത്തിയത്. മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്കും ഈ നീക്കം ആവേശം പകര്‍ന്നു.
ആറാം തമ്പുരാന്
ഐപിഎല്ലില്‍ ആറാം കിരീടമാണ് മുംബൈ ഇന്ത്യന്‍സിന്റെ ലക്ഷ്യം. ഐപിഎല്‍ കിരീടം ഏറ്റവും കൂടുതല്‍ നേടിയ റിക്കാര്‍ഡ് (5) ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം പങ്കിടുകയാണ് മുംബൈ ഇന്ത്യന്‍സ്. 2013 മുതല്‍ 2023വരെ രോഹിത് ക്യാപ്റ്റനായിരുന്നപ്പോഴായിരുന്നു മുംബൈയുടെ അഞ്ച് കിരീട നേട്ടങ്ങള്‍. 2013, 2015, 2017, 2019, 2020 എഡിഷനുകളിലായിരുന്നു മുംബൈ ഐപിഎല്‍ ചാമ്പ്യന്മാരായത്. 2013ല്‍ ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 കിരീടവും രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ മുംബൈ സ്വന്തമാക്കി.
2024 സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍നിന്നു തിരിച്ചെത്തിയ ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനാക്കിയിരുന്നു. 2024ല്‍ 10-ാം സ്ഥാനവും 2026ല്‍ ഒമ്പതാം സ്ഥാനവുമായിരുന്നു മുംബൈക്ക്. 2025ല്‍ പ്ലേ ഓഫില്‍ പ്രവേശിച്ചു.
പ്ലാന്‍ 2028
ഐപിഎല്ലില്‍ അടുത്ത മെഗാ താരലേലം 2028 എഡിഷനു മുമ്പായാണ് നടക്കുക. അതുവരെ രോഹിത് ടീമിനെ നയിക്കുമെന്നു പ്രതീക്ഷിക്കാം. പ്രത്യേകിച്ച്, സൂര്യകുമാര്‍ യാദവിനെ ഇത്തവണ ക്യാപ്റ്റന്‍സിയിലേക്കു പരിഗണിക്കാതിരുന്ന പശ്ചാത്തലത്തില്‍.
2026 ഐപിഎല്‍ ലേലം ഡിസംബര്‍ 16നു ഗോവയില്‍ നടക്കും. 10 ടീമുകളിലുമായി 66 ഒഴിവുകളിലേക്കാണ് ലേലം നടക്കുക. ഡിസംബര്‍ ആദ്യം അന്തിമ ലേലപ്പട്ടിക പുറത്തിറങ്ങും. 2027 മാര്‍ച്ച് 10 മുതല്‍ മേയ് 15വരെയാണ് ഐപിഎല്‍ പോരാട്ടം.