ഭുവനേശ്വർ: ആറു രാജ്യങ്ങൾ പങ്കെടുക്കുന്ന BIMSTEC അത്ലറ്റിക് മീറ്റിൽ വനിതകളുടെ ലോംഗ്ജംപിൽ 6.21 മീറ്റർ ദൂരം താണ്ടി മലയാളിതാരം ഡി. ഷീബ ഇന്ത്യക്കായി സ്വർണം സ്വന്തമാക്കി.
ചങ്ങനാശേരി അസംപ്ഷൻ കോളജ് ഓട്ടോണമസിലെ മൂന്നാം വർഷ ബിഎ ഇക്കണോമിക്സ് വിദ്യാർഥിയാണ് ഷീബ. തിരുവനന്തപുരം സ്വദേശിനിയായ ഷീബ ദേശീയ-അന്തർദേശീയ വേദികളിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ അത്ലറ്റിക്സിലെ ശ്രദ്ധേയമായ യുവതാരമായി മാറിക്കൊണ്ടിരിക്കുകയാണ്.
ജയ്പുരിൽ നടന്ന ആറാമത് ഇന്ത്യൻ ഓപ്പൺ അണ്ടർ-23 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ലോംഗ്ജംപിൽ 6.29 മീറ്റർ ചാടി ഷീബ സ്വർണം നേടിയിരുന്നു. ഷീബയുടെ മികച്ച പ്രകടനം ഇതാണ്. കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിലെ ബൈജു ജോസഫ് ആണ് പരിശീലകൻ. തിരുവനന്തപുരം പുതിയതുറ, ഉരയിക്കുന്നുപുരയിടം സ്റ്റീഫൻ-ഡയാന ദമ്പതികളുടെ മകളാണ്.